"കാലമില്ലാതാകുന്നു
ദേശമില്ലാതാകുന്നു
കവിതേ നീയെത്തുമ്പോള്‍
ഞാനുമില്ലാതാകുന്നു,"... കാലത്തിനും ദേശത്തിനും അതീതമാണ് സാഹിത്യം, കവിതക്കാണ് പ്രാധാന്യം കവിയ്‌ക്കല്ലയെന്ന് ഹ്രസ്വമായ വരികളിലൂടെ പറഞ്ഞുവച്ച കുഞ്ഞുണ്ണി മാഷ്. ജപ്പാനിൽ പ്രശസ്തമായ ഹൈകു എന്ന ശൈലിയിലുള്ള കവിതയുടെ മലയാള ഭാഷ്യമാണ് കുഞ്ഞുണ്ണിക്കവിതകൾ. 14 അക്ഷരങ്ങൾ മാത്രമുള്ള ജാപ്പനീസ് ഹൈക്കു പ്രയോഗിക്കണമെങ്കിൽ അഭേദ്യമായ പദസമ്പത്തും അർഥസമ്പുഷ്ടമായ വാക്യങ്ങളും അറിഞ്ഞിരിക്കണം. നാല് വരികളുടെ പരിമിതിക്കുള്ളിൽ നിന്ന് ഫലിതവും വിമർശനവും പരിഹാസവും സമന്വയിപ്പിച്ച് കുഞ്ഞുണ്ണി മാഷ് എഴുതിയ കൊച്ചു കൊച്ചു വലിയ കവിതകൾ മലയാള സാഹിത്യത്തിലെ അപൂർവശാഖയാണ്. മലയാളത്തിലെ ആധുനിക കവികളിലൊരാളായ അതിയാരത്ത് കുഞ്ഞുണ്ണിനായർ, കുഞ്ഞുങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞുണ്ണിമാഷിന്‍റെ 94-ാം ജന്മദിനവാർഷികമാണിന്ന്.
1927 മേയ് 10ന് തൃശൂർ ജില്ലയിലെ വലപ്പാട് ജനിച്ചു. കുഞ്ചൻ നമ്പ്യാരുടെ ആരാധകനായിരുന്നതിനാൽ കുട്ടിക്കാലം മുതൽ അദ്ദേഹം വായിച്ചു പഠിച്ചതിൽ ഏറെയും കുഞ്ചൻ നമ്പ്യാരുടെ തുള്ളൽ കൃതികളായിരുന്നു. സ്കൂൾ പഠനകാലത്ത് തുള്ളൽക്കഥകൾ എഴുതി സ്വയം അവതരിപ്പിക്കുകയും ചെയ്തു. പത്താം തരം കഴിഞ്ഞ് യുഗപ്രപഞ്ചം എന്ന തുള്ളലെഴുതി കവിയായി പേരെടുത്തു തുടങ്ങി. കോഴിക്കോട് അധ്യാപകനായും തൃശൂരിലെ സാമൂഹ്യ-സാംസ്കാരിക പ്രവർത്തനങ്ങളിലും സജീവമായിരുന്നു.
വാച്യമായ നർമ ബോധവും ആഴത്തിലുള്ള ആശയ ചാരുതയും ദാർശനിക മേമ്പൊടികളും ചേർത്ത് കുഞ്ഞുണ്ണി മാഷ് എഴുതിയ ഈരടികളും നാലുവരികളും കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ടതായിരുന്നു.
Also Read: 'ആടുജീവിതത്തിലെ ചില ഭാഗങ്ങള്‍ മക്കയിലേക്കുള്ള പാതയിലേത്'; സാഹിത്യ ചോരണാരോപണം
"ആയീഠായി മിഠായി. തിന്നുമ്പോഴെന്തിഷ്ടായി. തിന്നുകഴിഞ്ഞാല്‍ കഷ്ടായി.." സരളവും ലളിതവുമായ കാവ്യശൈലി കാലാനുവർത്തിയായ സാഹിത്യസംഭാവനകളാണ്. മുതിർന്നവർക്ക് ഉപദേശമായിരുന്നു കുഞ്ഞുണ്ണിയുടെ കവിതകളെങ്കിൽ കുട്ടികൾക്ക് അത് ലാളിത്യത്തോടെയുള്ള അറിവുകളായിരുന്നു. വിത്തും മുത്തും, കുട്ടിപ്പെൻസിൽ, കുട്ടികൾ പാടുന്നു, അക്ഷരത്തെറ്റ്, മുത്തുമണി, കുഞ്ഞുണ്ണി രാമായണം, നടത്തം, കലികാലം... കുഞ്ഞുണ്ണിയുടെ അക്ഷരക്കളരിയിലെ ഒരോ കവിതകളിലും അനശ്വരമായ സൗന്ദര്യവും ആശയവും ദർശിക്കാനാകും.
