കണ്ണൂർ: പ്രേക്ഷകർ അക്ഷമയോടെ കാത്തിരുന്ന സൂപ്പർസ്റ്റാർ മമ്മൂട്ടി ചിത്രം മാമാങ്കം തിയേറ്ററുകളിലെത്തി. ഏറെ വിവാദങ്ങളിലും വാർത്തകളിലും നിറഞ്ഞുനിന്ന മാമാങ്കം നീണ്ട കാത്തിരിപ്പിനൊടുവിൽ റിലീസ് ചെയ്തതിന്റെ സന്തോഷത്തിലാണ് ആരാധകർ. ചെണ്ടമേളങ്ങളുടെയും ആർപ്പുവിളികളുടെ ആരവത്തോടെയുമാണ് തളിപ്പറമ്പിലെ ആലിങ്കീൽ തിയേറ്ററിൽ മമ്മൂട്ടി ആരാധകർ മാമാങ്കം സിനിമയുടെ ആദ്യ പ്രദർശനത്തെ വരവേറ്റത്. മലയാള സിനിമയുടെ ചരിത്രം തന്നെ തിരുത്തിക്കുറിക്കുന്ന ചിത്രമായി മാമാങ്കം സിനിമ മാറുമെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ.
ഒട്ടേറെ പ്രത്യേകതകളുള്ള ചിത്രവുമായാണ് ഇത്തവണ മമ്മൂട്ടിയും സംഘവും എത്തിയത്. ചരിത്ര കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ മമ്മൂട്ടി എന്ന നടൻ അതുല്യനാണെന്നും ചരിത്രത്തോട് നൂറുശതമാനം നീതിപുലർത്തുന്ന സിനിമയാണിതെന്നും സിനിമ പ്രേമിയായ റിയാസ് കെ.എം.ആർ. പറഞ്ഞു. അതേ സമയം, മാമാങ്കത്തിലെ ഒരു സീനിൽ അഭിനയിക്കാൻ പറ്റിയ സന്തോഷവും സെറ്റിലെ അനുഭവങ്ങളെപ്പറ്റിയും വിവരിക്കുകയാണ് തളിപ്പറമ്പ് സ്വദേശിയായ നിധിൻ ദേവ്. 2000ലധികം സ്‌ക്രീനുകളിലായി 50ഓളം രാജ്യങ്ങളിലാണ് സിനിമ റിലീസ് ചെയ്യുന്നത്. കേരളത്തില്‍ 400ലധികം തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. എം.പത്മകുമാര്‍ സംവിധാനം ചെയ്ത സിനിമ നിര്‍മ്മിച്ചത് വേണു കുന്നപ്പിള്ളിയാണ്.