ലോസ് ഏഞ്ചലസ്: പ്രശസ്‌ത ഗ്രാമി പുരസ്‌കാര ജേതാവ് ബെറ്റി റൈറ്റ് അന്തരിച്ചു. കാൻസർ രോഗത്തെ തുടർന്ന് 66-ാം വയസിലാണ് ബെറ്റി റൈറ്റ് മരണത്തിന് കീഴടങ്ങിയത്. ജന്മനാടായ ഫ്ലോറിഡയിലെ മിയാമിയിൽ ഞായറാഴ്‌ചയായിരുന്നു അന്ത്യം.
1953 ൽ ജനിച്ച ബെറ്റി റൈറ്റിന്‍റെ യാഥാർഥ നാമം ബെസ്സി റെജീന നോറിസ് എന്നാണ്. 'എക്കോസ് ഓഫ് ജോയ്' എന്ന മ്യൂസിക്കൽ ഗ്രൂപ്പിലാണ് റൈറ്റ് ആദ്യമായി പാടുന്നത്. എന്നാൽ അവരുടെ പ്രശസ്‌തിയുടെ തുടക്കം 1970 കളിലായിരുന്നു. തന്‍റെ 11 വയസു വരെ സുവിശേഷ സംഘത്തിൽ അംഗമായിരുന്ന റൈറ്റ് പിന്നീട് ആർ ആൻഡ് ബി സംഗീതത്തിലേക്ക് കടന്നു. പതിനെട്ടാമത്തെ വയസിൽ ഹിറ്റായ 'ക്ലീൻ അപ്പ് വുമൺ' എന്ന ഗാനം റൈറ്റിന്‍റെ കരിയറിലെ നാഴികകല്ലായി.
പ്രശസ്‌തിയുടെ കഥകൾ അവിടെ അവസാനിച്ചില്ല. തന്‍റെ 23-ാം വയസിലാണ് 'വെയർ ഈസ് ദി ലവ്' എന്ന ഗാനം റൈറ്റിനെ ഗ്രാമി പുരസ്‌കാര ജേതാവാക്കിയത്. തുടർന്നുള്ള രണ്ട് പതിറ്റാണ്ടുകളിൽ റൈറ്റ് ഗാനരചനയും ആലാപനവും ജീവിതത്തിന്‍റെ ഭാഗമാക്കി. അവരുടെ പ്രശസ്‌തമായ 'നോ പെയിൻ, (നോ ഗെയിൻ)' എന്ന ഗാനം 1988 ലാണ് പുറത്തിറങ്ങിയത്. ഇതിനോടകം സംഗീതലോകത്തെ നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിൽ ബെറ്റി റൈറ്റിന്‍റെ വേർപാടിൽ അനുശോചനമറിയിച്ചത്.