ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയ സൂര്യയുടെ 'ജയ് ഭീം' രണ്ടാഴ്‌ച്ച പിന്നിടുമ്പോഴും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. 'ജയ് ഭീം' പ്രമേയവും സൂര്യ ഉള്‍പ്പെടെയുള്ള താരങ്ങളുടെ പ്രകടനവും ഏറെ പ്രശംസനാര്‍ഹമാണ്.
ലിജോ മോള്‍ അവതരിപ്പിച്ച സിങ്കിണിക്ക് എന്ന കഥാപാത്രത്തിനും അഭിനന്ദനങ്ങളുടെ പെരുമഴമാണ് ഇപ്പോഴും ലഭിക്കുന്നത്. ചിത്രം അവസാനിക്കുന്നതോടെ ലിജോ മോള്‍ അവതരിപ്പിച്ച സിങ്കിണിക്ക് വെറുമൊരു കഥാപാത്രമായി അവശേഷിക്കുന്നില്ല. മറിച്ച് സിങ്കിണിക്ക് ഇപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്.
ചിത്രത്തിലെ സിങ്കിണിക്ക് എന്ന കഥാപാത്രത്തിന് പ്രചോദനമായത് പാര്‍വതി അമ്മാളിന്‍റെ യഥാര്‍ഥ ജീവിതമായിരുന്നു. ചിത്രം റിലീസ് ചെയ്‌തതിന് പിന്നാലെ പാര്‍വതിയെ തേടി പലരും എത്തിയിരുന്നു. സഹായ ഹസ്‌തങ്ങളുമായാണ് പലരും പാര്‍വതിയെ സമീപിച്ചത്.
ഇപ്പോഴിതാ നടന്‍ സൂര്യയും പാര്‍വതിക്ക് കരുതലുമായി രംഗത്തെത്തിയിരിക്കുയാണ്. പാര്‍വതിയുടെ പേരില്‍ പത്ത് ലക്ഷം രൂപയാണ് സൂര്യ ബാങ്കില്‍ നിക്ഷേപിച്ചിരിക്കുന്നത്. സ്ഥിര നിക്ഷേപമായി ബാങ്കില്‍ ഇട്ടിരിക്കുന്ന തുകയില്‍ നിന്നും പലിശ എല്ലാ മാസവും പാര്‍വതിക്ക് ലഭിക്കും. പാര്‍വതിയുടെ മരണ ശേഷം ഈ തുക മക്കള്‍ക്ക് ലഭിക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
നേരത്തെ പാര്‍വതിക്കും കുടുംബത്തിനും സഹായ ഹസ്‌തവുമായി നടന്‍ രാഘവ ലോറന്‍സും രംഗത്തെത്തിയിരുന്നു. പാര്‍വതിക്ക് വീട് നിര്‍മിച്ച് നല്‍കുമെന്ന ഉറപ്പാണ് രാഘവ ലോറന്‍സ് നല്‍കിയത്. മാധ്യമങ്ങളിലൂടെ പാര്‍വതിയുടെ കുടുംബത്തിന്‍റെ കഷ്‌ടതയറിഞ്ഞ് സഹായിക്കാന്‍ സന്നദ്ധനായി രംഗത്തെത്തുകയായിരുന്നു നടന്‍.
ചെയ്യാത്ത കുറ്റത്തിനാണ് രാജാക്കണ്ണും പാര്‍വതിയും പീഡിപ്പിക്കപ്പെട്ടതെന്നും രാജാക്കണ്ണിന്‍റെ ഭാര്യയുടെ ഇപ്പോഴത്തെ അവസ്ഥ അറിഞ്ഞപ്പോള്‍ അതിയായ ദു:ഖം തോന്നുന്നതായും രാഘവ ലോറന്‍സ് പറഞ്ഞിരുന്നു. ഒരു യൂട്യൂബ് ചാനലിലെ പ്രോഗ്രാമില്‍ നിന്നാണ് പാര്‍വ്വതിയുടെ ഇപ്പോഴത്തെ ദുരവസ്ഥയെ കുറിച്ച് രാഘവ ലോറന്‍സ് അറിയുന്നത്. പാര്‍വ്വതിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ക്കായി വാര്‍ത്ത ചെയ്‌ത മാധ്യമപ്രവര്‍ത്തകനെ നടന്‍ ബന്ധപ്പെടുകയായിരുന്നു.
'രാജാക്കണ്ണിന്‍റെ ഭാര്യയുടെ ഇപ്പോഴത്തെ അവസ്ഥ അറിഞ്ഞപ്പോള്‍ അതിയായ ദു:ഖം തോന്നുന്നു. ചെയ്യാത്ത കുറ്റത്തിനാണ് രാജാക്കണ്ണും പാര്‍വതിയും പീഡിപ്പിക്കപ്പെട്ടത്. പാര്‍വതിക്ക് വീട് വെച്ചു നല്‍കുമെന്ന് ഞാന്‍ വാക്കു നല്‍കുന്നു.' - ഇപ്രകാരമായിരുന്നു സഹായ വാഗ്‌ദാന വേളിയില്‍ രാഘവ ലോറന്‍സ് പറഞ്ഞത്.
ചെന്നൈ പോരൂരിലെ ഓലമേഞ്ഞ കുടിലില്‍ മകള്‍ക്കും മരുമകനും പേരക്കുട്ടികള്‍ക്കുമൊപ്പമാണ് പാര്‍വതിയുടെ ഇപ്പോഴത്തെ താമസം. 'ജയ് ഭീമിലെ' 'സെന്‍ഗിണി' എന്ന കഥാപാത്രത്തിലൂടെയാണ് പാര്‍വതിയുടെ ജീവിതം പറഞ്ഞത്. ചിത്രത്തിലെ 'സെന്‍ഗിണി'യില്‍ നിന്നും ഏറെ വ്യത്യസ്‌തമാണ് പാര്‍വതിയുടെ ഇപ്പോഴത്തെ ജീവിതം.
തൊണ്ണൂറുകളില്‍ ആദിവാസികളിലെ കുറവ വിഭാഗത്തിന് നേരെയുണ്ടായ പൊലീസ് ആക്രമണമാണ് 'ജയ് ഭീമിന്' പ്രചോദനമേകിയത്. 1995ല്‍ മോഷണം ആരോപിക്കപ്പെട്ട് പൊലീസ് പിടിയിലായ രാജാക്കണ്ണിന്‍റെ തിരോധാനവുമായി ബന്ധപ്പെട്ട നിയമ പോരാട്ടമാണ് ചിത്രപശ്ചാത്തലം. ചിത്രം റിലീസായതോടെ പൊലീസ് ആക്രമണത്തില്‍ ദാരുണമായി കൊല്ലപ്പെട്ട രാജാക്കണ്ണിന്‍റെ ഭാര്യ പാര്‍വതിയുടെ ഇപ്പോഴത്തെ അവസ്ഥ വാര്‍ത്തകളില്‍ ഇടംപിടിക്കുകയായിരുന്നു.