മാലിക്കിന്‍റെ കഥയെ കുറിച്ചുള്ള ചർച്ചകൾ ചൂട് പിടിക്കുമ്പോഴും ചിത്രത്തിന്‍റെ മേക്കിങ് വീഡിയോയും മറ്റ് ചിത്രീകരണവിശേഷങ്ങളും അറിയാൻ പ്രേക്ഷകരും ആകാംക്ഷയിലാണ്. ഇപ്പോഴിതാ, മാലിക് സെറ്റില്‍ നിന്നുമെടുത്ത ഒരു 'കുടുംബനൃത്ത'ത്തിന്‍റെ വീഡിയോയാണ് നിമിഷ സജയനും വിനയ് ഫോര്‍ട്ടും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.
ചിത്രീകരണത്തിന്‍റെ ഇടവേളയിൽ നായിക റോസ്‌ലിനും കുടുംബവും ഒരുമിച്ചുള്ള ഒരു ഡാൻസ് രംഗമാണ് വീഡിയോയിലുള്ളത്. നിമിഷക്കും വിനയ് ഫോർട്ടിനുമൊപ്പം ഇരുവരുടെയും മാതാപിതാക്കളായി അഭിനയിച്ച മാല പാർവതിയും ആർജെ മുരുകനും ചേർന്ന് നൃത്തം ചെയ്യുന്നത് വീഡിയോയിൽ കാണാം.
More Read: വീണ്ടും അച്ഛന്‍റെ വേഷത്തിൽ ചന്തു; മാലിക്കിൽ മൂസാക്കയായി
വണ്‍, ടു, ത്രീ എന്ന് പറഞ്ഞ് നാലുപേരും ഡാൻസ് ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലും വൈറലായിക്കഴിഞ്ഞു. ഫാമിലി, കുടുംബനൃത്തം എന്നീ ഹാഷ് ടാഗുകളോടെയാണ് താരങ്ങൾ വീഡിയോ പങ്കുവച്ചത്.
അനു സിതാര, ഗൗരി നന്ദ തുടങ്ങിയ താരങ്ങൾ വിനയ് ഫോർട്ടിന്‍റെ പോസ്റ്റിന് കമന്‍റുമായെത്തി. കുമ്പളങ്ങി നൈറ്റ്‌സിലെ പാട്ട് കൂടി ഉൾപ്പെടുത്തി നിമിഷ പങ്കുവച്ച എഡിറ്റഡ് വീഡിയോക്കാകട്ടെ അപർണ ഗോപിനാഥ്, റോഷൻ മാത്യു, ലെന എന്നീ താരങ്ങളും പ്രതികരിച്ചു.