എറണാകുളം: മരക്കാർ അറബിക്കടലിന്‍റെ സിംഹം മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്ക്കാരം നേടിയതിൽ ഒരുപാട് സന്തോഷവും അഭിമാനവുമുണ്ടെന്ന് നടൻ മോഹൻലാൽ. ഇന്ത്യയിൽ നിർമിച്ച ഏറ്റവും മികച്ച ചിത്രമായി മരക്കാർ അറബിക്കടലിന്‍റെ സിംഹം തെരെഞ്ഞെടുക്കപ്പെട്ടിരിക്കുകയാണെന്നും അംഗീകാരം സിനിമയിൽ പ്രവർത്തിച്ച എലാവർക്കും ഉള്ളതാണെന്നും അദ്ദേഹം പറഞ്ഞു. സ്പെഷ്യൽ എഫക്‌ട്‌സ് കംപ്യൂട്ടർ ഗ്രാഫിക്‌സ്, കോസ്റ്റ്യൂമിനുള്ള അംഗീകാരം എന്നിവയും ചിത്രം നേടി. എന്നാൽ ഇതിന്‍റെയെല്ലാം ക്രെഡിറ്റ് നിർമാതാവ് ആന്‍റണി പെരുമ്പാവൂരിനാണെന്നും ഇത്തരമൊരു സിനിമയെടുക്കാൻ അദ്ദേഹം ധൈര്യം കാണിച്ചതിനാലാണ് ഇതൊക്കെ സാധ്യമായതെന്നും മോഹൻലാൽ കൂട്ടിചേർത്തു.
ഒരു വർഷത്തിലധികമായി സിനിമ ഹോൾഡ് ചെയ്‌ത് വെച്ചിരിക്കുകയാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ചൈനീസ് ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യാനിരുന്നതാണ്. ഈശ്വരാനുഗ്രഹം കൊണ്ട് എല്ലാം സാധിക്കട്ടെയെന്നും മോഹൻലാൽ പറഞ്ഞു. പറഞ്ഞാൽ തീരാത്ത സന്തോഷമാണുള്ളതെന്ന് ആന്‍ററണി പെരുമ്പാവൂർ പറഞ്ഞു. മോഹൻലാലിന്‍റെയും പ്രിയദർശന്‍റെയും സ്വപ്‌നമായിരുന്നു ഈ സിനിമയെന്ന് നിർമാതാവ് ആന്‍റണി പെരുമ്പാവൂർ വ്യക്തമാക്കി. മോഹൻലാലിന് കൂടി അംഗീകാരം കിട്ടണമെന്ന് ആഗ്രഹിച്ചിരുന്നെന്നും ഈ അംഗീകാരം മോഹൻലാലിന് സമർപ്പിക്കുകയാണന്നും ആന്‍റണി കൂട്ടിചേർത്തു.