മലയാളത്തിൽ പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും നേടിയ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണിന്‍റെ തമിഴ് റീമേക്കിന്‍റെ ചിത്രീകരണം പുരോഗമിക്കുന്നു. തെന്നിന്ത്യക്ക് സുപരിചിതയായ ഐശ്വര്യ രാജേഷാണ് തമിഴിൽ പ്രധാന വേഷം ചെയ്യുന്നത്. സുരാജ് വെഞ്ഞാറമ്മൂടിന്‍റെ റോളിൽ ദേശീയ അവാർഡ് ജേതാവും നടനും തിരക്കഥാകൃത്തും സംവിധായകനുമായ രാഹുൽ രവീന്ദ്രനാണ് എത്തുന്നത്.
സിനിമയുടെ ചിത്രീകരണ വിശേഷങ്ങൾ ചിത്രങ്ങള്‍ സഹിതം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ ആർ കണ്ണൻ. ജയം കൊണ്ടാൻ, കണ്ടേൻ കാതലൈ, സേട്ടൈ , ബിസ്‌കോത്, ഇവൻ തന്തിരൻ എന്നീ ചിത്രങ്ങളുടെ സംവിധായകനായ കണ്ണൻ മണിരത്നത്തിന്‍റെ കീഴിൽ പ്രവർത്തിച്ചിട്ടുമുണ്ട്. 2008ൽ റിലീസ് ചെയ്‌ത ജയം കൊണ്ടാൻ സിനിമയുടെ ഛായാഗ്രഹകനാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണിന്‍റെ തമിഴ് പതിപ്പിനും കാമറ ചലിപ്പിക്കുന്നത്. പ്രതിഭാശാലിയെന്നതിലുപരി മഹത്തായ വ്യക്തിത്വത്തിനുടമ കൂടിയാണ് ബാലസുബ്രഹ്മണ്യമെന്ന് സംവിധായകൻ ട്വിറ്ററില്‍ കുറിച്ചു. സിനിമയുടെ ലൊക്കേഷനിൽ നിന്നും ഛായാഗ്രാഹകനൊപ്പമുള്ള ചിത്രങ്ങളും ആർ കണ്ണൻ ട്വീറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
തമിഴ്‌നാട്ടിലെ കാരക്കുടിയും പരിസര പ്രദേശങ്ങളുമാണ് സിനിമയുടെ ലൊക്കേഷൻ. തെലുങ്കിലും ചിത്രം പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്. മലയാളത്തിൽ നിമിഷ സജയനും സുരാജ് വെഞ്ഞാറമ്മൂടും പ്രധാന താരങ്ങളായ ചിത്രം സംവിധാനം ചെയ്‌തത് ജിയോ ബേബിയായിരുന്നു.