വിമർശനങ്ങൾക്ക് മറുപടിയാണ് എം.ജി ശ്രീകുമാർ. ഹിസ് ഹൈനസ് അബ്‌ദുള്ളയിലെ 'നാദരൂപിണി' തന്നെക്കൊണ്ട് പാടിക്കേണ്ട എന്ന് പറഞ്ഞവർക്ക് ദേശീയ അവാർഡ് കൊണ്ട് മറുപടി നൽകുകയായിരുന്നു അദ്ദേഹം. മെലഡിയും ക്ലാസിക് ഗാനങ്ങളും ഫാസ്റ്റ് ഗാനങ്ങളും അനായാസമാണെന്ന് തെളിയിച്ച മലയാളത്തിന്‍റെ ജനപ്രിയഗായകൻ എം.ജി ശ്രീകുമാറിന്‍റെ 64-ാം ജന്മദിനമാണിന്ന്.
സംഗീത പാരമ്പര്യമുള്ള കുടുംബത്തിലാണ് എം.ജി ശ്രീകുമാർ ജനിച്ചത്. പിതാവ് പ്രശസ്ത സംഗീതഞ്ജനായ മലബാര്‍ ഗോപാലന്‍ . ഹരികഥാ കലാകാരിയായ കമലാക്ഷിയമ്മയാണ് അമ്മ. മലയാള സിനിയിലെ പ്രമുഖ സംഗീതജ്ഞരായ എം.ജി രാധാകൃഷ്ണനും കെ.ഓമനക്കുട്ടിയുമാണ് സഹോദരങ്ങൾ.
എന്നാൽ, ഇവരാരുടെയും പെരുമ എം.ജി ശ്രീകുമാറിന്‍റെ വിജയയാത്രയുടെ ഘടകങ്ങളായിരുന്നില്ല. ജലദോഷമായിരുന്നോ നാദരൂപിണി പാടുമ്പോൾ എന്നാണ് സംഗീത നിരൂപകർ ഉൾപ്പെടെ ചോദിച്ചത്. സംഗീതത്തിന് വലിയ പ്രാധാന്യമുള്ള ചിത്രത്തിലെ ഗാനം ആരെക്കൊണ്ട് പാടിക്കണം എന്നതില്‍ തീരുമാനം റെക്കോഡിങ്ങിന്‍റെ അവസാന നിമിഷം വരെ നീണ്ടു. വളരെ ഉദ്വേഗവും മറ്റ് ഇടപെടലുകളുകൾക്കും ശേഷം അത് എം.ജി ശ്രീകുമാറിലെത്തി. എന്നാൽ, റെക്കോഡിങ്ങിന് മുമ്പ് താൻ കരഞ്ഞിരുന്നുവെന്നും റെക്കോഡിങ് സമയത്തെ ആശങ്കയാണ് ഇതിന് കാരണമെന്നും എം.ജി ശ്രീകുമാർ തന്നെ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.
യേശുദാസിനെയും ജയചന്ദ്രനെയും പോലെ ഗാംഭീര്യമുള്ള ശബ്‌ദമില്ലാത്തതിനാൽ തന്നെ തന്‍റെ കനം കുറഞ്ഞ സ്വരത്തെ സംഗീതലോകം എങ്ങനെ സ്വീകരിക്കുമെന്ന് അദ്ദേഹത്തിന് ആശങ്കയില്ലായിരുന്നു. "അംഗീകാരം അൽപം വൈകിയായിരിക്കും, എന്നാലും മറ്റുള്ളവരുടെ ശബ്‌ദം അനുകരിക്കാതിരിക്കുക," എന്ന വിശ്വാസമാണ് മലയാളത്തിന്‍റെ പ്രിയപ്പെട്ട സ്വരങ്ങളിലേക്ക് എം.ജിയേയും വളർത്തിയത്. അതുതന്നെയാണ് പിന്നാലെ വന്ന ഗായകരോടും അദ്ദേഹത്തിന് പറയാനുള്ളത്.
മലയാളത്തിലെ സൂപ്പർതാരമായി മോഹൻലാൽ വളരുമ്പോൾ എം.ജി ശ്രീകുമാർ എന്ന ഗായകന്‍റെ ഗാനങ്ങളും അവയിൽ നിർണായകമാണ്. റൊമാൻസോ എൻട്രി സോങോ ഫാസ്റ്റ് നമ്പറോ വിരഹഗാനമോ... അങ്ങനെ മോഹൻലാലിന്‍റെ ശബ്‌ദവും എം.ജിയുടെ സ്വരവും തമ്മിൽ വിഘടിപ്പാക്കാനാവാത്ത സാമ്യം അനുഭവപ്പെട്ടു.
