പത്തനംതിട്ട: ഇന്ത്യന്‍ സിനിമ ചരിത്രത്തിലെ എക്കാലത്തെയും മികച്ച അഭിനേതാക്കളില്‍ ഒരാള്‍... അഭിനയ ജീവിതത്തിന്‍റെ അത്യുന്നതങ്ങളില്‍ നില്‍ക്കുമ്പോള്‍ പൊടുന്നനെ വിടപറഞ്ഞ മലയാള സിനിമയുടെ സ്വന്തം സത്യന്‍.... ആസ്വാദക മനസ് കീഴടക്കാന്‍ കലര്‍പ്പില്ലാത്ത അഭിനയ ശൈലി മാത്രമേ വേണ്ടൂവെന്ന് തെളിയിച്ച അദ്ദേഹത്തിന്‍റെ ഓര്‍മകള്‍ക്ക് അരനൂറ്റാണ്ടാകുമ്പോഴും അദ്ദേഹം അയച്ച കത്ത് ഇന്നും നിധി പോലെ കാത്തുസൂക്ഷിക്കുകയാണ് ഒരു ആരാധകന്‍.
1971.. ഒരു വിദ്യാർഥിയുടെ ഓർമ
അടൂർ സ്വദേശി രാജൻ അനശ്വരയാണ് സത്യന്‍ മാഷിന്‍റെ സ്വന്തം കൈപ്പടയിലുള്ള കത്ത് ഇന്നും കാത്തുസൂക്ഷിക്കുന്നത്. 1971ല്‍ തിരുവനന്തപുരത്ത് നടന്ന പുരസ്‌കാര ചടങ്ങില്‍ സത്യനെ കാണാൻ സ്കൂൾ വിദ്യാർഥിയായിരുന്ന രാജനും പോയിരുന്നു. തിരികെ വന്ന ശേഷം ഇത് സംബന്ധിച്ച് രാജൻ തന്‍റെ ഇഷ്ടതാരത്തിന് മറുപടി പോലും പ്രതീക്ഷിക്കാതെ ഒരു കത്തെഴുതി.
ഒട്ടും പ്രതീക്ഷിക്കാതെ മറുപടിയായി 1971 നവംബർ 30ന് സത്യൻ മാഷ് സ്വന്തം കൈപ്പടയിൽ എഴുതി അയച്ച കത്ത് രാജന് ലഭിക്കുന്നു. സത്യൻ മാഷ് മരിക്കുന്നതിന് ആറുമാസം മുമ്പാണ് രാജനെ തേടി ഈ മറുപടി കത്തെത്തിയത്. 1971 ജൂൺ 15 നാണ് സത്യൻ മാഷ് അന്തരിച്ചത്. തിരുവനന്തപുരത്ത് എത്തി പ്രിയ നടന്‍റെ ഭൗതിക ശരീരം ദർശിച്ച് മടങ്ങിയെത്തിയ ശേഷം രാജൻ അനശ്വര സത്യന്‍റെ കുടുംബത്തിന് ഒരു അനുശോചന കത്തയച്ചു. അതിന് സത്യന്‍റെ കുടുംബം 1971 ജൂൺ 21ന് പോസ്റ്റ് കാർഡിൽ അയച്ച മറുപടി കത്തും അദ്ദേഹം ആദരവോടെ ഇന്നും സൂക്ഷിക്കുന്നു.
ഓർമകൾ അനശ്വരം
1960-1970 കാലഘട്ടങ്ങളിൽ സത്യൻ ചിത്രങ്ങള്‍ കവർ പേജുകളുമായി പ്രസീദ്ധികരിച്ചിരുന്ന ചിത്ര പൗർണ്ണമി, ചിത്ര കൗമുദി തുടങ്ങിയ ചലച്ചിത്ര പ്രസിദ്ധീകരണങ്ങളും രാജൻ അനശ്വരയുടെ ശേഖരത്തിലുണ്ട്. വീട്ടിലെ സ്വീകരണ മുറികളിൽ ഉൾപ്പടെ സത്യന്‍റെ വിവിധ ഭാവങ്ങളിലുള്ള ചിത്രങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. അടൂരിലെ സ്വർണ്ണ വ്യാപാരിയായ രാജന്‍റെ ഓർമകളില്‍ സത്യൻ എന്നും അനശ്വരനാണ്.
സത്യനെ നേരിൽ കാണാനായി വീട്ടുകാരറിയാതെ തിരുവനന്തപുരത്തിന് വണ്ടി കയറിയ പത്താം ക്ലാസുകാരന്‍റെ കഥ വിവരിക്കുമ്പോൾ രാജൻ അനശ്വരയുടെ മുഖത്ത് പത്തരമാറ്റിന്‍റെ തിളക്കമാണ്. സത്യനോടുള്ള ആരാധന പിന്നീട് രാജൻ അനശ്വരയെ സിനിമ സീരിയൽ രംഗത്തും എത്തിച്ചു. സീരിയലുകൾ നിർമിച്ചതിനൊപ്പം ചില സിനിമകളിലും സീരിയലുകളിലും അഭിനയിക്കുകയും ചെയ്‌തു.
തന്‍റെ കയ്യിലുള്ള അപൂർവ ചിത്ര ശേഖരം ഉൾപ്പെടുത്തി ഒരു ആർട്ട് ഗാലറി ആരംഭിക്കുമെന്നും അതിന് മഹാനടൻ സത്യന്‍റെ പേര് നൽകാൻ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.