എറണാകുളം: കാക്ക കാക്ക, വാരണം ആയിരം ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഗൗതം മേനോൻ- സൂര്യ കൂട്ടുകെട്ടിലൊരുങ്ങുന്ന 'നവരസ'യുടെ ചിത്രീകരണം തുടങ്ങി. ഗൗതം വാസുദേവ് മേനോന്‍റെ സംവിധാനത്തിൽ നടൻ സൂര്യ നായകനാകുന്ന ആന്തോളജി ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് ചെന്നൈയിലാണ് ആരംഭിച്ചത്.
നെറ്റ്ഫ്ലിക്‌സിലൂടെ റിലീസിനെത്തുന്ന നവരസയുടെ വരുമാനത്തിന്‍റെ ഒരുഭാഗം കൊവിഡിൽ ജോലിയില്ലാതെ പ്രതിസന്ധിയിലായ സിനിമാ മേഖലയിലെ ജീവനക്കാർക്ക് നൽകാനാണ് നിർമാതാക്കളുടെ തീരുമാനം. സംവിധായകൻ മണിരത്നം നിർമിക്കുന്ന ആന്തോളജിയിൽ ഒമ്പത് സംവിധായകരാണ് ഭാഗമാകുന്നത്. ഗൗതം മേനോനെ കൂടാതെ, കെ.വി ആനന്ദ്, ബിജോയ് നമ്പ്യാർ, പൊൻറാം, കാർത്തിക് സുബ്ബരാജ്, ഹലീത്ത ഷമീം, കാർത്തിക് നരേൻ, രതീന്ദ്രൻ ആർ. പ്രസാദ്, അരവിന്ദ് സ്വാമി എന്നിവരാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
പി.സി ശ്രീരാമാണ് ചിത്രത്തിന്‍റെ ഛായാഗ്രഹകൻ. നവരസങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രമേയമാണ് ആന്തോളജിയിലെ ഓരോ ഹ്രസ്വചിത്രങ്ങളിലും ആവിഷ്‌കരിക്കുന്നത്. ആന്തോളജിയിൽ വിജയ് സേതുപതി, പാർവതി, ഫഹദ് ഫാസിൽ, ദുൽഖർ സൽമാൻ എന്നിവരും ഭാഗമാകുമെന്നാണ് സൂചന. നെറ്റ്ഫ്ലിക്‌സിലൂടെ 190 രാജ്യങ്ങളിലായി ചിത്രം റിലീസ് ചെയ്യാൻ അണിയറപ്രവർത്തകർ പദ്ധതിയിടുന്നുണ്ട്.