വര്‍ഷങ്ങള്‍ മേലേക്ക് പോകുമ്പോള്‍ പ്രായം താഴേക്ക് പോകുന്ന മലയാള സിനിമയുടെ അത്ഭുത പ്രതിഭാസം മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഇന്ന് 68 വയസ്സ് തികയുകയാണ്. അര പതിറ്റാണ്ട് നീളുന്ന ആ അഭിനയജീവിതം മലയാള സിനിമയുടെ കൂടി ചരിത്രമാണ്.
1951 സെപ്തംബര്‍ ഏഴിന് കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്ത് ചെമ്പ് എന്ന സ്ഥലത്ത് ജനിച്ച പി ഐ മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടി പിന്നീട് മലയാളികളുടെ സ്വകാര്യ അഹങ്കാരമായി വളരുകയായിരുന്നു. രണ്ട് വര്‍ഷം മഞ്ചേരിയില്‍ അഭിഭാഷകനായി ജോലി ചെയ്ത ശേഷമാണ് മലയാള സിനിമയിലേക്ക് മമ്മൂട്ടി ചുവടുവെച്ചത്. 1971 ല്‍ പ്രദര്‍ശനത്തിനെത്തിയ 'അനുഭവങ്ങള്‍ പാളിച്ചകള്‍' ആണ് മമ്മൂട്ടി അഭിനയിച്ച ആദ്യചിത്രം. വെല്ലുവിളികള്‍ നിറഞ്ഞ ആദ്യ കാല അനുഭവങ്ങള്‍ മനക്കരുത്തും അഭിനയശേഷിയും കൊണ്ടാണ് അദ്ദേഹം മറികടന്നത്. കെ ജി ജോര്‍ജിന്‍റെ മേളയിലെ അഭിനയത്തിലൂടെയാണ് മമ്മൂട്ടി ശ്രദ്ധേയനാകുന്നത്. പൊലീസ് വേഷത്തിലെത്തിയ 'യവനിക' മലയാളക്കരയില്‍ ചരിത്രവജയം നേടിയതോടെ മമ്മൂട്ടിയെന്ന മെഗാസ്റ്റാര്‍ പിറവിയെടുത്തു. മൂന്ന് തവണ ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ അദ്ദേഹം അഞ്ച് തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും, 12 ഫിലിംഫെയര്‍ (ദക്ഷിണേന്ത്യന്‍) പുരസ്‌കാരവും നേടി. 1998ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.
ഉരകല്ലില്‍ മാറ്റുരച്ച് നോക്കേണ്ടതില്ല മലയാളികൾക്ക് മമ്മൂട്ടിയുടെ അഭിനയമികവ്. ആവര്‍ത്തിച്ച് ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട് പല നാള്‍, പല ചിത്രങ്ങളിലൂടെ. വിധേയനും പൊന്തന്‍മാടയും മതിലുകളും അംബേദ്കറും പാലേരിമാണിക്യവും അത്ര പരിചിതമല്ലാത്ത മമ്മൂട്ടിയെ മുന്നില്‍ നിര്‍ത്തി മലയാളത്തെ വിസ്മയിപ്പിച്ചു. മൃഗയയിലെ വാറുണ്ണിയേയും സൂര്യമാനസത്തിലെ പുട്ടുറുമീസിനേയും അന്തം വിട്ട് നോക്കി നിന്നു മലയാളം. തനിയാവര്‍ത്തനത്തിലെ ബാലന്‍മാഷ് തലമുറകള്‍ക്കതീതമായ നോവായി. സുകൃതവും വാല്‍സല്യവും അമരവും കാഴ്ചയും ഭൂതക്കണ്ണാടിയും കണ്ണീരണിയാതെ കാണാനായിട്ടില്ല കേരളത്തിന്. തകര്‍ത്താടി ജോണിവാക്കറും കിംഗും വല്ല്യേട്ടനും ബിഗ്ബിയും. മമ്മൂട്ടി ഒട്ടും ഫ്ലെക്‌സിബിള്‍ അല്ല എന്ന വിമര്‍ശനത്തിന് മറുപടിയായി പ്രാഞ്ചിയേട്ടനും പോത്ത് കച്ചവടക്കാരന്‍ രാജമാണിക്യവും. മമ്മൂട്ടിയിലെ അഭിനേതാവിനെ വെല്ലുവിളിക്കാന്‍ കെല്‍പ്പുള്ള സിനിമകളോ കഥാപാത്രങ്ങളോ 2000ത്തിന് ശേഷം ഉണ്ടായിട്ടില്ല. എന്നാല്‍ ഈ വർഷം പുറത്തിറങ്ങിയ പേരൻപും ഉണ്ടയും ആ നടനിലെ അഭിനയ മികവ് നാളുകൾക്ക് ശേഷം പ്രേക്ഷകർക്ക് കാട്ടി തന്നു.
തിരിച്ചുകിട്ടാത്ത ഒന്നേയുള്ളൂ പ്രായം എന്ന ഫിലോസഫി കേള്‍ക്കുമ്പോള്‍ മമ്മൂട്ടിയുടെ ആരാധകര്‍ ചിരിച്ചുകൊണ്ട് ചോദിക്കും - പ്രായമൊക്കെ ഒരു കോമഡിയല്ലേ ചേട്ടാ എന്ന്.... ശരിയാണ്, പ്രായം കൊണ്ടും സൗന്ദര്യം കൊണ്ടും മമ്മൂട്ടിയെ തോല്‍പ്പിക്കാനാവില്ല മക്കളേ....