വീണ്ടും സിനിമകളുടെ പൂക്കാലമെത്തുന്നു.ഇരുപത്തിനാലാമത് ഐഎഫ്എഫ്കെയില്‍ പ്രദര്‍ശനത്തിനെത്തുന്ന ഇന്ത്യന്‍ സിനിമകളുടെ ലിസ്റ്റ് പുറത്തുവിട്ടു. ഡിസംബറില്‍ ആരംഭിക്കുന്ന ചലച്ചിത്ര മേളയില്‍ മലയാളത്തില്‍ നിന്ന് 14 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. മത്സര വിഭാഗത്തില്‍ മലയാളത്തില്‍ നിന്ന് ജല്ലിക്കെട്ടും, വൃത്താകൃതിയിലുള്ള ചതുരവും മാറ്റുരയ്ക്കും. ലിജോ ജോസ് പെല്ലിശ്ശേരിയാണ് ജല്ലിക്കെട്ടിന്‍റെ സംവിധായകന്‍. കൃഷന്ത് ആര്‍.കെയാണ് വൃത്താകൃതിയിലുള്ള ചതുരത്തിന്‍റെ സംവിധായകന്‍.
ഡിസംബര്‍ ആറ് മുതല്‍ പന്ത്രണ്ട് വരെ നീളുന്ന മേളയില്‍ ഇന്ത്യന്‍ സിനിമ ഇപ്പോള്‍, മലയാളം സിനിമ ഇപ്പോള്‍ എന്നീ വിഭാഗങ്ങളും ഉണ്ട്. ഹിന്ദിയില്‍ നിന്നും ഫഹിം ഇര്‍ഷാദിന്‍റെ ആനി മാണി, റാഹത്ത് കസാമിയുടെ ലിഹാഫി ദി ക്വില്‍റ്റ് എന്നിവയും മത്സരവിഭാഗത്തില്‍ ഇടംപിടിച്ചു. മലയാളത്തില്‍ നിന്നും പ്രദര്‍ശനത്തിനെത്തുന്ന 14 ചിത്രങ്ങളില്‍ ആറെണ്ണവും നവാഗത സംവിധായകരുടേതാണ്.
ആനന്ദി ഗോപാല്‍, അക്‌സണ്‍ നിക്കോളാസ്, മയി ഖട്ട്, ഹെല്ലാറോ, മാര്‍ക്കറ്റ്, ദി ഫ്യുണെറല്‍, വിത്തൗട്ട് സ്ട്രിങ്സ് എന്നിവയാണ് ഇന്ത്യന്‍ സിനിമ ഇന്ന് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുക. പനി, ഇഷ്‌ക്, കുമ്പളങ്ങി നൈറ്റ്‌സ്, സൈലന്‍സര്‍, വെയില്‍മരങ്ങള്‍, വൈറസ്, രൗദ്രം, ഒരു ഞായറാഴ്ച, ആന്‍റ് ദി ഓസ്‌കര്‍ ഗോസ് ടു, ഉയരെ, കെഞ്ചിര, ഉണ്ട എന്നിവ മലയാള സിനിമ ഇന്ന് വിഭാഗത്തിലും പ്രദര്‍ശിപ്പിക്കും.