തിരുവനന്തപുരം: ഒഎൻവി പുരസ്‌കാരത്തിന് തമിഴ് കവി വൈരമുത്തുവിനെ തെരഞ്ഞെടുത്തതിൽ രൂക്ഷ വിമർശനമുയര്‍ന്നതിന് പിന്നാലെ തീരുമാനം പുനപരിശോധിക്കാനൊരുങ്ങുന്നു. പുരസ്‌കാര നിര്‍ണയ സമിതിയുടെ നിര്‍ദേശപ്രകാരമാണ് നടപടിയെന്ന് ഒഎൻവി കൾച്ചറൽ അക്കാദമി ചെയർമാൻ അടൂർ ഗോപാലകൃഷ്ണൻ അറിയിച്ചു. വൈരമുത്തുവിനെതിരെ നേരത്തെ മീടു ആരോപണങ്ങള്‍ അടക്കം ഉയര്‍ന്നിരുന്നു.
മുൻകാലങ്ങളിൽ എം.ടി, സുഗതകുമാരി, അക്കിത്തം, ലീലാവതി എന്നിവരെ പോലുള്ള പ്രതിഭകള്‍ക്ക് നല്‍കിയ അംഗീകാരം ലൈംഗികാരോപണക്കേസിൽ ഉൾപ്പെട്ട ഒരാൾക്ക് നൽകുന്നതിനെ അപലപിക്കുന്നുവെന്നാണ് വനിത ചലച്ചിത്ര പ്രവർത്തകരുടെ സംഘടനയായ ഡബ്ല്യുസിസി നേരത്തെ കുറിപ്പിലൂടെ ചൂണ്ടിക്കാട്ടിയത്. കെ.ആര്‍ മീര, നടി പാര്‍വതി തിരുവോത്ത് എന്നിവരും തീരുമാനത്തില്‍ പ്രതിഷേധമറിയിച്ച് രംഗത്തെത്തിയിരുന്നു. തമിഴ് കവിയും ഗാനരചയിതാവും നോവലിസ്റ്റുമാണ് വൈരമുത്തു.
Also read: 'കല പീഡനങ്ങൾക്കുള്ള മറയാകരുത്'; ഒ.എന്‍.വി പുരസ്കാരം വൈരമുത്തുവിന് നല്‍കുന്നതില്‍ ഡബ്ല്യു.സി.സി