ചെന്നൈ: അന്തരിച്ച തമിഴ് നടന്‍ വിവേകിന്‍റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ മേട്ടുകുപ്പത്ത് നടന്നു. വെള്ളിയാഴ്ചയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് വിവേകിനെ വടപളനിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതീവ ഗുരുതരാവസ്ഥയിലായിരുന്ന വിവേക് ശനിയാഴ്ച പുലര്‍ച്ചെ മരണത്തിന് കീഴടങ്ങി. അക്യൂട്ട് കൊറോണറി സിന്‍ഡ്രോമിനൊപ്പമുള്ള ഹൃദയാഘാതമാണ് വിവേകിന് സംഭവിച്ചതെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കിയിരുന്നു. ചെന്നൈ സാലിഗ്രാമത്തിലുള്ള വസതിയില്‍ പൊതുദര്‍ശനത്തിനായി മൃതദേഹം എത്തിച്ചപ്പോള്‍ തമിഴ് സിനിമാലോകം അവിടേക്ക് ഒഴുകിയെത്തി. വിവേകിന്‍റെ ആരാധകരുടെ നീണ്ട നിരയാണ് പ്രിയ താരത്തിന്‍റെ മുഖം അവസാനമായി കാണുന്നതിനായി വസതിക്ക് മുന്നിലുണ്ടായിരുന്നത്.
Also read: ചിരിപ്പിച്ചും ചിന്തിപ്പിച്ചും കൺമറഞ്ഞ യുഗം; ചിന്ന കലൈവാനർ ഇനി ഓർമ
പൊതുദര്‍ശനത്തിന് ശേഷം 6.30 ഓടെ ഔഗ്യോഗിക ബഹുമതികളോടെ മേട്ടുകുപ്പം ഇലക്ട്രിക് ശ്മശാനത്തില്‍ സംസ്‌കരിച്ചു. 1987ൽ മനതിൽ ഒരുത്തി വേണ്ടും എന്ന ചിത്രത്തിലൂടെയാണ് വിവേക് സിനിമാരംഗത്ത് എത്തുന്നത്. തമിഴിലെ മുഖ്യഹാസ്യതാരമായിരുന്നു. റൺ, ഖുശി, മിന്നലേ തുടങ്ങി നിരവധി തമിഴ് ചിത്രങ്ങളിൽ നിറഞ്ഞുനിന്നു. ടിവി അവതാരകനായും താരം തിളങ്ങിയിട്ടുണ്ട്. അഞ്ച് തവണ തമിഴ്നാട് സർക്കാരിന്‍റെ മികച്ച ഹാസ്യനടനുള്ള പുരസ്കാരം ലഭിച്ചു. 2009ൽ രാജ്യം പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു.
Also read: നിങ്ങൾ വച്ച മരങ്ങൾ ഞങ്ങൾക്ക് ജീവവായു... വിവേകിന്‍റെ വിയോഗത്തിൽ വേദനയോടെ സിനിമാലോകം