ഓവല്‍ഷേപ്പുള്ള കൂളിങ് ഗ്ലാസും നീല നിറത്തിലുള്ള കോട്ടുമണിഞ്ഞ് കൊടൈക്കനാലിന്‍റെ കൊടുംതണുപ്പിന് ചൂടുപകരുന്ന വില്ലത്തരവുമായി അയാള്‍ ജീപ്പിറങ്ങി... ഷോപ്പിങ് കഴിഞ്ഞിറങ്ങുന്ന നായകനേയും നായികയേയും വഴി തടഞ്ഞു. നായികയുടെ കയ്യില്‍ കയറി പിടിച്ചയാള്‍ പറഞ്ഞു... 'ഗുഡ് ഈവ്നിങ് മിസിസ് പ്രഭാ നരേന്ദ്രന്‍' അമ്പരന്ന നായികയുടെയും നായകന്‍റെയും മുന്നില്‍ അയാള്‍ പൊട്ടിചിരിച്ചു.... മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ ഒരു മഹാനടന്‍റെ പകര്‍ന്നാട്ടത്തിന്‍റെ യുഗത്തിന് അന്ന് തുടക്കം കുറിച്ചു....
അതെ.... വില്ലനായി കടന്നുവന്ന് സിനിമയെ സ്നേഹിക്കുന്നവരുടെ മനസില്‍ വാസമുറപ്പിച്ച മലയാള സിനിമയുടെ നടനവിസ്മയം മോഹന്‍ലാല്‍ ഇന്ന് അറുപതാം പിറന്നാള്‍ ആഘോഷിക്കുകയാണ്. മോഹന്‍ലാല്‍ എന്ന നടന്‍ മലയാളികളെ സംബന്ധിച്ചിടത്തോളം അവരില്‍ ഒരാളാണ്.അവര്‍ക്കൊപ്പമുള്ള... അവരുടെ ആരൊക്കയോയാണെന്ന് തോന്നിപ്പോകുന്ന ഏറെ അടുപ്പമുള്ള ഒരാള്‍. അതുകൊണ്ട് തന്നെയാണ് മോഹന്‍ലാല്‍ കഥാപാത്രങ്ങളെ മറവിയുടെ മറ വീഴാതെ മലയാളി ഇന്നും നെഞ്ചോട് ചേര്‍ക്കുന്നത്. അതുകൊണ്ടാകാം. ജനപ്രീതിയുടെ അഭ്രപാളിയില്‍ നിരന്തര സാന്നിധ്യമായി നാല് ദശാബ്ദങ്ങള്‍ക്കിപ്പുറവും നിറഞ്ഞ് നില്‍ക്കാന്‍ ആ പ്രതിഭക്ക് സാധിക്കുന്നത്.
