മലയാള മണ്ണിലെ വിരുന്നുകാരെ പോലെ സിനിമയിലെത്തിയ വിദേശി താരങ്ങളെയും സ്നേഹോഷ്‌ളമായ സ്വീകരണത്തോടെയാണ് മലയാളികൾ സ്വീകരിച്ചിട്ടുള്ളത്. വില്ലനായും നായികയായും ഹാസ്യതാരമായുമൊക്കെ കടൽ കടന്നെത്തി കലാകാരന്മാർ വിസ്‌മയിപ്പിച്ചപ്പോൾ മലയാളി പ്രേക്ഷകർ അവരെ സ്വന്തം താരങ്ങളായി നെഞ്ചിലേറ്റി. യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും ഓസ്‌ട്രേലിയ, ആഫ്രിക്ക, അമേരിക്ക, ചൈന, ജപ്പാൻ, ഫ്രാൻസ് തുടങ്ങി ഒട്ടനവധി വിദേശരാജ്യങ്ങളിൽ നിന്നും എൺപതുകളുടെ തുടക്കം മുതൽ കൊച്ചുകേരളത്തിന്‍റെ വലിയ സിനിമാലോകത്തേക്ക് ഇങ്ങനെ പുറംദേശക്കാരെത്തിയിട്ടുണ്ട്. ആഗോളവൽക്കരണവും യാത്രകൾക്കായുള്ള അഭിനിവേശവും ഇന്ത്യൻ ഉപഭൂഖണ്ഡത്തിന് പുറത്തുള്ള ദേശങ്ങളെ കുറിച്ചുള്ള മലയാളികളുടെ അവബോധവും വിദേശതാരങ്ങൾ മലയാളസിനിമയിൽ സ്ഥാനം പിടിക്കുന്നതിന് കാരണങ്ങളായെന്നും പറയാം.
ആര്യന്‍ മുതൽ ബോക്‌സർ വരെ
1988ൽ പുറത്തിറങ്ങിയ ആര്യന്‍ ചിത്രത്തിലെ ഗവിന്‍ പക്കാര്‍ഡായിരിക്കാം കേരളം ആഘോഷമാക്കിയ ആദ്യ വിദേശതാരം. മോഹൻലാലും രമ്യാ കൃഷ്‌ണനും ജോഡിയായെത്തിയ ചിത്രത്തിൽ മാർട്ടിനെന്ന വേഷമായിരുന്നു ഐറിഷ് താരം അവതരിപ്പിച്ചത്. ചിത്രത്തിലെ വില്ലൻ വേഷത്തിന് ശേഷം തൊട്ടടുത്ത വർഷമിറങ്ങിയ പത്മരാജൻ ചിത്രം സീസൺസിലൂടെയും ആയുഷ്‌കാലത്തിലൂടെയും അദ്ദേഹം ശ്രദ്ധ പിടിച്ചുപറ്റി. ആനവാൽ മോതിരത്തിൽ ശ്രീനിവാസൻ മാത്രമല്ല, വില്ലനായിരുന്നെങ്കിലും ഗവിന്‍ പക്കാര്‍ഡ് മലയാളിയെ ചിരിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്. ഹിന്ദി സിനിമകൾക്കും സുപരിചിതനായിരുന്നു താരം. ജാക്പോട്ട്, ബോക്‌സർ എന്നീ മലയാള ചലച്ചിത്രങ്ങളിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടു.
കാലാപാനി
പ്രിയദർശൻ- മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങിയ കാലാപാനി ബ്രിട്ടീഷ് കോളനി ഭരണം പശ്ചാത്തലമാക്കി പുറത്തിറക്കിയ ചിത്രമാണ്. ഡേവിഡ് ബെറിയെന്ന ബ്രിട്ടീഷ് ഓഫീസറുടെ വേഷത്തിലെത്തിയ അലക്‌സ് ഡ്രെപ്പർ കാലാപാനി ജയിൽ അന്തേവാസികൾക്ക് നേരെയുള്ള ക്രൂരതകൾ വ്യക്തമായി അഭിനയിച്ച് ഫലിപ്പിച്ചു. ചിത്രത്തിലെ നായകൻ ഗോവർധനോട് പ്രത്യേക ഇഷ്‌ടം പ്രകടിപ്പിക്കുന്ന ഡോ. ലെന്നിനായും വിദേശിതാരമായിരുന്നു എത്തിയത്.
