കവിതയ്ക്കു ചേരുന്ന സംഗീതം മലയാളസിനിമയിലേക്ക് പകർന്നു തന്ന കലാകാരന്‍റെ ഓർമകൾ ഒരു ദശാബ്‌ദം പൂർത്തിയാക്കുന്നു. ആകാശവാണിയിലൂടെ ഹൃദയം കവർന്ന് ഗായകനായും പിന്നീട് സംഗീത സംവിധായകനായും ആസ്വാദകനെ കീഴടക്കിയ എം.ജി രാധാകൃഷ്‌ണൻ പത്ത് വർഷങ്ങൾക്ക് മുമ്പ് ഇതേ ദിവസമാണ് യാത്രയായത്. മലയാളത്തനിമ നിറഞ്ഞ ഗാനങ്ങൾ മാത്രമല്ല അദ്ദേഹത്തിന്‍റെ സംഭാവന, കെ.എസ് ചിത്രയെന്ന അതുല്യകലാകാരി എം.ജിയുടെ കണ്ടെത്തലായിരുന്നു.
1940 ഓഗസ്റ്റ് എട്ടിന് ഹരിപ്പാട് പിലാപ്പുഴ മേടയില്‍ ജനനം. അച്ഛന്‍ മലബാര്‍ ഗോപാലന്‍ നായര്‍ സംഗീത സംവിധായകനും ഹാര്‍മോണിസ്റ്റുമായിരുന്നു. അധ്യാപികയായിരുന്നു അമ്മ കമലാക്ഷിയമ്മ. ഹരിപ്പാട് ബോയ്‌സ് ഹൈസ്‌കൂളിലെ പഠനത്തിന് ശേഷം ആലപ്പുഴ എസ്‌ഡി കോളജില്‍ പ്രീഡിഗ്രിക്ക് ചേർന്നു. തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീത അക്കാദമിയില്‍ നിന്നു ഗാനഭൂഷണം സ്വന്തമാക്കി. യേശുദാസ്, തിരുവിഴ ജയശങ്കര്‍, നെയ്യാറ്റിന്‍കര വാസുദേവന്‍ എന്നിവര്‍ എം.ജിയുടെ സഹപാഠികളായിരുന്നു. 1962ല്‍ ആകാശവാണിയില്‍ പ്രവർത്തനം ആരംഭിച്ചു. ആകാശവാണിയിലെ ലളിതസംഗീതപാഠം ജനകീയമാക്കുന്നതിൽ നിർണായക പങ്കു വഹിച്ചു. കാവാലം നാരായണപ്പണിക്കരുമായി ചേർന്ന് നിരവധി ലളിതഗാനങ്ങൾ ആകാശവാണിക്കു വേണ്ടി ചിട്ടപ്പെടുത്തി. "ഘനശ്യാമസന്ധ്യാഹൃദയം നിറയെ മുഴങ്ങീ", "ഓടക്കുഴല്‍വിളി ഒഴുകിയൊഴുകി വരും ഒരു ദ്വാപരയുഗസന്ധ്യയില്‍" എന്നീ ഗാനങ്ങൾ അവയിൽ ചിലതാണ്. സിനിമാഗാനങ്ങളെയും മറികടന്ന് ആസ്വദിപ്പിച്ച കുറേ ലളിത ഗാനങ്ങൾ, പാട്ടിന്‍റെ തോഴനിൽ നിന്നും ലഭിച്ചു. അങ്ങനെ, ലളിതസംഗീതത്തെ ജനകീയമാക്കിയതിൽ മുഖ്യപങ്ക് വഹിച്ച സംഗീതസംവിധായകൻ എന്ന കീർത്തിയും എം.ജിക്ക് സ്വന്തം.
"ഒരു മാത്ര ഞാനൊന്നു കണ്ടേയുളളു..." എന്ന ഗാനത്തിന്‍റെ രചന ഈയടുത്തിടെ അന്തരിച്ച, എംജിയുടെ ഭാര്യ പത്‌മജയുടേതാണ്. എം.ജിയുടെ സംഗീതസംവിധാനത്തില്‍ ആകാശവാണി ഇത് പ്രക്ഷേപണം ചെയ്‌തിട്ടുണ്ട്. 1969ല്‍ കള്ളിച്ചെല്ലമ്മയിലെ ഗാനത്തിലൂടെ സിനിമയിലെ പിന്നണി ഗായകനായി എം.ജി രാധാകൃഷ്‌ണൻ തുടക്കം കുറിച്ചു. കെ. രാഘവന്‍ മാസ്റ്റര്‍ ഈണം നല്‍കിയ "ഉണ്ണി ഗണപതിയെ" എന്ന ഗാനമായിരുന്നു അദ്ദേഹം ആലപിച്ചത്. ശരശയ്യ, നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി ചിത്രങ്ങളിലെ ഗാനാലാപനവും ശ്രദ്ധിക്കപ്പെട്ടു. അരവിന്ദന്‍റെ തമ്പിലൂടെ സംഗീത സംവിധായകനായി അറിയപ്പെടാൻ തുടങ്ങി. കാവാലമാണ് തമ്പിലെ വരികൾ തയ്യാറാക്കിയത്. പിന്നീട് പാട്ടിന്‍റെ ഈ തോഴന്മാർ ചേർന്നാണ് ദൈവത്തെയോർത്ത്, സർവ്വകലാശാല, കണ്ണെഴുതി പൊട്ടും തൊട്ട് ചിത്രങ്ങളിലെ മനോഹരഗാനങ്ങൾ സമ്മാനിച്ചത്.
