പ്രേക്ഷകര്‍ നാളേറെയായി ആകാംഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ -പ്രിയദര്‍ശന്‍ ബിഗ് ബഡ്‌ജറ്റ് ചിത്രമാണ് മരക്കാര്‍: അറബിക്കടലിന്‍റെ സിംഹം. മരക്കാര്‍ റിലീസുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളാണിപ്പോള്‍ സിനിമയ്‌ക്കകത്തും പുറത്തും. തിയേറ്റർ ഉടമകളുടെ സംഘടനയുമായി ഫിലിം ചേംബർ നേരത്തെ നടത്തിയ ചർച്ചകളിൽ ധാരണ ആയിരുന്നില്ല.
ചിത്രം തിയേറ്റർ കാണില്ലെന്നും ഒടിടി റിലീസായി ആമസോൺ പ്രൈമിലെത്തും എന്നുമാണ് ഏറ്റവും ഒടുവിലായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അതേസമയം ഒടിടി റിലീസ് തീയതി തീരുമാനിച്ചിട്ടില്ല. തിയേറ്റര്‍ ഉടമകളുമായുള്ള ചര്‍ച്ചകളെല്ലാം അവസാനിപ്പിച്ചെന്നും മരക്കാര്‍ ഒടിടി റിലീസ് ആയിരിക്കുമെന്നും ഫിലിം ചേമ്പര്‍ പ്രസിഡന്‍റ് ജി സുരേഷ് കുമാര്‍ ഇടിവി ഭാരതിനോട് പറഞ്ഞു.
അതേസമയം ഫിലിം ചേംബർ മുന്നോട്ടുവെച്ച ഉപാധികൾ ഫിയോക് അംഗീകരിച്ചില്ലെന്നാണ് സൂചന. തിയേറ്റർ റിലീസില്‍ നഷ്‌ടം വന്നാൽ 10 ശതമാനം തിയേറ്റർ ഉടമകൾ ലാഭത്തിൽ നിന്ന് നൽകണമെന്നായിരുന്നു ഫിലിം ചേംബറിന്‍റെ ഉപാധി. എന്നാല്‍ അത്തരമൊരു ചർച്ച ഉണ്ടായിട്ടില്ലെന്ന് ഫിയോക് പ്രസിഡന്‍റ് കെ വിജയകുമാർ പറഞ്ഞു.
500 സ്ക്രീനും മൂന്നാഴ്‌ച ഫ്രീ റണ്ണും മികച്ച കളക്ഷനും തിയേറ്ററുകൾ വാഗ്‌ദാനം ചെയ്തിരുന്നു. തങ്ങൾ കളക്റ്റ് ചെയ്‌തു നൽകുമെന്ന് വാഗ്‌ദാനം ചെയ്‌തതിനേക്കാൾ 10 കോടി കൂടുതലാണ് ആൻ്റണി പെരുമ്പാവൂർ ആവശ്യപ്പെട്ടത്. അതിനുശേഷം ചർച്ച ഉണ്ടായിട്ടില്ലെന്നും വെള്ളിയാഴ്‌ച്ച ഫിലിം ചേംബറുമായി ചർച്ച വെച്ചിരുന്നെങ്കിലും ആന്‍റണി പെരുമ്പാവൂർ എത്താത്തതിനാൽ ചർച്ച നടന്നില്ലെന്നും വിജയകുമാർ പറഞ്ഞു.
കൊവിഡ് സാഹചര്യത്തില്‍ നീണ്ട കാലം നഷ്‌ടം സഹിച്ച് അടഞ്ഞുകിടന്ന തിയേറ്ററുകള്‍ക്ക് മരക്കാരുടെ മാസ് റിലീസ് വലിയ പ്രതീക്ഷയായിരുന്നു. മരക്കാര്‍ ഒടിടി പ്ലാറ്റ്‌ഫോമിലൂടെ എത്തുന്നതോടെ തിയേറ്റര്‍ ഉടമകളുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റിരിക്കുകയാണിപ്പോള്‍.