അക്കരെ അക്കരെ അക്കരെ
"ഓഹോ! അപ്പോള്‍ നീയാണ് പോള്‍ ബാര്‍ബര്‍ അല്ലെ?...." പ്രത്യേകിച്ചൊരു മുഖവുരയൊന്നും ആവശ്യമില്ല. ദാസനും വിജയനും ചിരിപ്പിക്കാനുറപ്പിച്ച് തന്നെയാണ് നാടോടിക്കാറ്റിന്‍റെ മൂന്നാം ഭാഗത്തിലെത്തിയത്. മോഹൻലാലും ശ്രീനിവാസനും മണിയൻ പിള്ള രാജുവും മുകേഷുമെല്ലാം ഹാസ്യവിരുന്നൊരുക്കിയപ്പോൾ അക്കരെ അക്കരെ അക്കരെയിലെ പ്രതിനായകനും തന്‍റെ ഓരോ രംഗങ്ങളിലൂടെയും ചിരിപടർത്തി. കിരീടത്തിന് വേണ്ടിയുള്ള തന്ത്രങ്ങളും പ്രയത്‌നവും ബ്രിട്ടീഷുകാരനായ "പോൾ ബാർബർ" വളരെ മനോഹരമായും ചിത്രത്തിന്‍റെ താളത്തിന് അനുസരിച്ച് നർമം കലർത്തിയുമാണ് അവതരിപ്പിച്ചത്.
യോദ്ധാ
റിംപോച്ച, അല്ല അക്കോസേട്ടന്‍റെ സ്വന്തം ഉണ്ണിക്കുട്ടൻ. സംഗീത് ശിവൻ സംവിധാനം ചെയ്‌ത യോദ്ധയിൽ റിംപോച്ചയായി വേഷമിട്ട സിദ്ധാര്‍ത്ഥ് ലാമ നേപ്പാൾ സ്വദേശിയാണ്. ലെനിൻ രാജേന്ദ്രന്‍റെ ഇടവപ്പാതിയിലും അദ്ദേഹം ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ, നേപ്പാളിലെത്തി ഒറ്റപ്പെടുന്ന മോഹൻലാലിന്‍റെ അശോകനോടൊപ്പം കൂടി കഥയുടെ നിയന്ത്രണം ഏറ്റെടുക്കുന്നതും റിംപോച്ചെയാണ്. ബുദ്ധമതവിശ്വാസിയായ നേപ്പാൾ ബാലനെ മലയാളിക്കങ്ങനെയൊന്നും മറക്കാൻ കഴിയില്ല. അതിന് കാരണം, ലാമ അത്ര ഗംഭീരമായാണ് റിംപോച്ചെയെ അതരിപ്പിച്ചത് എന്നതിനാലാണ്.
അറബിക്കഥ
ലാല്‍ ജോസിന്‍റെ അറബിക്കഥയിലെ നായിക ചൈനക്കാരിയായ ഷു മിന്‍ ആയിരുന്നു. ശ്രീനിവാസന്‍റെ ക്യൂബ മുകുന്ദനൊപ്പം ചിരിയും നൊമ്പരവും പകർത്തി ചൈന സ്വദേശിയായ ഷു മിന്‍ പ്രേക്ഷകരുടെ ഹൃദയം കീഴടക്കി.
