മമ്മൂട്ടി നായകനായി എത്തുന്ന മാസ് ആക്ഷന്‍ ചിത്രം ഷൈലോക്കിന്‍റെ ഷൂട്ടിങ് പൂര്‍ത്തിയായി. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ രണ്ട് മാസം നീണ്ട ചിത്രീകരണമാണ് പൂര്‍ത്തിയായത്. അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരുമുള്ള ചിത്രം പങ്കുവച്ച് സംവിധായകനാണ് ഷൂട്ടിങ് പൂർത്തിയായ വിവരം അറിയിച്ചത്.
മമ്മൂട്ടി ആരാധകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ഷൈലോക്ക്'.രാജാധിരാജ, മാസ്റ്റര്‍പീസ് എന്നിവയക്ക് ശേഷം മമ്മൂട്ടിയും അജയ് വാസുദേവും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ആദ്യത്തെ രണ്ട് ചിത്രങ്ങളുടേത് പോലെ ഷൈലോക്കും ഒരു മാസ് ആക്ഷന്‍ ഫാമിലി ചിത്രമായിരിക്കുമെന്ന് അജയ് നേരത്തെ വ്യക്തമാക്കിയിരുന്നു. നവാഗതരായ അനീഷ് ഹമീദ്, ബിബിന്‍ മോഹന്‍ എന്നിവരാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടി-രാജ് കിരൺ കോംപോ തന്നെയാകും സിനിമയുടെ പ്രധാന ആകർഷണം. 'ദ മണി ലെന്‍ഡര്‍' എന്നാണ് ചിത്രത്തിന്‍റെ ടാഗ്‌ലൈന്‍.
മീന, രാജ്കിരണ്‍, ബിബിന്‍ ജോര്‍ജ്, ബൈജു, സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, ജോണ്‍ വിജയ് എന്നിവര്‍ ചിത്രത്തില്‍ വേഷമിടുന്നു. കൊച്ചിയും കോയമ്പത്തൂരുമായിരുന്നു ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷനുകള്‍. ഗുഡ്‌വില്‍ എന്‍റര്‍ടെയ്ന്‍മെന്‍റ്സിന്‍റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് നിര്‍മ്മാണം.