വീട്ടിൽ ബീഫ് കയറ്റില്ലെന്ന് കൃഷ്‌ണ കുമാർ പറഞ്ഞുവെന്ന പ്രസ്താവനയിലും പിന്നാലെ തന്‍റെ പേര് കൂടി ചേർത്ത് വന്ന ട്രോളുകളിലും പ്രതികരിച്ച് നടി അഹാന കൃഷ്‌ണ. വീട്ടിൽ ബീഫ് കയറ്റില്ല എന്ന് പറയുന്ന അച്ഛന്‍റെ വാദം പൊളിച്ചടുക്കുന്ന മകൾ എന്ന കാപ്‌ഷനോടെയായിരുന്നു അഹാനയുടെയും അച്ഛൻ കൃഷ്‌ണ കുമാറിന്‍റെയും ട്രോളുകൾ പ്രചരിച്ചത്. എന്നാൽ, ഇത്തരം ട്രോളുകൾക്ക് കുറച്ച് മര്യാദ വേണമെന്നാണ് നടി ഇൻസ്റ്റഗ്രാമിൽ പറഞ്ഞത്. ഒപ്പം, തന്‍റെ അച്ഛൻ ബീഫ് വീട്ടിൽ കയറ്റില്ലെന്ന് പറഞ്ഞിട്ടില്ലെന്നും അഹാന പറഞ്ഞു.
താൻ ഏത് ഭക്ഷണവും ഇഷ്‌ടപ്പെടുന്ന ആളാണെന്നും ഇറച്ചി കഴിക്കാറുണ്ടെന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കൃഷ്ണ കുമാർ പറയുന്നുണ്ട്. പശുവിനെ കൊല്ലുന്നതിനോട് വിയോജിപ്പുണ്ട്. എന്നാൽ, ബീഫ് വീട്ടിൽ കയറ്റില്ലെന്ന വാർത്ത ട്രോളന്മാരും നവമാധ്യമങ്ങളും വളച്ചൊടിച്ചതാണെന്ന് അഹാന വീഡിയോ പങ്കുവച്ചുകൊണ്ട് വ്യക്തമാക്കി. ഒപ്പം, ബീഫിനെ കുറിച്ചുള്ള തന്‍റെ പോസ്റ്റിലും നടി വിശദീകരണം നൽകി. സിനിമയുടെ പ്രൊഡക്ഷൻ ടീമിലെ ഭക്ഷണമാണ് അതെന്നും അമ്മ പാചകം ചെയ്ത ഭക്ഷണമല്ലെന്നും അഹാന കൃഷ്ണ പറഞ്ഞു.
![ബീഫ് വീട്ടിൽ കയറ്റില്ല അഹാന പുതിയ വാർത്ത മര്യാദയൊക്കെ വേണ്ടെ അഹാന പുതിയ വാർത്ത വ്യാജവാർത്തകൾക്കെതിരെ അഹാന വാർത്ത ട്രോളന്മാരോട് അഹാന വാർത്ത കൃഷ്‌ണ കുമാർ അഹാന ബീഫ് വാർത്ത beef cooking ahaana news latest beef cooking krishna kumar news latest ahaana to trollers news latest bjp candidate krishnakumar ahaana news latest](https://etvbharatimages.akamaized.net/etvbharat/prod-images/11213423_ahaanan.jpg)
രണ്ട് വ്യക്തികളെന്ന രീതിയിൽ തനിക്കും അച്ഛനും വ്യത്യസ്‌ത അഭിപ്രായങ്ങളാണെന്നും അത് കുടുംബത്തിന്‍റെ മുഴുവൻ കാഴ്‌ചപ്പാടായി വ്യാഖാനിച്ച് ട്രോളുന്ന പ്രവണതക്കെതിരെയും അഹാന സംസാരിച്ചു. "കുറച്ചുനാളുകളായി ഞാൻ പറയുന്നത് എന്‍റെ കുടുംബത്തിന്‍റേതായി വ്യാഖ്യാനിക്കുന്നു. അങ്ങനെ അതിന് എന്‍റെ കുടുംബവും ട്രോൾ ചെയ്യപ്പെടുന്നു. അച്ഛൻ എന്തെങ്കിലും പറഞ്ഞാൽ അത് എന്‍റേതായും വ്യാഖ്യാനിക്കപ്പെടുന്നു. രാഷ്ട്രീയം രണ്ടാമത്തെ കാര്യമാണ്. അതെല്ലാം മാറ്റിവച്ച് നിങ്ങൾ ചെയ്യുന്ന കാര്യങ്ങളിൽ സ്വയം ആത്മപരിശോധന നടത്തൂ. ദയവായി നല്ല മനുഷ്യനാകാൻ ശ്രമിക്കൂ," എന്ന് അഹാന കൃഷ്‌ണ കൂട്ടിച്ചേർത്തു.
നടനായും മാധ്യമപ്രവർത്തകനായും മലയാളിക്ക് സുപരിചിതനായ കൃഷ്‌ണകുമാർ ഇത്തവണ തിരുവനന്തപുരത്ത് നിന്നും എൻഡിഎ സ്ഥാനാർഥിയായി മത്സരിക്കുന്നുണ്ട്.