പ്രാഞ്ചിയേട്ടൻ ആന്‍റ് ദി സെയിന്‍റ്
പ്രാഞ്ചിയേട്ടന്‍റെ കണ്ണുതുറപ്പിച്ച പുണ്യാളൻ മലയാളികളുടെ പ്രേക്ഷകരിലേക്ക് കുടിയേറുകയായിരുന്നു. രഞ്ജിത്ത്- മമ്മൂട്ടി കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രത്തിൽ ചിറമ്മേൽ ഇനാശു ഫ്രാൻസിസ് എന്ന തൃശൂർ സ്വദേശിയായ ബിസിനസുകാരൻ പേരിനും പ്രശസ്‌തിക്കും വേണ്ടി കഷ്‌ടപ്പെടുന്നതും എന്നാൽ നിരാശനാകുന്ന അയാളുടെ ജീവിതത്തിലേക്ക് പുണ്യാളനെത്തുന്നതുമാണ് കഥ. ഓസ്‌ട്രേലിയൻ നാടകനടനായ ജെസി ഫോക്‌സ് അലനാണ് പ്രാഞ്ചിയേട്ടന് മുന്നിലെത്തുന്ന പുണ്യാളൻ. പ്രാഞ്ചിയുടെ ജീവിതകഥ ശ്രദ്ധയോടെ കേട്ട്, അപഗ്രഥനം ചെയ്‌ത് വഴികാട്ടിയാകുന്ന പുണ്യാളന്‍റെ സാന്നിധ്യം ചിത്രത്തിന്‍റെ വിജയത്തിനും നെടുംതൂണായിരുന്നു.
സ്‌പാനിഷ് മസാല
ലാല്‍ ജോസ് സംവിധാനം ചെയ്‌ത സ്‌പാനിഷ് മസാലയിലെ ഓസ്‌ട്രേലിയൻ സുന്ദരി. ദിലീപിന്‍റെ നായികയായെത്തിയ ഡാനിയേല സാക്കേരി ഒരു ഹിപ് ഹോപ്പ് നര്‍ത്തകി കൂടിയാണ്. സ്‌പാനിഷ് സുന്ദരിയായി മലയാളികളുടെ മനം കവർന്ന സാക്കേരി ചിത്രത്തിലെ കമീലയുടെ ഭാഗം ഭംഗിയായി തിരശ്ശീലയിൽ അഭിനയിച്ചു.
ആട്ടക്കഥ
വിനീത്, മീരാ നന്ദൻ എന്നിവർക്കൊപ്പം ജർമനി വംശജ ഐറീന ജക്കോബിയും മുഴുനീള കഥാപാത്രമായി സാന്നിധ്യമറിയിച്ച ചിത്രമായിരുന്നു 2013ൽ റിലീസ് ചെയ്‌ത ആട്ടക്കഥ. കഥകളി കലാകാരന്‍റെ അനുഭവ മുഹൂർത്തങ്ങളെ കണ്ണൻ പെരുമുടിയൂർ എന്ന സംവിധായകൻ ആട്ടക്കഥയിലൂടെ വിവരിക്കുമ്പോൾ, കഥകളിയെ കുറിച്ച് ആഴത്തിലറിയാനായി കേരളത്തിൽ വന്ന തിയേറ്റര്‍ ആര്‍ടിസ്റ്റ് കൂടിയായ ഐറിനയെ ചിത്രത്തിലേക്ക് ക്ഷണിക്കുകയായിരുന്നു. കേരളത്തില്‍ കഥകളി പഠിക്കാനെത്തുന്ന ഫ്രഞ്ച് സ്വദേശി റോമി മിഷന്‍റെ വേഷമായിരുന്നു ചിത്രത്തിൽ ഐറിനയുടേത്.
