എറണാകുളം: കൊച്ചിയിൽ നാളെ മുതൽ നടക്കുന്ന അന്താരാഷ്‌ട്ര ചലച്ചിത്രമേളയിലെ ഉദ്ഘാടന ചടങ്ങിൽ നിന്ന് നടൻ സലിം കുമാറിനെ ഒഴിവാക്കിയിട്ടില്ലന്ന് കമൽ. സലിം കുമാറിനെ ചടങ്ങിൽ നിന്ന് ഒഴിവാക്കിയെന്ന വാർത്ത വാസ്‌തവമല്ലെന്നും സംഭവത്തെ ആരും രാഷ്‌ട്രീയമായി കാണരുതെന്നും ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ പ്രതികരിച്ചു.
സലീം കുമാറിനെ ലിസ്റ്റിൽ ഉൾപ്പെടുത്തിയുണ്ട്. ഉദ്ഘാടന ചടങ്ങിലെ അതിഥികളുടെ അന്തിമ ലിസ്റ്റായിട്ടില്ല. രാഷ്ട്രീയമായി മാറ്റി നിർത്താവുന്ന ആളല്ല സലിം കുമാർ. സലിം കുമാറിനെ ഒഴിവാക്കിക്കൊണ്ട് എറണാകുളത്ത് ഒരു മേള സാധ്യമല്ല. വിളിക്കാൻ വൈകിയിട്ടുണ്ടാകും. സലിം കുമാർ നാളെ പങ്കെടുക്കും എന്നു തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹത്തിന് ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കിൽ ഖേദം പ്രകടപ്പിക്കുന്നതായും കമൽ പറഞ്ഞു.
തിരുവനന്തപുരത്ത് ചലചിത്ര മേളയിലെ അതിഥികളിൽ പലരെയും തലേ ദിവസം മാത്രമാണ് വിളിച്ചതെന്നും കമൽ കൊച്ചിയിൽ പറഞ്ഞു. ഐഎഫ്എഫ്കെയുടെ രണ്ടാം ഘട്ടം നടക്കുന്ന കൊച്ചിയിലെ ഉദ്ഘാടന ചടങ്ങിൽ നിന്ന് ദേശീയ അവാർഡ് ജേതാവ് കൂടിയായ സലിം കുമാറിനെ ഒഴിവാക്കിയെന്നും പ്രായം കൂടുതലെന്ന കാരണത്താലാണ് മേളയിൽ നിന്നും മാറ്റിയതെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. സംഭവത്തിൽ രാഷ്‌ട്രീയ താൽപര്യങ്ങളാണ് കാരണമായതെന്നും ആരോപണമുയർന്നു. എന്നാൽ, സലിം കുമാർ തന്‍റെ അടുത്ത സുഹൃത്താണെന്നും സംവിധായകൻ കമൽ പറഞ്ഞു.