മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മാമാങ്കവും ആൻഡ്രോയിഡ് കുഞ്ഞപ്പനുമൊക്കെ റിലീസിന് ഒരുങ്ങിക്കഴിഞ്ഞു. എന്നാൽ, നവംബറിൽ മോളിവുഡ് കുറച്ചു കൂടി ത്രില്ലിലായിരിക്കും. കാരണം അടുത്ത മാസം റിലീസിനെത്തുന്ന സിനിമകളിൽ ത്രില്ലറുകളാണ് മുൻപന്തിയിൽ. ആകാശ ഗംഗ- 2, അണ്ടർവേൾഡ്, ഹെലൻ, അന്വേഷണം തുടങ്ങി നീളുകയാണ് ത്രില്ലർ ലിസ്റ്റിലെ സിനിമകൾ. കോമഡി ത്രില്ലറുകളും ഫാമിലി ത്രില്ലറുകളും റൊമാന്‍റിക് ത്രില്ലറുകളും ഇതില്‍ ഉള്‍പ്പെടുന്നു.
'പ്രേത'ത്തിന് ശേഷം ജയസൂര്യയും ശ്രുതി രാമചന്ദ്രനും ഒന്നിക്കുന്ന ചിത്രമാണ് 'അന്വേഷണം'. പ്രശോഭ് വിജയന്‍റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം ഒരു ഫാമിലി ത്രില്ലർ കൂടിയാണ്. കുമ്പളങ്ങി നൈറ്റ്സിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നായികയായ അന്ന ബെന്നിന്‍റെ 'ഹെലൻ' ട്രെയിലർ കടുത്ത ത്രില്ലിങ്ങ് ഫീൽ നൽകുന്നു. ശ്രീനാഥ് ഭാസി, രമ്യ കൃഷ്‌ണൻ, ധര്‍മ്മജന്‍ ബോള്‍ഗാട്ടി എന്നിവർ അഭിനയിക്കുന്ന 'ആകാശഗംഗ- 2' തരുന്ന പ്രതീക്ഷയും ഒട്ടും കുറവല്ല. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട യക്ഷി സിനിമയുടെ രണ്ടാം ഭാഗം ആകാശഗംഗ പോലെ തന്നെ ഒന്ന് ഭയപ്പെടുത്തിയേക്കും.
2012 ല്‍ പുറത്തിറങ്ങിയ ക്രൈം ത്രില്ലർ സിനിമ തീവ്രത്തിന്‍റെ രണ്ടാം ഭാഗവും നവംബറിലാണെത്തുന്നത്. രൂപേഷ് പീതാംബരന്‍ സംവിധാനം ചെയ്യുന്ന 'തീവ്രം- 2' ദുൽഖർ സൽമാനും ടീമും നൽകിയ പോലെ ട്വിസ്റ്റും സസ്പെൻസും നിറഞ്ഞതായിരിക്കുമെന്നാണ് പ്രതീക്ഷ. ആസിഫ് അലിയും ഫർഹാൻ ഫാസിലും മുഖ്യ വേഷത്തിലെത്തുന്ന 'അണ്ടർവേൾഡ്' അൽപം നെഞ്ചിടിപ്പോടെ കണ്ടിരിക്കാനുള്ളതാണെന്നാണ് ട്രെയിലർ പറയുന്നത്. അടുത്ത മാസം ആദ്യം തന്നെ റിലീസിനെത്തുന്ന സിനിമയിൽ തീവണ്ടി ഫെയിം സംയുക്ത മേനോൻ, മുകേഷ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സാജൻ കുര്യൻ സംവിധാനം ചെയ്യുന്ന 'ബിബ്ലിയോ' നവംബർ 21ന് തീയറ്ററുകളിലെത്തും. ചിത്രം ഫാന്‍റസിയും സൈക്കോളജിക്കൽ ത്രില്ലറും ആണെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്. ഷൈൻ ടോം ചാക്കോയും മിനി റിച്ചാർഡുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. നവംബർ നാലിന് പുറത്തിറങ്ങുന്ന മന്ദാഗിനിയും നവംബർ ത്രില്ലർ ലിസ്റ്റിലുണ്ട്. പ്രേമം ടീം സിജു വിൽസൺ, കൃഷ്‌ണ കുമാർ, ശബരീഷ് വർമ എന്നിവർ വീണ്ടും ഒന്നിക്കുന്ന സിനിമ പ്രേക്ഷകരെ കുടുകുടെ ചിരിപ്പിക്കുമെന്നതിലും സംശയമില്ല.