കൊവിഡും ലോക്ക് ഡൗണും മറ്റെല്ലാ മേഖലകളെയും പോലെ സിനിമ വ്യവസായത്തെയും ഉലച്ചിട്ടുണ്ട്. വ്യാപാരസ്ഥാപനങ്ങൾക്കും മദ്യശാലകൾക്കുമുൾപ്പെടെ ഇളവുകൾ നൽകുമ്പോഴും സിനിമ നിർമാണപ്രവർത്തനങ്ങളുടെ നിയന്ത്രണങ്ങളിൽ മാറ്റമുണ്ടാവുന്നില്ലെന്ന് പല കോണുകളിൽ നിന്നും വിമർശനങ്ങളും ആവശ്യങ്ങളും ഉയർന്നിരുന്നു.
പട്ടിണിയുടെ അങ്ങേയറ്റത്താണ് സിനിമ വ്യവസായമെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. അതിനാൽ ഇപ്പോഴെങ്കിലും സിനിമയ്ക്ക് കൈത്താങ്ങ് നൽകിയില്ലെങ്കിൽ തകർന്ന് പോകും. പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും സർക്കാരിനോട് ആവശ്യപ്പെട്ടതായി ഇടവേള ബാബു പറഞ്ഞു.
Also Read: കാത്തിരിപ്പ് നീളും ; ഓണത്തിന് മുമ്പ് തിയറ്ററുകൾ തുറക്കാൻ സാധ്യതയില്ലെന്ന് ഉടമകൾ
സീരിയലുകൾക്ക് ചിത്രീകരണ അനുമതി നൽകിയതുപോലെ കൊവിഡ് നിയന്ത്രണം പാലിച്ച് സിനിമ നിർമാണത്തിനും അനുവാദം നൽകണമെന്ന് അമ്മ സംഘടന ആവശ്യപ്പെട്ടു.
അമ്മ വാക്സിനേഷൻ ക്യാമ്പ്
അതേ സമയം, അമ്മ സംഘടനയുടെ നേതൃത്വത്തിൽ സിനിമ പ്രവർത്തകർക്കും കുടുംബാഗങ്ങൾക്കും വാക്സിനേഷൻ ഡ്രൈവ് ആരംഭിച്ചു. കലൂരിലെ അമ്മ ആസ്ഥാന മന്ദിരത്തിൽ നടന്ന ചടങ്ങ് മഞ്ജു വാര്യർ ഉദ്ഘാടനം ചെയ്‌തു.
സിനിമ ചിത്രീകരണം അനുവദിക്കണമെന്ന ആവശ്യത്തെ തുടർന്ന് ചലച്ചിത്രപ്രവർത്തകരെല്ലാം വാക്‌സിൻ എടുത്ത് തയ്യാറാകണമെന്ന് സർക്കാർ നിർദേശിച്ചിട്ടുണ്ട്. ഇതിന്‍റെ ഭാഗമായാണ് അമ്മയിലെ അംഗങ്ങള്‍ക്ക് കുത്തിവയ്പ്പ് നല്‍കുന്നത്.