മമ്മൂട്ടി വീണ്ടും തെലുങ്കിലേക്ക്. തെലുങ്ക് സൂപ്പർസ്റ്റാർ നാഗാർജുനയുടേയും നടി അമലയുടെയും മകൻ അഖിൽ അക്കിനേനി പ്രധാനവേഷം കൈകാര്യം ചെയ്യുന്ന ഏജന്‍റ് എന്ന ബിഗ് ബജറ്റ് ചിത്രത്തിന്‍റെ ഭാഗമാവുകയാണ് താരം. അഖിൽ അക്കിനേനിക്കൊപ്പം തുല്യ പ്രാധാന്യമാണ് ചിത്രത്തിൽ മമ്മൂട്ടിയുടെ കഥാപാത്രത്തിനും.
പട്ടാള ഉദ്യോഗസ്ഥന്‍റെ വേഷമാണ് ചിത്രത്തിൽ മമ്മൂട്ടിയുടേത്. ഹോളിവുഡ് ആക്ഷൻ ത്രില്ലർ ബോൺ സീരീസിൽ നിന്ന് പ്രചോദമുൾക്കൊണ്ട് ഒരുക്കുന്ന ചിത്രത്തിൽ സ്പൈ ഏജന്‍റായാണ് അഖിൽ എത്തുന്നത്.
സുരേന്ദർ റെഡ്ഡിയാണ് ചിത്രത്തിന്‍റെ സംവിധാനം. വക്കാന്തം വംശി രചന നിർവഹിക്കുന്ന ചിത്രത്തിൽ ഹിപ്ഹോപ് തമിഴയാണ് സംഗീതമൊരുക്കുന്നത്.
Also Read: പ്രണയത്തിന് എന്ത് പ്രളയം, മുട്ടോളം വെള്ളത്തില്‍ പാചക ചെമ്പില്‍ തുഴഞ്ഞെത്തി കല്യാണം...
ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള സിനിമയുടെ ആദ്യഘട്ട ചിത്രീകരണം ഹൈദരാബാദിൽ ആരംഭിച്ചു. വിദേശ സീനുകൾ യൂറോപ്പിലാകും ചിത്രീകരിക്കുക. ഇതിനായി മറ്റന്നാൾ മമ്മൂട്ടിയും സംഘവും യൂറോപ്പിലേക്ക് പോകും. നവംബർ 2 വരെയാണ് അവിടെ ചിത്രീകരണം ഷെഡ്യൂൾ ചെയ്‌തിരിക്കുന്നത്. കശ്‌മീർ, ഡൽഹി എന്നിവിടങ്ങളിലും ചിത്രീകരണം ഉണ്ടാകും.
വൈഎസ്ആറിന്‍റെ ജീവിതകഥ പറഞ്ഞ 'യാത്ര'യാണ് മമ്മൂട്ടിയുടെ അവസാന തെലുങ്ക് ചിത്രം. ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടി വളരെയധികം നിരൂപക പ്രശംസ നേടിയിരുന്നു.