1960 മേയ് 21ന് പത്തനംതിട്ടയില്‍ വിശ്വനാഥന്‍ നായരുടെയും ശാന്താകുമാരിയുടെയും രണ്ടാമത്തെ മകനായി ജനിച്ച മോഹന്‍ലാല്‍ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ ഇന്ന് 'ലാലേട്ട'നാണ്. സ്‌കൂള്‍ കാലഘട്ടത്തിലാണ് മോഹന്‍ലാലിന്‍റെ അഭിനയ ജീവിതത്തിന് തുടക്കമായത്. സ്കൂള്‍ വിദ്യാഭ്യാസ കാലത്ത് നാടകങ്ങളിലും മറ്റും അഭിനയിച്ചു. ആറാം ക്ലാസിലായിരുന്നപ്പോള്‍ മോഹന്‍ലാല്‍ സ്കൂളിലെ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരത്തെ മോഡല്‍ സ്കൂളിലാണ് സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. മോഹന്‍ലാല്‍ ആദ്യമായി അഭിനയിച്ച സിനിമ അദ്ദേഹത്തിന്‍റെ സുഹൃത്തുക്കളുടെ തന്നെ നിര്‍മാണ സംരംഭമായ ഭാരത് സിനി ഗ്രൂപ്പിന്‍റെ തിരനോട്ടമായിരുന്നു. തിരനോട്ടത്തില്‍ ഒരു ഹാസ്യ കഥാപാത്രമായിട്ടായിരുന്നു മോഹന്‍ലാല്‍ അഭിനയിച്ചത്. എന്നാല്‍ പലവിധ കാരണങ്ങളാല്‍ ചിത്രം വെളിച്ചം കണ്ടില്ല. പിന്നീടാണ് ഫാസില്‍ ചിത്രം മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ വില്ലന്‍വേഷം ലാലിനെ തേടിയെത്തുന്നത്. ആദ്യ ചിത്രം റിലീസ് ചെയ്തപ്പോള്‍ ഇരുപത് വയസ് മാത്രമായിരുന്നു മോഹന്‍ലാലിന് പ്രായം. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ അഭിനയത്തിന് ശേഷം നിരവധി അവസരങ്ങള്‍ ലാലിനെ തേടിയെത്തി. 1983ല്‍ മാത്രം ഇരുപത്തിയഞ്ചില്‍ അധികം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചു. തെണ്ണൂറ് വരെയുള്ള കാലഘട്ടത്തിലെ പ്രകടനങ്ങളാണ് മോഹന്‍ലാല്‍ എന്ന അഭിനേതാവിനെ സിനിമാപ്രേമികള്‍ക്ക് പ്രിയങ്കരനാക്കിയത്.
നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ എന്ന ചിത്രത്തിലെ സോളമന്‍, നാടോടിക്കാറ്റിലെ ദാസന്‍, തൂവാനത്തുമ്പികളിലെ ജയകൃഷ്ണന്‍, ചിത്രത്തിലെ വിഷ്ണു, കിരീടത്തിലെ സേതുമാധവന്‍, ഭരതത്തിലെ ഗോപി, ദേവാസുരത്തിലെ മംഗലശേരി നീലകണ്ഠന്‍, ഇരുവറിലെ ആനന്ദ്, വാനപ്രസ്ഥത്തിലെ കുഞ്ഞിക്കുട്ടന്‍, സ്ഫടികത്തിലെ ആടുതോമ, തന്മാത്രയിലെ രമേശന്‍ നായര്‍, പരദേശിയിലെ വലിയകത്ത് മൂസ, ഭ്രമരത്തിലെ ശിവന്‍ കുട്ടി, സ്പിരിറ്റിലെ രഘുനന്ദന്‍, ദൃശ്യത്തിലെ ജോര്‍ജുകുട്ടി, ഒപ്പത്തിലെ ജയരാമന്‍, ഒടിയനിലെ മാണിക്യന്‍, ലൂസിഫറിലെ സ്റ്റീഫന്‍ നെടുമ്പള്ളി തുടങ്ങിയവ എന്നും മലയാളി ഇഷ്ടപ്പെടുന്ന മോഹന്‍ലാല്‍ കഥാപാത്രങ്ങളാണ്. 1997ല്‍ പുറത്തിറങ്ങിയ മണിരത്നം ചിത്രം ഇരുവറിലെ പ്രകടനത്തിലൂടെ മോഹന്‍ലാല്‍ തമിഴില്‍ അരങ്ങേറി. ഇരുവറിലെ അഭിനയം ലാലിനെ ഇതരഭാഷാ ചിത്രങ്ങളിലും ശ്രദ്ധേയനാക്കി.
