സിനിമാറ്റോഗ്രഫി, ഫിലിം എഡിറ്റിംഗ്, മേക്കപ്പ്, ഹെയർ സ്റ്റൈലിംഗ്, ലൈവ് ആക്ഷൻ ഷോർട്ട് എന്നിവയ്ക്കുള്ള ഓസ്കാർ പുരസ്കാരങ്ങൾ ‘ഓഫ് എയറി’ ൽ നൽകാൻ തീരുമാനമെടുക്കുകയാണ് ഫിലിം അക്കാദമി. ചടങ്ങിന്‍റെ കൊമേഴ്സ്യല്‍ ബ്രേക്കിനിടെയാകും ഈ പുരസ്കാരങ്ങള്‍ വിതരണം ചെയ്യുക.
അക്കാദമി ഓഫ് മോഷൻ പിക്ചര്‍ ആർട്സ് ആൻഡ് സയൻസസിന്റെ വക്താക്കളാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഓസ്കാർ ജേതാക്കളുടെ മറുപടി പ്രസംഗം oscar.com എന്ന വെബ്സൈറ്റിലൂടെയും ഫിലിം അക്കാദമിയുടെ സമൂഹമാധ്യമങ്ങളിലൂടെയും തത്സമയം സംപ്രേഷണം ചെയ്യുമെന്നും അധികൃതർ അറിയിച്ചു. എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ പുതുക്കിയ ടൈം ഫ്രെയിം അംഗീകരിച്ചെന്നും എല്ലാവർക്കും അഭിമാനകരമാകുന്ന രീതിയിൽ പുരസ്കാര നിശ അവതരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും ഫിലിം അക്കാദമി പ്രസിഡന്റ് ജോൺ ബെയ്‌ലി പറയുന്നു. വരും വർഷങ്ങളിൽ ആറ് റൊട്ടേറ്റിംഗ് കാറ്റഗറികള്‍ നിര്‍ത്തലാക്കാന്‍ ഉദ്ദേശിക്കുന്നതായും ഫിലിം അക്കാദമി വ്യക്തമാക്തി.
ഫിലിം അക്കാദമിയുടെ തീരുമാനങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ച് അവാർഡിന് നാമനിർദ്ദേശം ലഭിച്ചവരും സിനിമാ ആരാധകരുമടക്കം നിരവധിപേരാണ് സമൂഹമാധ്യമങ്ങളിലൂടെ രംഗത്ത് വന്നിരിക്കുന്നത്. എന്നാൽ ഫെബ്രുവരി 24 ന് നടക്കാൻ പോകുന്ന ഓസ്കാർ ഷോയുടെ അന്തിമ തീരുമാനവുമായി അക്കാദമി മുന്നോട്ട് പോവുകയാണ്.