ചാമരത്തിലെ "നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍…", ജാലകത്തിലെ "ഒരു ദലം മാത്രം…", ഞാന്‍ ഏകനാണ് ചിത്രത്തിലെ "ഓ മൃദുലേ ഹൃദയമുരളിയിലൊഴുകി വാ…", അദ്വൈതത്തിലെ എവർഗ്രീൻ ഹിറ്റ് "അമ്പലപ്പുഴ ഉണ്ണിക്കണ്ണനോടു നീ…", ദേവാസുരത്തിലെ "സൂര്യകിരീടം വീണുടഞ്ഞു…", "വന്ദേ മുകുന്ദ ഹരേ", മണിച്ചിത്രത്താഴിലെ "ഒരു മുറൈ വന്തു പാര്‍ത്തായോ..", "പലവട്ടം പൂക്കാലം വഴിതെറ്റിപ്പോയിട്ടും…", മിഥുനത്തിലെ "ഞാറ്റുവേലക്കിളിയേ…", പ്രജയിലെ "ചന്ദനമണിസന്ധ്യകളുടെ നടയില്‍..", ഞാന്‍ ഏകനാണ് ചിത്രത്തിലെ "തളിരണിയുമ്പോള്‍…" അങ്ങനെ മറക്കാനാവാത്ത ഈണവും നാദവുമായി ഒരുപിടി ഗാനങ്ങൾ എംജിആറിലൂടെ ഇന്നും കേരളക്കരയിൽ ഒഴുകി നടക്കുന്നുണ്ട്. ഭരതൻ ചിത്രം തകരയില്‍ പൂവച്ചല്‍ ഖാദറിന്‍റെ വരികൾക്ക് എംജിആര്‍ ഈണം നൽകി എസ്. ജാനകിയിലൂടെ ഹൃദ്യസ്ഥമായി മാറിയ "പാടിയ മൗനമേ…നിറയും മൗനമേ" എന്ന ഗാനം നിരൂപകപ്രശംസ നേടുകയും ചെയ്‌തു. എം.ജി അവസാനകാലത്ത് സംഗീത സംവിധാനം നിർവഹിച്ച അനന്തഭദ്രത്തിലെ "ശിവമല്ലിക്കാവിൽ..." ഉൾപ്പടെയുള്ള ഗാനങ്ങൾ സൂപ്പര്‍ ഹിറ്റുകളായിരുന്നു.
2001ല്‍ അച്ഛനെയാണെനിക്കിഷ്ടം സിനിയിലെ ഗാനങ്ങൾക്ക് ശേഷം വീണ്ടും മികച്ച സംഗീത സംവിധാനത്തിനുള്ള സംസ്ഥാന പുരസ്‌കാരം അനന്തഭദ്രത്തിലൂടെ അദ്ദേഹം സ്വന്തമാക്കി. സിനിമക്ക് പുറത്തും എം.ജി പാട്ടിന്‍റെ സൗരഭ്യം പകർന്നിട്ടുണ്ട്. നെയ്യാറ്റിൻകര വാസുദേവനൊപ്പം സംഗീത കച്ചേരി വേദികളെയും എം.ജി രാധാകൃഷ്ണന്‍ കീഴ്‌പ്പെടുത്തി. കെ.എസ് ചിത്രയുടെ അഞ്ചാം വയസിലാണ് എം.ജി ആകാശവാണിയിലെ പരിപാടിയിലൂടെ മലയാളിക്ക് ഗാനമാധുരിയെ പരിചയപ്പെടുത്തുന്നത്. ശാസ്ത്രീയസംഗീതവും നാടന്‍സംഗീതവും ഇടകലർത്തി അദ്ദേഹം ചിട്ടപ്പെടുത്തിയ നിത്യഹരിത ഗാനങ്ങൾ എം.ജിയുടെ ഓർമകളെ പുനരുജ്ജീവിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ശുദ്ധസംഗീതത്തിൽ ഭാവാര്‍ദ്രത കലർത്തി അദ്ദേഹം ഒരുക്കിയ സിനിമാ ഗാനങ്ങളും ലളിതഗാനങ്ങളും മലയാളി ഇന്നും മൂളുന്നു, കാലങ്ങൾ നീളുമ്പോഴും മരണമില്ലാതെ എം.ജി രാധാകൃഷ്‌ണന്‍റെ ഓർമകളും.