ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്‌ത് നെറ്റ്ഫ്ലിക്‌സിലൂടെ റിലീസ് ചെയ്‌ത മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രം മിന്നൽ മുരളിക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബേസിൽ ജോസഫിന്‍റെ മൂന്നാംചിത്രമായ മിന്നൽ മുരളി പാൻ ഇന്ത്യൻ തലത്തിൽ നിരൂപക പ്രശംസ നേടി മുന്നേറുകയാണ്. ഹിന്ദി ഉൾപ്പടെയുള്ള അഞ്ച് ഭാഷകളിൽ റിലീസ് ചെയ്‌തതുകൊണ്ടുതന്നെ ചിത്രത്തിലെ അഭിനേതാക്കളെ ബോളിവുഡ് അടക്കം ശ്രദ്ധിക്കുകയാണ്.
സൂപ്പർ ഹീറോ വേഷം ടൊവിനോ തോമസിന് വളരെയേറെ പ്രശംസ നേടിക്കൊടുത്തിരിക്കുകയാണ്. ഇതിനിടെ ഹിന്ദി ഉൾപ്പടെയുള്ള മറ്റ് ഭാഷകളിലെ സിനിമ വ്യവസായങ്ങളുടെ ഭാഗമാകുന്നതില്‍ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് നടന്‍.
ഒരുപാട് അഭിനേതാക്കൾ, സാങ്കേതിക വിദഗ്‌ധര്‍, ചലച്ചിത്ര പ്രവർത്തകർ എന്നിവരാൽ അനുഗ്രഹീതമാണ് ബോളിവുഡ്. എന്നാൽ ഒരു ബോളിവുഡ് സിനിമ ചെയ്യാൻ വേണ്ടി മാത്രമായി അത് ചെയ്യണമെന്ന് ആഗ്രഹിക്കുന്നയാളല്ല താന്‍, ഒരു കഥാപാത്രം തന്നെ ആവശ്യപ്പെടുന്നുണ്ടെങ്കിൽ മാത്രം ബോളിവുഡ് സിനിമ ചെയ്യുമെന്നും ടൊവിനോ പറയുന്നു.
ആമിർ ഖാൻ, കരീന കപൂർ എന്നിവർ അഭിനയിച്ച ലാൽ സിങ് ഛദ്ദയിൽ ടൊവിനോ തോമസിന് മുൻപ് അവസരം ലഭിച്ചിരുന്നു. എന്നാൽ മിന്നൽ മുരളിയുടെ ഷൂട്ടിങ്ങിന് ഇടയിലായിരുന്നതിനാൽ അന്ന് അരങ്ങേറ്റം കുറിക്കാൻ സാധിക്കാതെ പോകുകയായിരുന്നു. ഒടുവിൽ നാഗ ചൈതന്യയാണ് ടൊവിനോ തോമസിന്‍റെ വേഷം അവതരിപ്പിച്ചത്.
മലയാളത്തിന് പുറമേ തമിഴില്‍ ധനുഷ് നായകനായ മാരി 2 എന്ന ചിത്രത്തില്‍ ടൊവിനോ അഭിനയിച്ചിട്ടുണ്ട്.