കഴിഞ്ഞ കുറച്ച് നാളുകളായി തനിക്കെതിരെയുണ്ടായ ആരോപണങ്ങളിലും വിവാദങ്ങളിലും സൈബര്‍ ആക്രമണങ്ങളിലും പ്രതികരിച്ചിരിക്കുകയാണ് യുവനടി അഹാന കൃഷ്ണകുമാര്‍. ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് ഒരിക്കന്‍ നടി പോസ്റ്റ് ചെയ്ത ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. 'ശനിയാഴ്ച ഒരു വലിയ രാഷ്ട്രീയ അഴിമതി പുറത്തു വരുന്നു... ഞായറാഴ്ച അപ്രതീക്ഷിതമായി തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നു' ഇതായിരുന്നു അഹാനയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി. ഇതിനെതിരെ നിരവധി പേര്‍ അഹാനയെയും കുടുംബത്തെയും അവഹേളിച്ച് കൊണ്ട് കമന്‍റുകളും പോസ്റ്റുകളുമിറക്കിയിരുന്നു. ആദ്യം തന്‍റെ യുട്യൂബ് ചാനലില്‍ സൈബര്‍ ബുള്ളീസിന് ഒരു ലവ് ലെറ്റര്‍ എന്ന വീഡിയോ പോസ്റ്റുചെയ്തു കൊണ്ടാണ് അഹാന വിവാദത്തില്‍ പ്രതികരിച്ചത്. പിന്നീടാണ് ഇപ്പോള്‍ വിഷയത്തില്‍ തുറന്ന മറുപടി ഒരു മാധ്യമത്തിന് നല്‍കിയത്.
താൻ പറഞ്ഞ യഥാർഥ കാര്യത്തിനല്ല ഭൂരിപക്ഷം ആളുകളും തന്നോട് വിശദീകരണം ചോദിക്കുന്നതെന്നും അതിന് പകരം തന്‍റെ വാക്കുകൾ ഒരു മാധ്യമപ്രവർത്തകൻ വളച്ചൊടിച്ച് പ്രചരിപ്പിക്കുകയായിരുന്നുവെന്നും അഹാന പറയുന്നു. കൊറോണ അല്ലെങ്കിൽ കൊവിഡ് എന്ന വാക്കുകൾ താൻ ഉപയോഗിച്ചിട്ടില്ല. ലോക്ക് ഡൗണിന്‍റെ ആവശ്യമില്ലെന്ന് താൻ എവിടേയും പറഞ്ഞിട്ടില്ലെന്നും അഹാന വ്യകതമാക്കി. ഈ പ്രശ്‌നം സംഭവിക്കുമ്പോൾ താൻ വീട്ടിൽ ഉണ്ടായിരുന്നില്ല, ജോലിയുടെ ഭാഗമായി മറ്റൊരു ജില്ലയിലായിരുന്നു. പുലർച്ചെ വീട്ടിലോട്ട് തിരിച്ച തനിക്ക് അടുത്ത ദിവസം മനസിൽ തോന്നിയ രണ്ട് ചിന്തകൾ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവെയ്ക്കുകയായിരുന്നുവെന്നും അഹാന പറഞ്ഞു. ഒരു രാഷ്ട്രീയപാർട്ടിയെക്കുറിച്ചോ ഒരു നേതാവിനെക്കുറിച്ചോ മോശമായി ഒരു വാക്ക് പോലും താന്‍ പറഞ്ഞിട്ടില്ലെന്നും അഭിപ്രായം സ്വാതന്ത്ര്യം നിങ്ങൾക്കുള്ളത് പോലെ എനിക്കുമുണ്ടെന്നും അഹാന വ്യക്തമാക്കി.