രണ്ട് തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ നേടിയ മോഹന്‍ലാല്‍ സ്വാഭാവികമായ നടന ശൈലിക്ക് പ്രശസ്തനാണ്. അഭിനയം മാത്രമല്ല പിന്നണി ഗായക രംഗത്തും പ്രതിഭ തെളിയിച്ചയാളാണ് മോഹന്‍ലാല്‍. ഇന്ത്യന്‍ ചലച്ചിത്ര മേഖലക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 2001ല്‍ അദ്ദേഹത്തിന് രാജ്യത്തെ നാലാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മശ്രീ പുരസ്കാരവും 2019ല്‍ രാജ്യത്തെ മൂന്നാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മഭൂഷണും ഭാരത സര്‍ക്കാര്‍ നല്‍കി. 2009ല്‍ ലഫ്റ്റനന്‍റ് കേണല്‍ പദവി ലഭിക്കുകയും ചെയ്തു. ചലച്ചിത്ര ലോകത്തിനും സംസ്കൃത നാടകത്തിനും നല്‍കിയ സംഭാവനകളെ മാനിച്ച് കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയും ഡോക്ടറേറ്റ് അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
മലയാളത്തിലെ ആദ്യത്തെയും രണ്ടാമത്തെയും 100 കോടി ചിത്രങ്ങൾ മോഹൻലാലിന്‍റെ പേരിലാണ്. ആഗോളതലത്തില്‍ ഇരുന്നൂറ് കോടി സ്വന്തമാക്കിയ ആദ്യ മലയാള ചിത്രം ലൂസിഫറിലും ലാലേട്ടന്‍ തകര്‍പ്പന്‍ പ്രകടനങ്ങള്‍ കാഴ്ചവെച്ചു. 350 ലേറെ ചിത്രങ്ങളാണ് മോഹൻലാൽ എന്ന നടനവിസ്മയം മലയാളികൾക്ക് സമ്മാനിച്ചിരിക്കുന്നത്. താരത്തിന്‍റെ അറുപതാം പിറന്നാള്‍ ആഘോഷമാക്കാന്‍ ആരാധകര്‍ ആഗ്രഹിച്ചെങ്കിലും കൊവിഡ് മഹാമാരി എല്ലാം തകിടം മറിച്ചു. ലോക്ക് ഡൗണ്‍ സമയത്ത് ചെന്നൈയിലാണ് മോഹന്‍ലാലും കുടുംബവും ഉളളത്. മകള്‍ വിസ്മയ ഓസ്‌ട്രേലിയയിലാണെങ്കിലും മകന്‍ പ്രണവ് മോഹന്‍ലാലിനും സുചിത്രക്കും ഒപ്പമുണ്ട്. കൊച്ചിയിലെ വീട്ടിലാണ് അമ്മ ശാന്തകുമാരിയുള്ളത്. അവയവദാന സമ്മതപത്രം കൈമാറുന്നത് അടക്കമുള്ള നിരവധി പരിപാടികളാണ് മോഹന്‍ലാല്‍ ആരാധകരുടെ നേതൃത്വത്തില്‍ താരത്തിന്‍റെ പിറന്നാള്‍ ദിനത്തില്‍ നടത്തിയത്.
മോഹന്‍ലാല്‍ എന്ന അതുല്യപ്രതിഭയെകുറിച്ച് പറയുവാന്‍ ഏറെയുണ്ട്. എല്ലാം പറഞ്ഞുകൊണ്ട് പൂര്‍ണതയില്‍ എത്തിക്കാന്‍ കഴിയില്ല. പക്ഷേ ഒന്നറിയാം കെട്ടിയാടിയ വേഷങ്ങളെക്കാള്‍ മികച്ചതാകും ഇനി ആ മഹാനടനില്‍ നിന്നും ജനിക്കുക. ഒന്നിനൊന്ന് മികച്ച കഥാപാത്രങ്ങള്‍ അതിനിയും ലാലേട്ടന്‍ അനശ്വരമാക്കും. മലയാള സിനിമയുടെ കിരീടം വെക്കാത്ത രാജാവിന് ഇടിവി ഭാരതിന്‍റെ പിറന്നാള്‍ ആശംസകള്‍.