മംഗ്ലീഷ്
നാല്‍പതിലേറെ ചിത്രങ്ങളിലും പരസ്യചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള കാരലിന്‍ ബെക് മലയാള സിനിമയിൽ ഭാഗ്യപരീക്ഷണം നടത്തിയത് മെഗാസ്റ്റാറിന്‍റെ നായികയായി അവതരിച്ചുകൊണ്ടായിരുന്നു. സലാം ബാപ്പു സംവിധാനം ചെയ്‌ത 2014ലെ മംഗ്ലീഷിൽ മട്ടാഞ്ചേരിയിലെ മാലിക് ഭായിയായി മമ്മൂട്ടി വേഷമിട്ടപ്പോൾ ഭായിയുടെ സഹായം തേടിയെത്തുന്ന മിഷേൽ എന്ന ഇംഗ്ലീഷ് വനിതയുടെ കഥാപാത്രമാണ് ഡച്ച് കാരിയായ കാരലിൻ കൈകാര്യം ചെയ്‌തത്. മാലിക് ഭായിയും മിഷേലും തമ്മിൽ ആശയവിനിമയം നടത്തുമ്പോൾ നേരിടുന്ന ഭാഷാപ്രശ്‌നങ്ങളും മറ്റും രസകരമായി മംഗ്ലീഷിൽ ചിത്രീകരിച്ചിട്ടുണ്ട്. മലയാളത്തിന്‍റെ ആരാധികയായി മാറിയ ഡച്ച് കലാകാരിയുടെ ആരാധകരായി തിരിച്ച്, കേരളത്തിലെ സിനിമാപ്രേമികളും മാറിയെന്ന് പറയാം.
ഇവിടെ
പൃഥ്വിരാജ്, നിവിന്‍ പോളി, ഭാവന മുഖ്യവേഷങ്ങളിലെത്തിയ ത്രില്ലർ ചിത്രം പൂർണമായും വിദേശത്ത് ചിത്രീകരിച്ചിരിച്ചതാണ്. ആറ് വയസ് മുതൽ യുഎസിൽ ജീവിക്കുന്ന അരുൺ ബാൽകെ (പൃഥ്വിരാജ്)യുടെയും ഐടി കമ്പനിയിലെ സിഇഒ ആയ കൃഷ് ഹെബ്ബാറിനെ (നിവിൻ പോളി)യും റോഷ്‌ണി (ഭാവന)യെയും ചുറ്റിപ്പറ്റിയാണ് ചിത്രം സഞ്ചരിക്കുന്നത്. 2015ൽ റിലീസിനെത്തിയ ചിത്രത്തിൽ പശ്ചാത്തലം പുറംദേശമാകുന്നതിനാൽ തന്നെ നിരവധി അന്യദേശക്കാരെയും സംവിധായകൻ ശ്യാമപ്രസാദ് പരിചയപ്പെടുത്തുന്നുണ്ട്. അമേരിക്കക്കാരായ അലക്‌സാണ്ട്ര ബാർടീ, ക്രിസ്റ്റീന ലീഡൽ, കാര ഫ്ലേവേഴ്‌സ്, കൂടാതെ ലിൻഡ്രെസ് ലെസ്‌ലി, ലീ ആംസ്‌ട്രോങ് എന്നിവർ നിർണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ആദം ജോണ്‍
ജിനു വി. എബ്രഹാം സംവിധാനം ചെയ്ത ആദം ജോണ്‍ സ്‌കോട്ട്ലണ്ടിൽ ചിത്രീകരിച്ച മലയാള ചിത്രമാണ്. പൃഥ്വിരാജിന്‍റെ ആദം ജോണ്‍ പോത്തന്‍റെ ഫ്ലാഷ് ബ്ലാക്കിലൂടെ ഇടയ്ക്കൊന്ന് സഞ്ചരിച്ച് ത്രില്ലറും ട്വിസ്റ്റും കലർത്തി പുറത്തിറക്കിയ സിനിമയിൽ പ്രതിനായകന്‍റെ വേഷം ചെയ്‌തത് ഇംഗ്ലീഷ് നടനും നിർമാതാവുമായ ഡാനി ഡാരനാണ്. ആദം ജോണിന്‍റെ മിസ്റ്ററി മൂഡ് നിലനിർത്തുന്നതിൽ ഡാനി ഡാരന്‍റെ പ്രകടനം വളരെ പ്രയോജനപ്പെട്ടിട്ടുണ്ട്.
