ബെംഗളൂരു ലഹരി കേസിന് ശേഷം വലിയ വിവാദങ്ങളാണ് കന്നട സിനിമാ ലോകത്ത് നടക്കുന്നത്. കേസുമായി കന്നഡ സിനിമയിലെ പ്രമുഖര്‍ക്ക് ബന്ധമുണ്ടെന്ന സാഹചര്യത്തില്‍ അവരെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് അന്വേഷണ ഏജന്‍സി. ഈ സാഹചര്യത്തില്‍ അന്തരിച്ച ചലച്ചിത്ര നടന്‍ ചിരഞ്ജീവി സര്‍ജയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ചിരഞ്ജീവി സര്‍ജയ്ക്ക് മയക്ക് മരുന്ന് റാക്കറ്റുമായി ബന്ധമുണ്ടെന്ന തരത്തിലാണ് പ്രചാരണം. ഇതിനെതിരെ കന്നട സിനിമയില്‍ നിന്നും അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ നടന്‍ കിച്ച സുദീപും വ്യാജ പ്രചാരണങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ്.
ജൂണിലാണ് ഹൃദയസ്തംഭനം മൂലം ചിരഞ്ജീവി സര്‍ജ അന്തരിച്ചത്. 'ചിരഞ്ജീവി സര്‍ജ നമ്മളെ വിട്ടുപോയി ഏതാനും മാസങ്ങള്‍ മാത്രമേയായിട്ടുള്ളൂ. എനിക്ക് അദ്ദേഹം സഹോദരനെപോലെയാണ്. ചിരഞ്ജീവിയുടെ ഭാര്യ മേഘ്ന രാജും സഹോദരന്‍ ധ്രുവ് സര്‍ജയും ഇപ്പോഴും നമുക്കൊപ്പമുണ്ട്. അവര്‍ ആ വലിയ ദുഃഖത്തില്‍ നിന്നും ഇതുവരെ കരകയറിയിട്ടില്ല. അതുകൊണ്ട് തന്നെ അനാവശ്യമായ വിവാദങ്ങളിലേക്ക് ചിരഞ്ജീവിയുടെ പേര് വലിച്ചിഴച്ച് ആ കുടുംബത്തെ ഇനിയും വേദനിപ്പിക്കരുത്. എനിക്ക് അറിയാത്ത കാര്യങ്ങളെക്കുറിച്ച് ഞാന്‍ പ്രതികരിക്കില്ല. കന്നട സിനിമ വളരെ വലുതാണ്. കുറച്ചാളുകളുടെ മോശം പ്രവൃത്തിക്ക് മൊത്തം ഇന്‍ഡസ്ട്രിയെ പഴി ചാരരുത്' കിച്ച സുദീപ് മാധ്യമങ്ങളോട് പറഞ്ഞു.
മലയാളത്തില്‍ അടക്കം നിരവധി സിനിമകള്‍ ചെയ്തിട്ടുള്ള നടി മേഘ്ന രാജാണ് ചിരഞ്ജീവി സര്‍ജയുടെ ഭാര്യ. സീരിയല്‍ നടി അനിഖയെ കഴിഞ്ഞ ദിവസം മയക്ക് മരുന്ന് റാക്കറ്റുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു. 15 നടീനടന്മാരുടെ പേരുകള്‍ ഇവരുടെ ഡയറിയില്‍ ഉണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കന്നഡ ചലച്ചിത്ര മേഖലയിലെ അഭിനേതാക്കൾ, സംഗീതജ്ഞർ, കലാകാരന്മാർ എന്നിവരും എൻസിബിയുടെ നിരീക്ഷണത്തിലാണ്. കൂടാതെ കന്നഡ നടി രാഗിണി ദിവേദിയോട് ഹാജരാകാൻ ആവശ്യപ്പെട്ട് സെൻട്രല്‍ ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിട്ടുണ്ട്. ചാമരാജ്പെട്ട് ഓഫിസിലാണ് ഹാജരാകാൻ നിർദേശം നല്‍കിയത്. നടിയെ സഹായിക്കൊപ്പം ചോദ്യം ചെയ്യുമെന്ന് സിസിബി അഡീഷണൽ കമ്മിഷണർ സന്ദീപ് പാട്ടീൽ പറഞ്ഞു. കന്നഡ ചലച്ചിത്ര മേഖലയിലെ ചില അഭിനേതാക്കൾ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് സംവിധായകൻ ഇന്ദ്രജിത്ത് ലങ്കേഷ് വെളിപ്പെടുത്തിയതിനെ തുടർന്നാണ് സിസിബിയുടെ നടപടി.