വർഷങ്ങൾ പഴകും തോറും ഔട്ട്ഡേറ്റഡ് ആവാത്ത സ്‌ഫടികം. അന്ന് മാത്രമല്ല, ഇന്നത്തെ ചെറുപ്പക്കാരും ആടുതോമയുമായി താദാത്മ്യം ചെയ്യുന്നുണ്ട് ഭദ്രൻ സൃഷ്ടിച്ച കഥാപാത്രത്തോട്. സദ്ഗുണസമ്പന്നനായ നായകസങ്കൽപങ്ങളിൽ നിന്നും വിഭിന്നമായി മനുഷ്യന്‍റെ ഓരോ വശത്തിലും ഗുണവും ദോഷവുമുണ്ടെന്ന യാഥാർഥ്യത്തിൽ ഊന്നിയായിരുന്നു ഭദ്രൻ മോഹൻലാലിലൂടെ ആടുതോമയെ സൃഷ്‌ടിച്ചത്.
അത്രയൊന്നും നല്ല ഗുണങ്ങളില്ലാത്ത നായകന്മാരെ മലയാളം ഇഷ്‌ടപ്പെട്ടുതുടങ്ങുന്നത് ദേവാസുരത്തിന് ശേഷം ആടുതോമയിലൂടെയായിരുന്നു. ഇന്ന് 26 വർഷമായി പടം തിയേറ്ററിലെത്തിയിട്ട്. സിനിമാകൊട്ടകയിൽ മാത്രമായിരുന്നില്ല, സ്ഫടികം ആവേശമായിരുന്നത്. വാരാന്ത്യമുള്ള ടിവി കാഴ്‌ചകളിലും പ്രേക്ഷകർ തോമസ് ചാക്കോയെയും ചാക്കോ മാഷിനെയും തുളസിയെയുമൊക്കെ വൻ സ്വീകാര്യതയോടെ വരവേറ്റു.
കറുത്ത റേ ബാൻ ഗ്ലാസും ചെകുത്താൻ വണ്ടിയും ബുള്ളറ്റും പോലുള്ള ഹീറോയിസത്തിന്‍റെ ഇമേജുകൾ. കള്ളുകുടിയും തെമ്മാടിത്തരവും... തുണി പറച്ചടിക്കുന്ന കവലച്ചട്ടമ്പി, മുട്ടനാടിന്‍റെ ചങ്കിലെ ചോര കുടിക്കുന്ന, ഇരട്ട ചങ്കനായ ആട് തോമ എങ്ങനെ ആ വഴിയിൽ എത്തിപ്പെട്ടുവെന്നതു തന്നെയാണ് സ്ഫടികത്തിനുള്ളിൽ നിന്ന് പ്രേക്ഷകന് ലഭിക്കുന്ന അവബോധം.
ഇങ്ങനെയൊരു സിനിമയെ പ്രേക്ഷകർ ഉൾക്കൊള്ളുമോ എന്ന് പലരും സംശയിച്ചപ്പോഴും തന്‍റെ ചിത്രത്തിന് ഭദ്രന് ആത്മവിശ്വാസമുണ്ടായിരുന്നു. സിനിമ യാഥാർഥ്യമല്ലെങ്കിലും അത് ഭാവനക്ക് അതീതമായി ജീവിതമെന്ന അനുഭൂതി ജനിപ്പിക്കുന്നിടത്താണ് സംവിധായകൻ വിജയിക്കുന്നതും. സ്ഫടികത്തിൽ അത് സംഭവിച്ചു.
സ്കൂൾ ഹെഡ്മാസ്റ്ററും കണക്ക് അധ്യാപകനുമായിരുന്ന ചാക്കോ മാഷ് മകന്‍റെ കഴിവുകളെ പരിപോഷിപ്പിക്കുന്നതിന് പകരം അവന്‍റെ പഠിത്തത്തിലാണ് പ്രതീക്ഷ പുലർത്തിയിരുന്നത്. അതിന്‍റെ അമിതപ്രതിഫലനമായിരുന്നു വർഷം തോറും അവനെ മറ്റ് പാഠ്യവിഷയങ്ങളിൽ തോൽപ്പിക്കുന്ന അച്ഛനും, അച്ഛന്‍റെ കുപ്പായത്തിന്‍റെ കൈമുറിച്ച് മാറ്റുന്ന മകനും. ഒടുവിൽ തോമസ് ചാക്കോ നാട് വിടുന്നു, 14 വർഷങ്ങൾക്ക് ശേഷം ആടോ തോമയായി തിരിച്ചു വരുന്നു. തന്‍റെ പ്രതീക്ഷകൾക്ക് മാത്രം വില നൽകിയ അച്ഛനെതിരെയുള്ള പ്രതിഷേധമായിരുന്നു സിനിമയുടെ തുടർഭാഗം.
മക്കളെ പഠനത്തിൽ മിടുക്കരാക്കി അവരുടെ കലാമികവുകളെ തഴയുന്ന രക്ഷകർത്താക്കളെ മാറ്റി ചിന്തിപ്പിക്കുന്ന ഒരുപാട് പുതിയ സിനിമകൾ മലയാളത്തിലും തമിഴിലും ഹിന്ദിയിലുമായി ഇന്ന് നിർമിക്കുന്നുണ്ട്. 1995ൽ പുറത്തിറങ്ങിയ സ്ഫടികം കാലാതീതമായ സിനിമയായ് വാഴ്‌ത്തപ്പെടുന്നതും അവിടെയാണ്.