Also Read: നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍… എം.ജിയും ഈണവും; ഓർമക്ക് ഒരു പതിറ്റാണ്ട്
ഗായകനായി പേരെടുക്കുമ്പോൾ തന്നെ സംഗീതസംവിധാനത്തിലേക്കും തിരിഞ്ഞു. പെരുമ്പാവൂർ ജി. രവീന്ദ്രനാഥുമായി ചേർന്ന് താണ്ഡവം എന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം നൽകി. "ഹിമഗിരി നിരകള്‍ പൊന്‍തുടികളിലിളകി..." എന്ന ഗാനം ഗായകനായും എം.ജിക്ക് പ്രശംസ നേടിക്കൊടുത്തു. വളരെ പ്രയാസമേറിയതും മലയാള സിനിമയിൽ വിരളമായി ഉപയോഗിക്കുന്നതുമായ സാരമതി എന്ന രാഗമായിരുന്നു ഹിമഗിരി നിരകളിലുണ്ടായിരുന്നത്. അതിനാൽ തന്നെ സംഗീതനിരൂപകരും ആസ്വാദകരുമെല്ലാം ആലാപനത്തിന് ദേശീയ അവാർഡിൽ കുറഞ്ഞതൊന്നും പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ, വാസന്തിയും ലക്ഷ്‌മിയും പിന്നെ ഞാനും ചിത്രത്തിലെ "ചാന്തുപൊട്ടും ചങ്കേലസ്സും" ഗാനത്തിനാണ് അദ്ദേഹത്തിന് വീണ്ടും ദേശീയ അവാർഡ് ലഭിച്ചത്.
സേതുമാധവനൊപ്പം മലയാളം കണ്ണീർ പൊഴിച്ച "കണ്ണീർപ്പൂവിന്‍റെ കവിളിൽ തലോടി", വടക്കുനോക്കിയന്ത്രത്തിലെ "മായാമയൂരം പീലിവീശിയോ", കിലുക്കത്തിലെ "കിലുകിൽ പമ്പരം", തുടർക്കഥയിലെ "ആതിരവരവായി" തുടങ്ങിയ ഗാനങ്ങളിലൂടെ മൂന്ന് തവണ കേരള സംസ്ഥാന പുരസ്‌കാരവും സ്വന്തമാക്കി. സിനിമാഗാനങ്ങൾക്ക് പുറമെ എം.ജി ശ്രീകുമാറിന്‍റെ അയ്യപ്പഭക്തിഗാനങ്ങളും ക്രിസ്‌ത്യൻ ഗാനങ്ങളും വലിയ ജനപ്രീയത നേടിയിട്ടുണ്ട്.
മലയാളത്തിൽ മാത്രമല്ല, ദിൽ സേ ചിത്രത്തിലെ ''ജിയാ ചലേ", മണിച്ചിത്രത്താഴിന്‍റെ ഹിന്ദി റീമേക്ക് ഭൂൽ ഭുലയ്യയിലെ ഗാനവുമെല്ലാം എംജി ശ്രീകുമാർ ആലപിച്ച ഹിന്ദി ഹിറ്റ് ഗാനങ്ങളാണ്. എ.ആർ റഹ്‌മാൻ ഉൾപ്പെടെയുള്ള സംഗീതജ്ഞരുടെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെ ഗാനങ്ങളിലും ഗായകന്‍റെ ശബ്‌ദം പതിഞ്ഞിട്ടുണ്ട്. മലയാളം സ്നേഹത്തോടെ ചിരിക്കുട്ടനെന്നും ശ്രീക്കുട്ടനെന്നും വിളിക്കുന്ന കലാകാരൻ ഇതുവരെ 20,000ലധികം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. കെഎംജി മ്യൂസിക്സ് എന്ന പേരിൽ മ്യൂസിക് കമ്പനിയും തിരുവനന്തപുരത്ത് സരിഗമ സ്‌കൂൾ ഓഫ് മ്യൂസിക് എന്ന സ്ഥാപനവും അദ്ദേഹത്തിന്‍റെ ഉടമസ്ഥതയിലുള്ളതാണ്.
അനുകരണമല്ല സംഗീതമെന്നും സ്വതസിദ്ധമായ ശൈലിയും കലയോടുള്ള ആത്മസമർപ്പണവുമാണ് വിജയത്തിന്‍റെ പടവുകളെന്നും എം.ജിയുടെ സ്വരം പറഞ്ഞുതരും. പാട്ടിലെ വൈവിധ്യം, ആലാപനത്തിലെ ചടുലത, താളങ്ങളുടെയും രാഗങ്ങളുടെയും പുതിയ നിർവചനങ്ങൾ കൂടിയാണ് എം.ജി ശ്രീകുമാറും അദ്ദേഹത്തിന്‍റെ പാട്ടുകളും. കേട്ട് ആസ്വദിക്കാനും പാട്ടിനൊപ്പം ചുവട് വക്കാനും മലയാളം കാതോർക്കുകയാണ്, എം.ജി ശ്രീകുമാറിന്‍റെ ഇനിയും കുറേ ഗാനങ്ങൾക്കായി.