നാക്കു പെന്റ നാക്കു ടാക്ക
അമേരിക്കക്കാരനായ ഒരു യുവാവിനെ വിവാഹം ചെയ്യണമെന്നായിരുന്നു ശുഭയുടെ ആഗ്രഹമെങ്കിലും കെനിയയിൽ താമസമാക്കിയ വിനയിയെ വിവാഹം ചെയ്യേണ്ടി വരുന്നു. നാക്കു പെന്റ നാക്കു ടാക്കയുടെ ആദ്യ പകുതി മുഴുവൻ ചിത്രീകരിച്ചിരിക്കുന്നത് കെനിയയിലാണ്. ഇന്ദ്രജിത്തും ഭാമയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച മലയാള ചലച്ചിത്രത്തിൽ എഴുത്തുകാരിയും കെനിയൻ നടിയുമായ ലുപിറ്റ അമോണ്ടി ന്യോങ്, എമ്മ എന്ന വീട്ടുജോലിക്കാരിയായെത്തുന്നു. ലുപിറ്റയെ കൂടാതെ, ആദിവാസി നേതാവായും വിനയിയുടെ ബോസായുമൊക്കെ കെനിയൻ താരങ്ങളുടെ സാന്നിധ്യം ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ആന്‍റ് ദി ഓസ്‌കാർ ഗോസ് ടു
സലിം അഹമ്മദ് തിരക്കഥയെഴുതി സംവിധാനം ചെയ്‌ത ആന്‍റ് ദി ഓസ്‌കാർ ഗോസ് ടു എന്ന ടൊവിനോ ചിത്രത്തിൽ മരിയയായി അഭിനയിച്ചത് കനേഡിയൻ താരമായ നിക്കി റേ ഹാലോയാണ്. ഇവരെ കൂടാതെ മോര്‍ഗൻ ലേ ബ്ലാങ്ക്, ആമ്പർ ഷോൺ, ജൂലിയോ മാറ്റിയോ, നോര്‍ട്ടൺ മാ തുടങ്ങിയ വിദേശ താരങ്ങളും ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. സിനിമയോട് അതിയായ അഭിനിവേശമുള്ള സംവിധായകന്‍റെ കഥ പറഞ്ഞ ആന്‍റ് ദി ഓസ്‌കാർ ഗോസ് ടു കഴിഞ്ഞ വർഷമാണ് പുറത്തിറങ്ങിയത്.
കുമ്പളങ്ങി നൈറ്റ്സ്
കുമ്പളങ്ങി നൈറ്റ്സ് എഫക്‌ട് അവതരണത്തിലും കഥയിലും മാത്രമല്ല പ്രേക്ഷകനെ ആകർഷിച്ചത്. പോയ വർഷത്തെ ഹിറ്റുകളിൽ ഇടം പിടിച്ച ശ്യാം പുഷ്‌കരൻ തിരക്കഥയെഴുതി മധു സി. നാരായണൻ ആദ്യമായി സംവിധാനം ചെയ്‌ത ചിത്രത്തിലെ കഥാപാത്രങ്ങളുടെ മാസ്‌മരിക പ്രകടനം എടുത്തുപറയേണ്ടത് തന്നെയാണ്. ഫഹദ് ഫാസിൽ, സൗബിൻ ഷാഹിർ, ഷെയിൻ നിഗം, ശ്രീനാഥ് ഭാസി പോലെ പ്രേക്ഷകരുടെ വിശ്വാസം പിടിച്ചുപറ്റിയ യുവതാരങ്ങൾക്കൊപ്പം അന്ന ബെൻ, മാത്യു തോമസ് എന്നിവരും അത്യുഗ്രമായ അഭിനയം കാഴ്‌ചവച്ചു. കുമ്പളങ്ങി നൈറ്റ്‌സിൽ ശ്രീനാഥ് ഭാസിയുടെ ബോണിക്ക് കൂട്ടായെത്തുന്ന നൈല എന്ന വിദേശ വനിതയായെത്തിയത് ന്യൂയോർക്കിലെ മോഡൽ കൂടിയായ ജാസ്മിന്‍ മെറ്റിവിയറാണ്. കുമ്പളങ്ങിയിലെ ഒരു ചിരിയോടൊപ്പം ജാസ്‌മിൻ കയറിക്കൂടിയത് മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ കൂടിയായിരുന്നു.
