കേന്ദ്രസർക്കാർ നിയോഗിച്ച ലക്ഷദ്വീപ് ഭരണകൂടത്തിന്‍റെ നിയമപരിഷ്കാരങ്ങൾക്കെതിരെ ശക്തമായ വിമർശനവുമായി നടൻ ഹരിശ്രീ അശോകൻ. മഹാമാരിയിൽ വിറങ്ങലിച്ചു നിൽക്കുമ്പോൾ അവർ പ്രതികരിക്കില്ലെന്ന വിശ്വാസത്തോടെയാണ് ഇത്തരം അനീതികൾ നടപ്പിലാക്കുന്നതെന്നും ജനങ്ങളുടെ മനസറിയാതെ അധികാരികൾ നടത്തുന്ന വികസനം അസ്ഥാനത്താകുമെന്നും ഹരിശ്രീ അശോകൻ പറഞ്ഞു. ലക്ഷദ്വീപിന്‍റേയും കേരളത്തിന്‍റേയും കാലാകാലങ്ങളായിട്ടുള്ള ദൃഢബന്ധത്തെ മുറിച്ച് മാറ്റി എന്ത് വികസനമാണ് അവിടെ കൊണ്ടുവരുന്നതെന്നും താരം ചോദിച്ചു.
ഹരിശ്രീ അശോകന്‍റെ പ്രതികരണം
"ലക്ഷദ്വീപിനൊപ്പം... സുന്ദരവും സുരക്ഷിതവുമായിരുന്ന ലക്ഷദ്വീപിന് മേൽ നടത്തിയിരിക്കുന്ന അധികാര കടന്നാക്രമണത്തിൽ അവർക്കൊപ്പം വേദനിക്കുകയും, പ്രതിഷേധിക്കുകയും ചെയ്യുന്നു...
- " class="align-text-top noRightClick twitterSection" data="">
എല്ലാ മനുഷ്യരും ഉള്ളിൽ ചില വിഷാണുക്കളെ കൊണ്ടു നടക്കുന്നുണ്ട്. ക്ഷയരോഗത്തിൻ്റെ അണുക്കൾ എല്ലാ ഉടലിലുമുണ്ട്, ശരീരം തളരുമ്പോഴാണ് അവ ശരീരത്തെ ആക്രമിക്കുന്നത്. മഹാമാരി കൊണ്ട് വിറങ്ങലിച്ചും തളർന്നും നിൽക്കുന്ന മനുഷ്യരുടെ മേൽ പ്രതികരിക്കുകയില്ല എന്ന വിശ്വാസത്തോടെ അധികാര കേന്ദ്രങ്ങൾ നടത്തുന്ന ഇത്തരം ശ്രമങ്ങൾ അനീതിയാണ്.
ലക്ഷദ്വീപിലെ ജനങ്ങളുടെ പാരമ്പര്യ ജീവിതത്തേയും, വിശ്വാസ സംസ്കാരത്തേയും ഹനിച്ചു കൊണ്ട് വേണോ ദ്വീപ് സംരക്ഷണ്ണം..? ലക്ഷദ്വീപിന്‍റേയും കേരളത്തിന്‍റേയും കാലകാലങ്ങളായിട്ടുള്ള ദൃഢബന്ധത്തെ മുറിച്ച് മാറ്റി എന്ത് വികസനമാണ് അവിടെ കൊണ്ടുവരുന്നത്..?
