ഒടിടി പ്ലാറ്റ്‌ഫോമുകളിൽ സിനിമ റിലീസ് ചെയ്യാനുള്ള തീരുമാനത്തിൽ നിന്ന് ഒക്ടോബർ വരെ വിട്ടുനിൽക്കണമെന്ന് തെലുങ്ക് നിർമാതാക്കളോട് തെലങ്കാന സ്റ്റേറ്റ് ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് അംഗങ്ങളും തിയറ്റർ ഉടമകളും. ജൂലൈ 3ന് ചേര്‍ന്ന യോഗമാണ് ഇക്കാര്യം അഭ്യര്‍ഥിച്ചത്.
നിലവിൽ തെലങ്കാന, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ തിയറ്ററുകൾ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ ഒടിടി റിലീസിന് നിർമാതാക്കൾ തയാറെടുക്കാൻ തുടങ്ങിയതോടെയാണ് അഭ്യർഥനയുമായി ടിഎസ്എഫ്‌സിസി രംഗത്തുവന്നത്.
ഒക്ടോബർ വരെ കാത്തിരിക്കണമെന്നും അതിനുള്ളിൽ തിയറ്ററുകൾ തുറക്കുന്നില്ലെങ്കിൽ ഒടിടി റിലീസുമായി മുന്നോട്ട് പോകാമെന്നും ടിഎസ്എഫ്‌സിസി പറഞ്ഞു.
Also Read: റെക്കോഡ് തുകയ്‌ക്ക് മിന്നൽ മുരളി സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്
കൂടാതെ, ആന്ധ്രാപ്രദേശിലെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ നടപടി എടുക്കണമെന്ന് സർക്കാരിനോട് യോഗം അഭ്യര്‍ഥിച്ചു. കുറഞ്ഞ നിരക്കിൽ തിയറ്ററുകൾ പ്രവർത്തിപ്പിക്കുന്നത് ഉടമകളുടെയും തൊഴിലാളികളുടെയും നിലനിൽപ്പിനെ ബാധിക്കും.
അത് തിയറ്ററുകൾ അടച്ചുപൂട്ടുന്നതിലേക്ക് നയിക്കുമെന്നും ഫിലിം ചേംബര്‍ പറഞ്ഞു. തിയറ്ററുകൾ അടച്ചുപൂട്ടുന്നത് തെലങ്കാനയിലെ സിനിമ വ്യവസായത്തെയും ബാധിക്കുമെന്ന് ടിഎസ്എഫ്‌സിസി വ്യക്തമാക്കി.