ചെറിയ ലോകത്തെ വലിയ സംവിധായകൻ, മലയാളസിനിമയെ അന്താരാഷ്‌ട്ര തലങ്ങളിലെത്തിച്ച ജി. അരവിന്ദന്‍റെ 29-ാം ഓർമദിനമാണിന്ന്. സംവിധാനത്തിന് പുറമെ കാർട്ടൂണിസ്റ്റായും സംഗീതജ്ഞനായും തിരക്കഥാകൃത്തായുമൊക്കെ പ്രശസ്‌തനാണ് ഗോവിന്ദൻ നായർ അരവിന്ദൻ എന്ന ജി. അരവിന്ദൻ. എണ്‍പതുകളില്‍ മലയാള സിനിമയുടെ ശൈലിയിൽ കാര്യമായ മാറ്റങ്ങൾ കൊണ്ടുവന്ന സംവിധായകൻ 1935 ജനുവരി 21ന് കോട്ടയത്ത് ജനിച്ചു. എഴുത്തുകാരനായിരുന്ന എം.എന്‍. ഗോവിന്ദന്‍നായരായിരുന്നു അദ്ദേഹത്തിന്‍റെ അച്ഛന്‍. സി.എം.സ് കോളജിൽ നിന്നും ബിരുദമെടുത്ത അരവിന്ദൻ സിനിമയിൽ സജീവമാകുന്നതിന് മുമ്പ് കാർട്ടൂണിസ്റ്റ് എന്ന പേരിൽ പ്രശസ്‌തനായിരുന്നു. ഫലിതങ്ങൾക്കൊപ്പം വായനക്കാരെ ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ച 'ചെറിയ മനുഷ്യരും വലിയ ലോകവും' പോലുള്ള കാർട്ടൂണുകൾ അദ്ദേഹത്തിന്‍റെ മാസ്റ്റർപീസുകളിൽ ചിലതാണ്.
സുഹൃത്തുക്കളായ തിക്കോടിയനും പട്ടത്തുവിള കരുണാകരനുമൊപ്പം ചേർന്ന് തന്‍റെ ആദ്യ സംവിധാനത്തിലേക്ക് അദ്ദേഹം ചുവടുവച്ചു. ഇന്ത്യയ്‌ക്ക് പുറത്തും നിരവധി ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കപ്പട്ട ഉത്തരായനം എന്ന ചിത്രത്തിന് ശേഷം തമ്പ്, കാഞ്ചന സീത, ചിദംബരം, വാസ്‌തുഹാര, എന്നിങ്ങനെ നിരവധി ചിത്രങ്ങളിലൂടെ മലയാളസിനിമയിൽ ഒരു വേറിട്ട മുഖമായി മാറി അരവിന്ദൻ ജി. വ്യത്യസ്‌ത ചിത്രങ്ങളുടെ അമരക്കാരനാകാനും സമാന്തര ചലച്ചിത്രങ്ങളുടെ അഗ്രഗാമിയാകാനും അരവിന്ദനെ സഹായിച്ചത് വിവിധ കലകളിലുള്ള അദ്ദേഹത്തിന്‍റെ അഭിരുചിയും നൈപുണ്യവും പരിചയവുമാണെന്ന് പറയാം. അതുകൊണ്ടു തന്നെയാണ്, കാര്‍ട്ടൂണിന്‍റെയും രേഖാചിത്രങ്ങളുടെയും പെയിന്‍റിങ്ങിന്‍റെയും ക്ലാസിക്കൽ സംഗീതത്തിന്‍റെയും നാടോടിപ്പാട്ടുകളുടെയും പ്രകടനകലകളുടെയുമൊക്കെ അംശം അരവിന്ദൻ സിനിമകളിൽ പ്രകടമാകുന്നതും.
പലായനത്തെയും പ്രവാസത്തെയും ഗ്രാമത്തിലേക്ക് വികസനമെത്തുമ്പോഴുള്ള അസ്ഥിരതയെയും തെറ്റുകൾക്കുള്ള മനുഷ്യന്‍റെ കുറ്റബോധത്തെയും ഉൾനാടൻ ഗ്രാമത്തിലെത്തുന്ന സർക്കസ് സംഘത്തെയും അധികാരം,മാനുഷികത, അനുകമ്പ, സ്നേഹം, കര്‍ത്തവ്യം തുടങ്ങിയ മനുഷ്യന്‍റെ വേറിട്ട വികാരങ്ങളെയുമൊക്കെ ക്യാമറുയുടെ ഫ്രെയിമുകളിലൂടെ കഥയാക്കി വിവരിക്കാൻ അരവിന്ദന് കഴിഞ്ഞു. സിനിമകളും ലഘുചിത്രങ്ങളും സംവിധാനം ചെയ്ത ജി. അരവിന്ദൻ യാരോ ഒരാള്‍, എസ്തപ്പാന്‍, ഒരേ തൂവല്‍ പക്ഷികള്‍, പിറവി എന്നീ ചിത്രങ്ങളിൽ സംഗീത സംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട്.
എണ്‍പതുകളെ മാറ്റിയെഴുതിയ മലയാളത്തിന്‍റെ പ്രിയസംവിധായകൻ മൂന്ന് ദേശീയ അവാർഡും ഏഴ് സംസ്ഥാന അവാർഡും സ്വന്തമാക്കിയിട്ടുണ്ട്. എഴുതി തയ്യാറാക്കിയ തിരക്കഥയിൽ ഒരിക്കലും സിനിമയെടുക്കാത്ത, സംവിധാനത്തിൽ ഒരിക്കലും ‘സ്റ്റാർട്ട്’ ‘കട്ട്’ പറയാത്ത, അരവിന്ദൻ എന്ന അത്ഭുതം 1991 മാര്‍ച്ച് 15നാണ് കൺമറഞ്ഞത്. അന്നും ഇന്നും യശസ്സോടെ ചേർത്തുപിടിക്കാൻ അരവിന്ദൻ എന്ന പ്രതിഭ കേരളക്കരയിൽ പിറന്നുവെന്നത് മലയാളികളുടെ ഒരു അഭിമാനവും അഹങ്കാരവുമാണ്.