"സാറ്റലൈറ്റ് വാല്യു ഇല്ലാത്ത, കുറെ നാളായി മലയാളത്തില്‍ സിനിമ ചെയ്യാത്ത നടന്‍," ഇത്തരമൊരു സാഹചര്യത്തിൽ വിശ്വസിച്ചൊരു സിനിമ ചെയ്‌ത നിർമാതാവിനും നവാഗതനായ സംവിധായകനും ഒപ്പം നിന്ന സുഹൃത്തുക്കള്‍ക്കും നന്ദി അറിയിക്കുകയാണ് നടൻ നീരജ് മാധവ്. കൂടാതെ, സിനിമയെ സ്വീകരിച്ച പ്രേക്ഷകർക്കും നീരജ് മാധവ് നന്ദി കുറിച്ചു. കഴിഞ്ഞ ദിവസം തിയേറ്ററിലെത്തിയ നീരജ് മാധവ് 'ഗൗതമന്‍റെ രഥം' തിയേറ്ററിൽ കണ്ടതിന് ശേഷം സംവിധായകന്‍ ആനന്ദ് മേനോനെ കെട്ടിപ്പിടിച്ച് കരയുന്ന വീഡിയോ പങ്കുവെച്ചുകൊണ്ട് താരം ഫേസ്‌ബുക്കിൽ കുറിച്ച വാക്കുകളാണിത്.
"സാറ്റലൈറ്റ് വാല്യു ഇല്ലാത്ത, കുറെ നാളായി മലയാളത്തില്‍ സിനിമ ചെയ്യാത്ത നടന്‍, ആദ്യ സിനിമ ചെയ്യുന്ന പുതിയ സംവിധായാകന്‍, വിശ്വസിച്ചു കാശിറക്കിയ നിര്‍മാതാവ്, കട്ടയ്ക്ക് കൂടെ നിന്ന കുറച്ചു സുഹൃത്തുക്കള്‍! ഇന്നലെ വെള്ളിയാഴ്ച്ച ദിവസം ഞങ്ങളുടെ സിനിമയുടെ വിധിയും കാത്ത് തിയേറ്ററിൽ ഏറ്റവും പിറകിലെ നിരയിൽ ഞങ്ങളെല്ലാവരും ഒരുമിച്ചുണ്ടായിരുന്നു. തീരാക്കഥ എന്ന ഗാനത്തിൽ പടം തീർന്നു. എൻഡ് ക്രഡിറ്റ്സ് തുടങ്ങിയപ്പോൾ നിലയ്ക്കാത്ത കയ്യടി. സത്യം പറഞ്ഞാ കണ്ണു നിറഞ്ഞുപോയി, നല്ല സിനിമയെ കൈവിടാത്ത പ്രേക്ഷകരും കൂടെയുണ്ടെന്നറിഞ്ഞ വല്ലാത്ത ഒരു സന്തോഷം! നന്ദി ഒരുപാട് നന്ദി," വികാരാതീതമായ ആ സന്ദർഭത്തെക്കുറിച്ച് നീരജ് എഴുതി. നീരജിനൊപ്പം രഞ്ജി പണിക്കര്‍, ബേസില്‍ ജോസഫ്, ദേവി അജിത്ത്, വത്സല, ബിജു സോപാനം എന്നിവരും പ്രധാന വേഷങ്ങൾ അവകരിപ്പിച്ചിരുന്നു. കിച്ചാപ്പൂസ് എന്‍റര്‍ടെയ്‌ന്‍മെന്‍റ്സിന്‍റെ ബാനറില്‍ ഐ.സി.എല്‍ ഫിന്‍കോര്‍പ് സി.എം.ഡി കെ.ജി അനില്‍കുമാറാണ് ചിത്രം നിര്‍മിച്ചിത്. മികച്ച പ്രതികരണത്തോടെ തിയേറ്ററുകളിൽ മുന്നേറുകയാണ് നനോ കാറിന്‍റെ പ്രമേയത്തിൽ പുറത്തിറങ്ങിയ ഗൗതമന്‍റെ രഥം.