എറണാകുളം: കൊവിഡ് കാലത്ത് സ്തംഭിച്ച സിനിമ മേഖല അതിന്‍റെ പരിമിതികളിൽ നിന്ന് കൊണ്ട് നിരവധി പരീക്ഷണങ്ങള്‍ നടത്തുകയാണ് ഇപ്പോള്‍. അത്തരത്തിൽ മലയാളത്തിൽ ഒരുങ്ങുന്ന ഒരു പരീക്ഷണ ചിത്രമാണ് ടോൾ ഫ്രീ 1600-600-60. സജീവൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ടി.അരുൺ കുമാറും സുനിൽ ഗോപാലകൃഷ്ണനും ചേർന്നാണ്.
96 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിൽ ഒരേയൊരു കഥാപാത്രമാണുള്ളത്. പുതുമുഖ നായകൻ അരുൺ ആണ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജീവിതത്തിലെ ഒരു പ്രധാന തീരുമാനം നടപ്പാക്കാനായി ഹോട്ടലിൽ റൂമെടുത്തിരിക്കുന്ന ഒരാളും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമ പറയുന്നത്. ഒരു മുറിമാത്രമാണ് സിനിമയുടെ ലൊക്കേഷന്‍. ഒരുപാട് വെല്ലുവിളികള്‍ നേരിട്ടുകൊണ്ടാണ് സിനിമ ഒരുക്കിയതെന്നും ഒരൊറ്റ കഥാപാത്രമായതിനാൽ പ്രേക്ഷകരെ ഒന്നര മണിക്കൂർ സ്ക്രീനിന് മുന്നിൽ പിടിച്ചിരുത്തുക എന്നത് ശ്രമകരമാണെന്നും സംവിധായകൻ പറയുന്നു.
ഇപ്പോൾ സിനിമയുടെ സെൻസറിങ് ജോലികൾ നടക്കുകയാണ്. പത്ത് ദിവസമായിരുന്നു സിനിമയുടെ ഷൂട്ടിങ്. ചിത്രീകരണത്തിനായി ഒരു സ്കൂളിനുള്ളിലാണ് ഒരു ഹോട്ടൽ മുറിയുടെ സെറ്റ് ഇട്ടത്. കൊവിഡ് പ്രോട്ടോകോളുകൾ പാലിച്ച് മൊത്തത്തിൽ 16 പേർ മാത്രമാണ് ചിത്രീകരണ സംഘത്തിൽ ഉണ്ടായിരുന്നത്. കച്ചവട സിനിമയല്ലാത്തതിനാൽ സാഹചര്യങ്ങൾക്ക് അനുസരിച്ചാകും സിനിമയുടെ റിലീസ്. ഒരു എക്‌സ്‌പിരിമെന്‍റ് ത്രില്ലർ ജോണറിൽ ഒരുങ്ങുന്ന ചിത്രം പ്രേക്ഷകർ ഏറ്റെടുക്കും എന്ന പ്രതീക്ഷയിലാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍.