ഇരുപത്തിരണ്ടാമത് ഷാങ്ഹായ് ഫിലിം ഫെസ്‌റ്റിവലില്‍ ഇന്ദ്രന്‍സിനെ കേന്ദ്രകഥാപാത്രമാക്കി ഡോ ബിജു സംവിധാനം ചെയ്‌ത വെയില്‍മരങ്ങള്‍ക്ക് പുരസ്‌കാരം. ചിത്രം ഔട്ട്സ്റ്റാന്‍റിങ് ആര്‍ട്ടിസ്റ്റിക്ക് അച്ചീവ്‌മെന്‍റ് പുരസ്‌കാരമാണ് നേടിയത്. ഇതാദ്യമായാണ് ഒരു മലയാള സിനിമയ്ക്ക് ഷാങ്ഹായ് മേളയില്‍ പുരസ്‌കാരം ലഭിക്കുന്നത്. ഗോള്‍ഡന്‍ ഗോബ്ലറ്റ് വിഭാഗത്തിലാണ് ചിത്രം മത്സരത്തിനുണ്ടായിരുന്നത്. 112 രാജ്യങ്ങളില്‍ നിന്നായി 3964 ചിത്രങ്ങളാണ് ഈ വിഭാഗത്തിലുണ്ടായിരുന്ന എന്‍ട്രികള്‍. 14 ചിത്രങ്ങളാണ് അവസാന പട്ടികയില്‍ ഇടം നേടിയത്. തുര്‍ക്കി സംവിധായകനായ നൂറി ബില്‍ഗേ സെയ്ലാന്‍ ആണ് ഇത്തവണ ഷാങ്ഹായി ചലച്ചിത്ര മേളയുടെ ഗോള്‍ഡന്‍ ഗോബ്ലറ്റ് മത്സര വിഭാഗം ജൂറി ചെയര്‍മാന്‍. 2012ല്‍ ഡോ ബിജുവിന്‍റെ ആകാശത്തിന്‍റെ നിറം എന്ന ചിത്രവും ഷാങ്ഹായ് മേളയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

ഡോ ബിജുവും-ഇന്ദ്രന്‍സും ഒന്നിച്ച നാലാമത്തെ ചിത്രമാണിത്. എപ്പോഴും വെയിലത്ത് നില്‍ക്കാന്‍ വിധിക്കപെട്ട ചില മനുഷ്യരുടെ അതിജീവനത്തിന്‍റെയും പലായനത്തിന്‍റെയും കഥയാണ് ചിത്രം പറയുന്നത്. നാല് ഋതുക്കളിലൂടെ കഥ പറയുന്ന ചിത്രത്തിന്‍റെ മൂന്ന് കാലങ്ങള്‍ ഹിമാചലിലും മഴക്കാലം കേരളത്തിലുമാണ് ചിത്രീകരിച്ചത്. നിരവധി ഷെഡ്യൂളുകളിലായി വിവിധ കാലാവസ്ഥകളില്‍ ചിത്രീകരിച്ച ചിത്രം ഒരു വര്‍ഷം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്.