നടൻ ബൈജുവിനെതിരെ ഗുരുതര ആരോപണവുമായി മുന്‍ മിസ് വേൾഡ് റണ്ണറപ്പും മിസ് ഇന്ത്യയുമായ പാര്‍വതി ഓമനക്കുട്ടന്‍. തൻ്റെ ആദ്യ മലയാള ചിത്രമായ 'കെ ക്യൂ'വിൽ അഭിനയിപ്പിക്കാൻ തമിഴിലെ ഒരു പ്രമുഖ താരമാണ് നായകനെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് തന്നെ സമീപിക്കുകയായിരുന്നുവെന്നും എന്നാൽ സിനിമ ചിത്രീകരണം തുടങ്ങിയതിനു ശേഷമാണ് ബൈജു തന്നെയാണ് നായകനെന്ന് മനസ്സിലായതെന്നും പാർവതി പറഞ്ഞു. ഒരു സിനിമ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതിയുടെ വെളിപ്പെടുത്തൽ.
''ഈ സംഭവം വല്ലാതെ വിഷമിപ്പിച്ചിരുന്നു. കൂടാതെ മലയാളത്തിലും തമിഴിലും ചിത്രം നിര്‍മ്മിക്കുമെന്നുമാണ് ബൈജു അറിയിച്ചിരുന്നത്. പറ്റിയ അബദ്ധം മനസ്സിലായിട്ടും സിനിമ മുടങ്ങാതിരിക്കാൻ വേണ്ടി അഭിനയിക്കുകയായിരുന്നു''. ഈ ചിത്രം പുറത്തിറങ്ങരുതെന്ന് അന്ന് താൻ ആത്മാര്‍ഥമായി ആഗ്രഹിച്ചുവെന്നും പാര്‍വതി ഓമനക്കുട്ടന്‍ പറഞ്ഞു.
മുംബൈയിൽ സ്ഥിരതാമസമാക്കിയ മലയാളി കുടുംബത്തിൽ ജനിച്ച പാർവതി മോഡലിങ്ങിലൂടെയാണ് സിനിമയിലെത്തുന്നത്. 2008ൽ മിസ് ഇന്ത്യ പട്ടവും അതേ വർഷം തന്നെ മിസ് വേൾഡ് സെക്കൻഡ് റണ്ണറപ്പ് പട്ടവും പാർവതി സ്വന്തമാക്കി. യുണൈറ്റഡ് സിക്സ് എന്ന ഹിന്ദി ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ താരം അജിത്തിനൊപ്പം ബില്ല 2, ഹിന്ദി ചിത്രം പിസ എന്നിവയിലും വേഷമിട്ടിട്ടുണ്ട്.