ഇത്തരം തുഗ്ലക്ക് പരിഷ്കാരം ജനങ്ങളെ ഭിന്നിപ്പിക്കാനും അസ്വസ്ഥരാക്കാനും മാത്രമേ ഉപകരിക്കു.. ജനങ്ങളുടെ മനസറിയാതെ അധികാരികൾ നടത്തുന്ന വികസനം അസ്ഥാനത്താകുമെന്നുറപ്പാണ്. അവിടുത്തെ മനുഷ്യരുടെ സ്വാതന്ത്ര്യത്തെ, താൽപ്പര്യത്തെ മനസിലാക്കാതെ എടുത്തിട്ടുള്ള എല്ലാ തീരുമാനങ്ങളിൽ നിന്നും ഭരണാധികാരികൾ പിൻമാറിയേ മതിയാവൂ.. ആശങ്കയോടെ, ലക്ഷദ്വീപിലെ സാധാരണക്കാരായ മനുഷ്യർക്കൊപ്പം.." സേവ്‌ലക്ഷദ്വീപ് എന്ന ഹാഷ് ടാഗിനൊപ്പം ഹരിശ്രീ അശോകൻ കുറിച്ചു.
More Read: ലക്ഷദ്വീപിൽ നിന്ന് കേരളത്തിലേക്ക് അധികം ദൂരമില്ല: ദ്വീപ് ജനതകൾക്ക് പിന്തുണയുമായി സലിം കുമാർ
ഒരു സൂക്ഷ്മാണുവിന്‍റെ മുന്നിൽ തകർന്നും തളർന്നും ഈ ലോകം മുഴുവൻ ഇരിക്കുമ്പോഴും, സഹജീവികളോട് ക്രൂരത കാണിക്കാൻ എങ്ങനെ സാധിച്ചുവെന്നും കള്ളമില്ലാത്ത, കളങ്കമില്ലാത്ത ആളുകളാണ് ലക്ഷദ്വീപ് നിവാസികളെന്നും ഗായിക സിതാര കൃഷ്ണകുമാറും പ്രതികരിച്ചിരുന്നു. ലക്ഷദ്വീപിൽ നിന്നുമുള്ള ഫാറൂഖ് കോളജിലെ തന്‍റെ സഹപാഠികളെ കുറിച്ചുള്ള അനുഭവങ്ങൾ പങ്കുവച്ചുകൊണ്ടാണ് സിതാരയുടെ പ്രതികരണം.
സിതാര കൃഷ്ണകുമാറിന്‍റെ പ്രതികരണം
"ലോകത്ത് പലേയിടത്തും പോയിട്ടുണ്ട് പല കാലത്തായി!!! ഇതുപോലൊരു നാട് മുൻപും പിൻപും കണ്ടിട്ടില്ല!!! കള്ളമില്ലാത്ത, കളങ്കമില്ലാത്ത, കുറേ ഇടവഴികളും, നല്ല മനുഷ്യരും!!! കരയെന്നാൽ അവർക്ക് കേരളമാണ്! ദ്വീപിൽ നിന്നുള്ള കുട്ടികൾ ഏറെ പഠിച്ചിരുന്ന ഫാറൂഖ് കോളേജിൽ പഠിച്ചിരുന്നതുകൊണ്ട് തന്നെ പണ്ടേ അറിയാം ദ്വീപ് മുട്ടായി പോലെ മധുരമുള്ള അവിടുത്തുകാരുടെ മനസ്സും!! ഈ കാണിക്കുന്നത് അത്രയും ക്രൂരതയാണ്!!!ഒരു സൂക്ഷ്മാണുവിന്‍റെ മുന്നിൽ തകർന്നും തളർന്നും ഈ ലോകം മുഴുവൻ ഇരിക്കുമ്പോഴും, സഹജീവികളോട് ഇത് ചെയ്യാൻ എങ്ങനെ സാധിക്കുന്നു!!" സിതാര ഫേസ്‌ബുക്കിൽ വിശദമാക്കി.
- " class="align-text-top noRightClick twitterSection" data="">
പൃഥ്വിരാജ്, റിമ കല്ലിങ്കൽ, ഗീതു മോഹൻദാസ്, ആന്‍റണി വർഗീസ്, സണ്ണി വെയ്‌ൻ, വീണ നായർ, സലിം കുമാർ, രജിഷ വിജയൻ തുടങ്ങി നിരവധി താരങ്ങളാണ് ലക്ഷദ്വീപിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയത്.