മലയാളത്തില്‍ പുതുവര്‍ഷത്തില്‍ റിലീസിനെത്തി ഏറ്റവും കൂടുതല്‍ നിരൂപക പ്രശംസ നേടിയ സിനിമയാണ് ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍. ഇന്ത്യന്‍ സിനിമയിലെ എല്ലാ മേഖലയിലും ചര്‍ച്ചയായ സിനിമ സംവിധാനം ചെയ്‌തത് ജിയോ ബേബിയായിരുന്നു. സിനിമയുടെ വിജയത്തിന് ശേഷം തമിഴിലും തെലുങ്കിലും റീമേക്ക് ഉടന്‍ വരുമെന്ന് പ്രഖ്യാപനങ്ങളുണ്ടായിരുന്നു. ഇപ്പോള്‍ രണ്ട് റീമേക്കിലും ഐശ്വര്യ രാജേഷ് നായികയാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനുമായിരുന്നു ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തമിഴ് സിനിമാ സംവിധായകനായ ആര്‍.കണ്ണനാണ് ചിത്രത്തിന്‍റെ തമിഴ്, തെലുങ്ക് റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം മാര്‍ച്ചില്‍ കാരക്കുടിയില്‍ ആരംഭിക്കും. അതേസമയം ആരാണ് നായകനെന്നതില്‍ വ്യക്തത വന്നിട്ടില്ല. പട്ടുകോട്ടൈ പ്രഭാകരനാണ് സിനിമക്കായി സംഭാഷണം എഴുതുക.
അഥര്‍വ, അനുപമ പരമേശ്വരന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ തള്ളി പോഗാതെ എന്ന സിനിമയാണ് റിലീസിന് തയ്യാറെടുക്കുന്ന ആര്‍.കണ്ണന്‍റെ മറ്റൊരു സിനിമ. ആനുകാലിക പ്രസക്തിയുള്ള വിഷയങ്ങള്‍ ഒരു സാധാരണ കുടുംബത്തെ പശ്ചാത്തലമാക്കി അവതരിപ്പിക്കുകയായിരുന്നു ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന സിനിമയില്‍. കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് എന്ന ടൊവിനോ ചിത്രത്തിന് ശേഷം ജിയോ ബേബി സംവിധാനം ചെയ്‌ത സിനിമ കൂടിയാണിത്. അടുക്കള പുറങ്ങളില്‍ തളച്ചിടുന്ന സ്ത്രീകളെ കുറിച്ചും ദാമ്പത്യ ജീവിതത്തെ കുറിച്ചും കുടുംബങ്ങളിലെ പുരുഷാധിപത്യത്തെ കുറിച്ചുമെല്ലാം സിനിമ സംസാരിക്കുന്നുണ്ട്.