സുഡാനി ഫ്രെം നൈജീരിയ
മലപ്പുറത്തിന്‍റെ ജീവനായ കാൽപന്ത് കളിക്കൊപ്പം മജീദും സുഡാനിയും തുടക്കത്തിൽ കാണികളെ ആവേശ ഭരിതരാക്കി, പിന്നീട് വൈകാരിക അന്തരീക്ഷത്തിലൂടെ കൂട്ടികൊണ്ടു പോയി... അങ്ങനെ മനോഹരമായ നന്മയുടെ കഥ സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകനും മനസ്സിൽ സൂക്ഷിച്ചു. സൗബിൻ ഷാഹിറും സാമുവേൽ റോബിൻസണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സുഡാനി ഫ്രെം നൈജീരിയ സക്കരിയ മുഹമ്മദിന്‍റെ മാസ്റ്റർ പീസ് ചിത്രം കൂടിയാണെന്ന് പറയാം. ചിത്രത്തിൽ നൈജീരിയയിൽ നിന്നെത്തുന്ന സുഡു മോനെ സാമുവേല്‍ അബിയോള റോബിന്‍സണാണ് വൈകാരിക അഭിനയമുഹൂർത്തങ്ങളിലൂടെ കാമറക്ക് മുന്നിൽ മികവുറ്റതാക്കിയത്. നൈജീരിയക്കാരനാണെങ്കിലും സാമുവൽ മലയാളിക്ക് അന്യനല്ല. കേരളത്തിന്‍റെ പ്രിയപ്പെട്ട സുഡാനിയായാണ് ഇന്നും സാമുവൽ റോബിൻസണിനെ ആരാധകർ പരിഗണിക്കുന്നത്.
ബാംഗ്ലൂർ ഡെയ്‌സ്
ന്യൂ ജനറേഷൻ ഹിറ്റുകളിൽ ഇടം പിടിച്ച ബാംഗ്ലൂർ ഡെയ്‌സിൽ അതിഥിവേഷമായിരുന്നെങ്കിലും ഫ്രാൻസിൽ വളർന്ന് കേരളത്തിന്‍റെ സ്വന്തം നായികയായി മാറിയ പാരിസ് ലക്ഷ്‌മി നിർണായക സാന്നിധ്യമറിയിക്കുന്നു. അഞ്‌ജലി മേനോൻ സംവിധാനം ചെയ്‌ത ചിത്രത്തിൽ ഭാരതസംസ്‌കാരം തേടിയെത്തിയ വിദേശ വനിത മിഷേലിനെയാണ് നിവിൻ പോളിയുടെ കുട്ടൻ എന്ന കഥാപാത്രം ജീവിതസഖിയാക്കുന്നത്. ബാംഗ്ലൂർ ഡെയ്‌സിന് പുറമെ ഓലപ്പീപ്പി, ടിയാൻ, സാൾട്ട് മാൻഗോട്രീ ചിത്രങ്ങളിലും പാരിസ് ലക്ഷ്‌മി അഭിനയിച്ചിട്ടുണ്ട്.
