സ്വതസിദ്ധമായ നർമം ഭാവങ്ങളാക്കി അത് പ്രേക്ഷകരിലേക്ക് കൃത്യമമില്ലാതെ പകർന്നുനൽകിയ കലാകാരനാണ് അടൂർ ഭാസി. ഹാസ്യവും ശൃംഗാരവും രൗദ്രവും ഭയാനകവും.. നേർത്തതും കരുത്തുറ്റതുമായ എത്രയേറെ കഥാപാത്രങ്ങൾ. ഹാസ്യത്തിന്‍റെ തമ്പുരാനായി അരങ്ങ് വാഴുമ്പോഴും എഴുത്തുകാരനായും പത്രപ്രവര്‍ത്തകനായും സാംസ്കാരികമേഖലയിലും പിന്നീട് ഗായകനായും സംവിധായകനായും രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പുള്ള മലയാള സിനിമയിലും അദ്ദേഹം സജീവസാന്നിധ്യമായിരുന്നു.

പ്രശസ്ത ഹാസ്യസാഹിത്യകാരൻ ഇ.വി കൃഷ്ണപിള്ളയുടെയും ബി മഹേശ്വരിയമ്മയുടെയും നാലാമത്തെ മകനായി അടൂർ പെരിങ്ങനാട്ട് ജനിച്ചു. ഭാസ്കരൻ നായർ എന്നാണ് യഥാർഥ പേര്. വീരകേസരി, സഖി തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ പത്രപ്രവർത്തകനായും ആകാശവാണിയിലും സേവനമനുഷ്‌ഠിച്ച ശേഷം നാടകത്തിലെത്തി.

നസീർ, സത്യൻ എന്നിവർ അഭിനയിച്ച ത്യാഗസീമയിലൂടെ ചുവട് കുറിച്ചെങ്കിലും ചിത്രം പുറത്തിറങ്ങിയില്ല. 1953ൽ പുറത്തിറങ്ങിയ തിരമാലയാണ് പുറത്തിറങ്ങിയ അടൂർ ഭാസിയുടെ ആദ്യചിത്രം. എന്നാൽ, സിനിമയിൽ അദ്ദേഹത്തിന് വളരെ ചെറിയൊരു വേഷമായതിനാൽ തന്നെ സിനിമ തനിക്കിണങ്ങുന്നതല്ലെന്ന് കരുതി ഉപേക്ഷിച്ചു. പിന്നീട് സിനിമ കലാകാരനെ തേടി വരികയായിരുന്നു.

എട്ട് വർഷങ്ങൾക്ക് ശേഷം രാമു കാര്യാട്ട് എന്ന സംവിധായകനിലൂടെ രണ്ടാം വരവ് നടത്തുമ്പോൾ അടൂർ ഭാസിക്ക് പിന്നോട്ട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. മുടിയനായ പുത്രൻ ചിത്രത്തിൽ ശ്രദ്ധേയവേഷം. ഹാസ്യം മാത്രമാക്കാതെ സഹതാരമായും ജോൺ എബ്രഹാമിന്‍റെ ചെറിയച്ഛന്‍റെ ക്രൂരകൃത്യങ്ങൾ ചിത്രത്തിൽ നായകനായും അടൂർ ഭാസി അഭിനയത്തിന്‍റെ പടവുകൾ കയറി. മധ്യതിരുവിതാംകൂര്‍ ഭാഷ ഉപയോഗിച്ച് ഹാസ്യം തൊടുത്തുവിട്ട് സിനിമയുടെ അഭിഭാജ്യമായി.

ചട്ടക്കാരി, ലങ്കാദഹനം, നഗരമേ നന്ദി, ഉത്തരായനം, സ്ഥാനാര്‍ഥി സാറാമ്മ തുടങ്ങി എഴുന്നൂറോളം ചിത്രങ്ങളിലാണ് ഭാസിയുടെ അഭിനയപ്രതിഭ മാറ്റുരച്ചത്. നിത്യഹരിത നായകൻ പ്രേംനസീറിനൊപ്പമായിരുന്നു അദ്ദേഹത്തിന്‍റെ ഭൂരിഭാഗം ചിത്രങ്ങളും. ഏറ്റവും കൂടുതൽ തവണ ജോഡിയായി വേഷമിട്ടത് ശ്രീലതക്കൊപ്പമായിരുന്നു.
ഏപ്രിൽ 18 എന്ന ബാലചന്ദ്രമേനോൻ ചിത്രത്തിലെ അഴിമതി നാറാപിള്ള മലയാളം മറക്കാത്ത കഥാപാത്രമാണ്. നർമമുഖത്തിൽ ചിരപരിചിതനായിരുന്ന അടൂർ ഭാസിയുടെ ഈ പ്രതിനായകവേഷത്തിനാകട്ടെ 1984ൽ സംസ്ഥാന സർക്കാർ മികച്ച സഹനടനുള്ള അവാർഡ് നൽകി ആദരിച്ചു.

കാമറക്ക് മുന്നിൽ ഭാവങ്ങൾ മിന്നിമറയുന്നത് ആവോളം ആസ്വദിച്ച പ്രേക്ഷകന് സംവിധാനത്തിലൂടെയും അദ്ദേഹം ദൃശ്യവിരുന്നൊരുക്കി. ആദ്യപാഠം ആയിരുന്നു ആദ്യത്തെ സംവിധാന ചിത്രം. അച്ചാരം അമ്മിണി ഓശാരം ഓമന, രഘുവംശം, മല്ലനും മാതേവനും തുടങ്ങിയ ചിത്രങ്ങളും കാമറക്ക് പിന്നിൽ നിന്ന് അടൂർ ഭാസി സൃഷ്‌ടിച്ച സിനിമകളാണ്. അഭിനയത്തിലെയും സംവിധാനത്തിലെയും കലാപ്രതിഭ ഗാനാലാപനത്തിലും അദ്ദേഹം പ്രകടിപ്പിച്ചു.

തിരുവനന്തപുരം കോർപ്പറേഷനിൽ വഴുതക്കാട് വാർഡിൽ നിന്നും ആർഎസ്പി സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. ബ്ലാക്ക് ആൻഡ് വൈറ്റ് യുഗത്തിൽ തുടങ്ങി മലയാള സിനിമയിൽ നിറങ്ങളെത്തുമ്പോഴും അടൂർ ഭാസി തന്‍റെ അഭിനയജീവിതം തുടർന്നു. അവസാനകാലത്ത് വൃക്കരോഗങ്ങളാൽ ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. 1990 മാർച്ച് 29ന് വൃക്ക രോഗത്തെ തുടർന്നായിരുന്നു അദ്ദേഹം ജീവിതത്തിന്‍റെ കളമൊഴിഞ്ഞത്. നർമത്തിൽ മേമ്പൊടികൾ ചേർക്കാതെ തന്‍റെ ആസ്വാദകരെ പൊട്ടിച്ചിരിപ്പിച്ച് മലയാളസിനിമയുടെ ഒരു യുഗം കടന്നുപോയപ്പോൾ, അടൂർ ഭാസി എന്ന അഭിനയ പ്രതിഭ ഒഴിച്ചിട്ടുപോയ ഹാസ്യചക്രവർത്തിയുടെ സിംഹാസനം ഇന്നും ശൂന്യം.
