ചെറുകഥകളും ലേഖനങ്ങളും നാടകവും വിവര്‍ത്തനങ്ങളുമടക്കം മലയാളത്തിലെ എണ്ണം പറഞ്ഞ രചനകളുടെ സൃഷ്ടാവായ മഹാകവിക്ക് അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് സാഹിത്യലോകത്തെ പരമോന്നത ബഹുമതിയായ ജ്ഞാനപീഠ പുരസ്കാരം. പുരസ്കാര നിറവിലും ആ സന്തോഷം പങ്കുവെക്കാന്‍ തന്‍റെ കവിതകള്‍ക്ക് ശക്തിയായ പ്രിയ പത്നി ഒപ്പമില്ലാത്തതിന്‍റെ സങ്കടത്തിലാണ് മഹാകവി.
'എന്‍റെ കവിതയ്ക്ക് ശക്തി നല്‍കിയത് എന്‍റെ പത്നി ശ്രീദേവിയാണ്. അവരെത്ര കഷ്ടപ്പെട്ടിട്ടുണ്ട് എന്നതിന് കണക്കില്ല. ഇപ്പോള്‍ അവര്‍ എന്നോടൊപ്പമില്ല എന്നതാണ് എന്‍റെ സങ്കടം. ഞാനെഴുതിയതെല്ലാം ശരിയാണെന്ന് എനിക്കഭിപ്രായമില്ല. തെറ്റുകളുണ്ടാകാം' അക്കിത്തം പറഞ്ഞു. 'മലയാളത്തിൽ എന്നെക്കാളും വലിയ കവികൾ ഉണ്ടായിട്ടുണ്ട്. മഹാകവി ഇടശ്ശേരി, വൈലോപ്പിള്ളി, വി.ടി എന്നിവരെക്കെ എന്നെക്കാള്‍ വലിയവരാണ്.
ഇടശ്ശേരി എന്നെ പഠിപ്പിച്ചത് സാഹിത്യം എന്ന് പറഞ്ഞാൽ ജീവിതത്തിലെ കണ്ണീരിന്‍റെ അന്വേഷണമാണെന്നാണ്. എന്നാല്‍ അവര്‍ക്കൊന്നും കിട്ടാത്ത ഒരു പ്രശസ്തി എനിക്ക് കിട്ടി. കാരണം ആയുസ് മാത്രമാണ്. ഭാരതീയ സംസ്കാരവുമായി ബന്ധപ്പെട്ട സാഹിത്യ വഴിയാണ് എന്‍റേത്. അതുമായി ബന്ധപ്പെട്ട എല്ലാവരും ഇതില്‍ സന്തോഷിക്കുന്നുണ്ടെന്ന് എനിക്കറിയാം' അക്കിത്തം മാധ്യമങ്ങളോട് പ്രതികരിച്ചു.പാലക്കാട് കുമാരനല്ലൂര്‍ സ്വദേശിയായ അക്കിത്തം 46ഓളം കൃതികള്‍ രചിച്ചിട്ടുണ്ട്. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ നിരവധി പേരാണ് മഹാകവിക്ക് ആദരവുമായി അക്കിത്തത്ത് മനയില്‍ എത്തുന്നത്. പതിനൊന്ന് ലക്ഷം രൂപയും സരസ്വതി ശില്‍പവും അടങ്ങുന്നതാണ് പുരസ്കാരം.