കിലോമീറ്റേഴ്‌സ് ആന്‍റ് കിലോമീഴ്‌സ്
കൊവിഡിൽ പുതിയ സിനിമകളുടെ റിലീസ് അനിശ്ചിതാവസ്ഥയിലായ സാഹചര്യത്തിൽ മിനിസ്‌ക്രീനിലൂടെ റിലീസിനെത്തി ചരിത്രം സൃഷ്‌ടിച്ച മലയാള ചിത്രമാണ് കിലോമീറ്റേഴ്‌സ് ആന്‍റ് കിലോമീഴ്‌സ്. റോഡ്- മൂവിയായി ജിയോ ബേബി സംവിധാനം ചെയ്‌ത ചിത്രത്തിൽ ടൊവിനോയുടെ നായിക അമേരിക്കൻ വംശജയായ ഇന്ത്യ ജാര്‍വിസാണ്. ലോട്ടറിയടിച്ച കാശിന് ഇന്ത്യ മുഴുവൻ ചുറ്റിക്കറങ്ങാനെത്തുന്ന കാതറിൻ എന്ന യുഎസ് പെൺകുട്ടിയെയാണ് ഇന്ത്യ ജാര്‍വിസ് ചിത്രത്തിൽ അവതരിപ്പിച്ചത്. നടിയുടെ രക്ഷകർത്താക്കൾക്ക് ഇന്ത്യയോടുള്ള ആകർഷണമാണ് മകൾക്ക് ഇന്ത്യ ജാര്‍വിസ് എന്ന് പേരിടാനുള്ള കാരണം. കിലോമീറ്റേഴ്‌സ് ആന്‍റ് കിലോമീറ്റേസിൽ അഭിനയിച്ചുകൊണ്ട് ഇന്ത്യയോടുള്ള ഇഷ്‌ടം താരവും വ്യക്തമാക്കി.
വിദേശ അതിഥികളുടെ സിനിമാ സ്‌പർശം അവസാനിക്കുന്നില്ല. അമൽ നീരദിന്‍റെ ഇയ്യോബിന്‍റെ പുസ്തകം, മുകേഷ് നായകനായ ഒറ്റയാൾ പട്ടാളം, ദുൽഖർ ചിത്രം എബിസിഡിയിലെ സാവന, കായംകുളം കൊച്ചുണ്ണിയിലെ വെള്ളക്കാർ, സപ്‌തമ ശ്രീ തസ്‌കരയിലെ സർക്കസുകാരിയെല്ലാം മലയാളി ഇരുകൈയും നീട്ടി സ്വീകരിച്ച താരങ്ങളാണ്. കൊവിഡും ലോക്ക് ഡൗണും കാരണം റിലീസ് വൈകുന്ന ബിഗ് ബജറ്റ് ചിത്രം കുഞ്ഞാലിമരക്കാർ അറബിക്കടലിന്‍റെ സിംഹത്തിലും ബ്ലെസ്സിയുടെ ആടുജീവിതത്തിലും മലയാളത്തോടുള്ള ഇഷ്‌ടം ആവർത്തിക്കാനായി വിദേശ താരങ്ങൾ എത്തുന്നുണ്ട്. കോളനി ഭരണത്തിന്‍റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന പ്രിയദർശൻ ചിത്രം കുഞ്ഞാലിമരക്കാറിൽ ബ്രിട്ടീഷ് ഓഫീസർമാരായി നിരവധി അന്യദേശ താരങ്ങൾ നിർണായക വേഷങ്ങളെ അവതരിപ്പിക്കുന്നു. ബെന്യാമിന്‍റെ ആടുജീവിതമെന്ന നോവലിനെ ആസ്‌പദമാക്കി പൃഥ്വിരാജ് നായകനാകുന്ന ആടുജീവിതത്തിന്‍റെ ചിത്രീകരണം ജോർദാനിൽ വച്ചായിരുന്നു. പ്രേക്ഷകർ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിൽ ഇന്ത്യക്കാരല്ലാത്ത അഭിനേതാക്കൾ സിനിമയുടെ പ്രധാന ഭാഗങ്ങളിൽ പ്രത്യക്ഷപ്പെടുന്നു.