പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിത കഥ പറഞ്ഞ ‘പി.എം നരേന്ദ്രമോദി’ എന്ന സിനിമക്ക് ശേഷം ബാലാകോട്ട് ആക്രമണത്തിന്‍റെ കഥ പറയുന്ന സിനിമ നിർമിക്കാനൊരുങ്ങി നടൻ വിവേക് ഒബ്രോയ്. 'ബാലാകോട്ട്: ദ ട്രൂ സ്റ്റോറി' എന്ന പേരില്‍ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്.
വിങ് കമാൻഡർ അഭിനന്ദൻ വര്‍ധമാൻ പാക് പിടിയിലാകുന്നതും പിന്നീട് വിട്ടയക്കപ്പെടുന്നതുമെല്ലാം സിനിമയിൽ കാണാം. 'ഒരു ദേശ സ്നേഹി എന്ന നിലയിലും നടൻ എന്ന നിലയിലും നമ്മുടെ സായുധ സേനയുടെ വിജയവും ശക്തിയും ഉയർത്തിക്കാട്ടേണ്ടത് എന്‍റെ ചുമതലയാണ്. ഓരോ ഇന്ത്യക്കാർക്കും അഭിമാനമായ അഭിനന്ദനെ പോലുള്ള ധീരരായ ഉദ്യോഗസ്ഥരുടെ നേട്ടങ്ങൾ അടിവരയിടാൻ കൂടി ശ്രമിക്കുന്ന ഒരു സിനിമയായിരിക്കുമിത്', വിവേക് ഒബ്റോയ് പറഞ്ഞു. ബാലാകോട്ട് ആക്രമണം സംബന്ധിച്ച് നിലവിലുള്ള എല്ലാ സംശയങ്ങള്‍ക്കും സിനിമ മറുപടി നല്‍കുമെന്നും ഒബ്രോയ് വ്യക്തമാക്കി.
ചിത്രീകരണത്തിനാവശ്യമായ അനുമതികളെല്ലാം വിവേക് ഒബ്റോയ് സ്വന്തമാക്കി കഴിഞ്ഞു. ചിത്രത്തിന്‍റെ സംവിധായകനും പ്രധാന താരങ്ങൾ ആരൊക്കെയാണെന്നുമുള്ള വിവരങ്ങൾ ഉടനെ പുറത്ത് വിടുമെന്നും നടൻ കൂട്ടിചേർത്തു. 2019 അവസാനത്തോടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന സിനിമ ആഗ്ര, ദല്‍ഹി, ജമ്മുകശ്മീര്‍ എന്നിവിടങ്ങളിലാണ് ചിത്രീകരിക്കുന്നത്.