"വായിച്ചാലും വളരും
വായിച്ചില്ലേലും വളരും
വായിച്ചു വളർന്നാൽ വിളയും
വായിക്കാതെ വളർന്നാൽ വളയും" വായനയുടെ പ്രാധാന്യത്തെ ഇത്രയേറെ സരസമായി വ്യക്തമാക്കിയ മറ്റൊരു സാഹിത്യകാരനുണ്ടാവില്ല. ചെറുപ്പത്തിൽ കമ്മ്യൂണിസ്റ്റ് അനുഭാവിയായിരുന്നുവെങ്കിലും പൊതുവേദികളിൽ കക്ഷി രാഷ്‌ട്രീയത്തിന്‍റെ പ്രസംഗങ്ങളൊന്നും അദ്ദേഹം നടത്തിയിട്ടില്ല. "നക്സലൈറ്റുപോലുമിക്കേരളനാട്ടിൽക്കഷ്ടം എക്സ്ലൈറ്റായ്ത്തീർന്നിരിക്കുന്നു" എന്നു ചൊല്ലിയത് കുഞ്ഞുണ്ണി മാഷാണ്. ഗദ്യസാഹിത്യത്തിൽ ബഷീറായിരുന്നു മലയാളിയുടെ പ്രിയങ്കരനെങ്കിൽ പദ്യത്തിൽ ആ സ്ഥാനം കുഞ്ഞുണ്ണി മാഷിനാണ്.
"മുട്ടായിക്ക് ബുദ്ധിവച്ചാൽ ബുദ്ധിമുട്ടായി, മത്തായിക്ക് ശക്തി വച്ചാൽ ശക്തിമത്തായി", "പൊക്കമില്ലായ്മയാണെന്‍റെ പൊക്കം", "ഓർക്കേണ്ടത് മറക്കരുത്, മറക്കേണ്ടത് ഓർക്കരുത്", "ഒരു തീപ്പെട്ടിക്കൊള്ളി തരു കൂടു തരൂ ഒരു ബീഡിതരു വിരലു തരൂ ചുണ്ടു തരു ഞാനൊരു ബീഡി വലിച്ചു രസിക്കട്ടെ"... ദഹിക്കാൻ പണിപ്പെടേണ്ടതൊന്നും കുഞ്ഞുണ്ണി ഫലിതങ്ങളിലുമില്ലായിരുന്നു.
മഹാകവികൾ ആസ്വാദകനിൽ നിന്ന് മാറിനിന്ന് കാവ്യങ്ങളെഴുതിയപ്പോൾ വലിയ അർഥങ്ങളുള്ള കുഞ്ഞു കവിതകളെ കൈവിടാൻ അദ്ദേഹം തയ്യാറായിരുന്നില്ല. കുഞ്ഞുണ്ണി ഉണ്ടെങ്കിലും കുഞ്ഞുണ്ണി ഇല്ലെങ്കിലും എന്നും ലോകം ഇങ്ങനെ തന്നെയുണ്ടാകുമെന്ന് കവിക്ക് ബോധ്യമുണ്ടായിരുന്നു. കവിയായി മാത്രമല്ല, കുഞ്ഞുകൂട്ടുകാരുടെ പ്രിയപ്പെട്ട മാഷായും നാടോടിചിത്രരചനയിലൂടെ ചിത്രകാരനായും അദ്ദേഹം സാംസ്കാരിക മേഖലക്ക് വലിയ മുതൽക്കൂട്ടായിരുന്നു. 25 കവിതാസമാഹാരങ്ങൾക്ക് പുറമെ എന്നിലൂടെ എന്ന പേരിൽ ഒരു ആത്മകഥയും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. കമൽ സംവിധാനം ചെയ്ത ഭൂമിഗീതം എന്ന ചിത്രത്തിലും കുഞ്ഞുണ്ണി മാഷ് സാന്നിധ്യമറിയിച്ചു.
വലിയൊരു ലോകം നന്നാകാൻ ചെറിയൊരു സൂത്രം ചെവിയിലോതാം ഞാൻ, സ്വയം നന്നാവുകയെന്നാണ് കുഞ്ഞുണ്ണി മാഷ് വിശ്വസിച്ചിരുന്നത്. "എനിക്കുണ്ടൊരു ലോകം, നിനക്കുണ്ടൊരു ലോകം, നമുക്കില്ലൊരുലോകം!" പഠന വിധേയമാക്കേണ്ട വിഷയം തന്നെയാണ് ഓരോ കുഞ്ഞുണ്ണിക്കവിതകളും. ചെറിയ വരികളിൽ വലിയ ആശയങ്ങൾ കോർത്തുവച്ച കാവ്യമാല... 15 വർഷങ്ങളും കടന്നുപോയി കുഞ്ഞുണ്ണിമാഷില്ലാത്ത സാഹിത്യലോകത്ത്. അദ്ദേഹം തുടങ്ങിവച്ച ഹ്രസ്വകാവ്യശൈലിയ്ക്ക് മലയാളത്തിൽ പിൻഗാമികളില്ലെന്നത് വാസ്തവം. എങ്കിലും ആശയസമ്പുഷ്ടമായ കാവ്യശകലങ്ങളുമായി ഒരു നവയുഗം പിറക്കുകയാണെങ്കിൽ കുഞ്ഞുണ്ണി മാഷ് പറഞ്ഞുവച്ചതിന്‍റെ ബാക്കിയായി ഇനി പിന്തുടരാം.
" കുഞ്ഞുണ്ണിക്കൊരു മോഹം
എന്നും കുഞ്ഞായിട്ടു രമിക്കാൻ
കുഞ്ഞുങ്ങൾക്കു രസിച്ചീടുന്നൊരു
കവിയായിട്ടു മരിക്കാൻ"
ഇനിയും എഴുതി തീരാത്ത ഒരായിരം കുഞ്ഞുവലിയ കവിതകളുടെ രചയിതാവിന് ഓർമപൂക്കൾ..