24-ാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന് നാളെ തിരിതെളിയും. വൈകിട്ട് 6ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും. നടി ശാരദ ചടങ്ങില്‍ മുഖ്യാതിഥിയാകും. പാസ്ഡ് ബൈ സെന്‍സറാണ് ഉദ്ഘാടന ചിത്രം.
അന്താരാഷ്ട്ര മത്സര വിഭാഗത്തിലേക്ക് 14 ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആഫ്രോ-ഏഷ്യന്‍-ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളാണ് അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. മൂന്നാം ലോക രാജ്യങ്ങളിലെ സിനിമകള്‍ക്കാണ് മേളയില്‍ പ്രാധാന്യം. അധിനിവേശത്തിനെതിരെ സിനിമ സമരായുധമാക്കിയ സൊളാനസിന്റെ ഡോക്യുമെന്‍ററി ഉള്‍പ്പടെ അഞ്ച് ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും.
ഈജിപ്ഷ്യന്‍ സംവിധായകന്‍ ഖൈറി ബെഷാറ, ഇറാനിയന്‍ നടി ഫാത്തിമ മൊഹമ്മദ് ആര്യ, കസാഖ് സംവിധായകന്‍ അമീര്‍ കരാക്കുലോവ്, സംവിധായകനും ഛായാഗ്രഹകനുമായ രാജീവ് മേനോന്‍, മറാത്തി സംവിധായകന്‍ നാഗരാജ് മഞ്ജുളെ എന്നിവരാണ് അന്താരാഷ്ട്ര ജൂറി അംഗങ്ങള്‍. അടുത്ത വര്‍ഷം മേളയുടെ രജത ജൂബിലി സാംസ്കാരിക ഉത്സവമാക്കി മാറ്റുമെന്ന് മന്ത്രി എ.കെ ബാലന്‍ അറിയിച്ചു. പ്രൗഢവും വൈവിധ്യവും നിറഞ്ഞ കാഴ്ചകളാൽ സമ്പന്നമായ ചലച്ചിത്ര മേളക്കാകും ഇത്തവണ കേരളം സാക്ഷ്യം വഹിക്കുക.