വ്യഗ്രതയല്ല, ജാഗ്രതയാണ് വേണ്ടത്. കേരളാപൊലീസിന്‍റെ കൊവിഡ് 19 പ്രതിരോധത്തിനുള്ള പുതിയ വീഡിയോ നൽകുന്ന ആശയം ഇതാണ്. അയ്യപ്പനും കോശിയും ചിത്രത്തിലെ നഞ്ചമ്മയുടെ ഗാനത്തിന്‍റെ നൃത്തരംഗത്തിലൂടെ സോപ്പുപയോഗിച്ച് കൈ കഴുകുന്നതാണ് ആദ്യം അവതരിപ്പിച്ചതെങ്കിൽ ഇത്തവണ സാനിറ്റൈസറുടെ ഉപയോഗവും മാസ്‌ക് ധരിക്കേണ്ടേതിന്‍റെ ആവശ്യകതയുമാണ് വീഡിയോയിൽ ചിത്രീകരിച്ചിരിക്കുന്നത്.
കൊവിഡ് അടുത്തെത്തുമ്പോൾ ഭയന്ന് ഓടാതെ, ചെറുക്കുകയാണ് വേണ്ടത്. അതിന് ആരോഗ്യ വകുപ്പ് പറയുന്നത് പോലെ ബ്രേക്ക് ദി ചെയിൻ പ്രാവർത്തികമാക്കാം. കൊവിഡ് ചെയിൻ തകർക്കാൻ കേരളാ പൊലീസും ആരോഗ്യപ്രവർത്തകരും ഒപ്പമുണ്ടെന്ന് അറിയിക്കുകയാണ് ലൂസിഫറിലെ പശ്ചാത്തല സംഗീതം ഇടകലർത്തി തയ്യാറാക്കിയിരിക്കുന്ന വീഡിയോയിലൂടെ.
- " class="align-text-top noRightClick twitterSection" data="">
മരത്തിൽ കല്ലെറിഞ്ഞും അലസതയോടെയും നടക്കുന്ന മലയാളി, എന്നാൽ, അവനെ പിടികൂടാനെത്തുന്ന കൊവിഡ് 19 എന്ന വൈറസ്. ഭയന്ന് ഓടുന്ന മനുഷ്യന് ചെറുക്കാനുള്ള സഹായവുമായെത്തുകയാണ് പൊലീസും ആരോഗ്യപ്രവർത്തകനും. മുഖത്ത് മാസ്ക് ധരിച്ചിരിക്കുന്ന ആരോഗ്യ പ്രവർത്തകൻ അയാൾക്ക് സാനിറ്റൈസർ നൽകുന്നു, പൊലീസ് മാസ്‌കും. കീഴ്പെടുത്താൻ വന്ന വൈറസിന് പിന്നെ ഒന്നും ചെയ്യാനില്ല. ലൂസിഫറിന്‍റെ ചങ്കുറപ്പോടെ പ്രതിരോധിക്കുന്ന മനുഷ്യനിൽ നിന്നും കൊവിഡ് ഓടിരക്ഷപ്പെടുകയാണ്.
വിദേശത്ത് നിന്ന് എത്തുന്നവർക്ക് മാത്രമേ കൊവിഡ് പിടിപെടുകയുള്ളൂ എന്ന ധാരണ ഇവിടെ ഉടച്ചെഴുതുകയാണ് കേരളാ പൊലീസ്. വലിപ്പചെറുപ്പമില്ലാതെ ഈ മഹാമാരി വ്യാപിക്കുമെന്നും അതിനെതിരെ പ്രവർത്തിക്കാൻ ആരോഗ്യപ്രവർത്തകർക്കൊപ്പം നിൽക്കണമെന്നും വീഡിയോയിലൂടെ വ്യക്തമാക്കുന്നു.
മനോജ് എബ്രഹാം ഐപിഎസ് ആണ് ബോധവൽക്കരണത്തിനായി തയ്യാറാക്കിയ വീഡിയോയുടെ ആശയത്തിന് പിന്നിൽ. അരുൺ ബി.ടി സംവിധാനം ചെയ്‌ത വീഡിയോയുടെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് രഞ്ജിത് കുമാർ ആർ. എസ് ആണ്. "ഈ കാലവും കടന്നു പോകും.. ഇതും നമ്മൾ അതിജീവിക്കും. നിലപാടുണ്ട്... നില വിടാനാകില്ല. നിങ്ങളോടൊപ്പമുണ്ട്... കാക്കിയുടെ മഹത്വം കാത്തുകൊണ്ടുതന്നെ. ഈ മഹാമാരിക്ക് മുന്നിൽ ചങ്കുറപ്പോടെ പ്രവർത്തിക്കുന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്കും, സന്നദ്ധപ്രവർത്തകർക്കും, സഹപ്രവർത്തകർക്കും, മാധ്യമ പ്രവർത്തകർക്കും, പൊതുജനങ്ങൾക്കുമായി ഈ വീഡിയോ സമർപ്പിക്കുന്നു," എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് കേരളാ പൊലീസ് കുറിച്ചിരിക്കുന്നത്.