ലക്ഷദ്വീപിനെ പിന്തുണച്ചുള്ള പൃഥ്വിരാജിന്‍റെ നിലപാടിനെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. താരത്തിനെതിരെ സംഘപരിവാർ നടത്തുന്നത് അപകീർത്തിപരമായ പ്രചാരങ്ങളാണെന്നും സമൂഹത്തിന്‍റെ വികാരമാണ് പൃഥ്വിരാജ് പ്രകടിപ്പിച്ചതെന്നും പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
"പൃഥ്വിരാജ് പ്രകടിപ്പിച്ച വികാരം നമ്മുടെ സമൂഹത്തിന്‍റെ വികാരമാണ്. കേരളത്തില്‍ ജീവിക്കുന്ന ഒരാൾക്ക് സ്വാഭാവികമായി ഉണ്ടാകുന്ന വികാരമാണത്. എല്ലാ കാര്യങ്ങളോടും അസഹിഷ്ണുത കാണിക്കുന്ന നിലപാടാണ് സംഘപരിവാറിന്‍റേത്. ഇത് തന്നെയാണ് പൃഥ്വിരാജിന് നേരെയും കാണിച്ചത്."
Also Read: സുരേഷ് ഗോപി ബിജെപിയിൽ അധികനാൾ ഉണ്ടാവില്ല: എൻ.എസ് മാധവൻ
ഇതിനോട് നമ്മുടെ സമൂഹത്തിന് യോജിപ്പില്ലെന്നും ഇത്തരം വിഷയങ്ങളിൽ പൃഥ്വിരാജിനെ പോലെ എല്ലാവരും മുന്നോട്ട് വരാന്‍ സന്നദ്ധരാകണമെന്നും പിണറായി വിജയൻ വിശദമാക്കി. അതേ സമയം, താരത്തിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിൽ ഒരു വാർത്താചാനൽ ഉൾപ്പെടെ പ്രതികരിച്ചിരുന്നു. സുരേഷ് ഗോപി, അജു വർഗീസ്, അപ്പാനി ശരത്, ജൂഡ് ആന്‍റണി തുടങ്ങി നിരവധി പ്രമുഖർ താരത്തിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.