കാസർകോട്: മലയാള സിനിമയുടെ എക്കാലത്തെയും മികച്ച പ്രണയ ചിത്രമായ അനിയത്തിപ്രാവിന്റെയും മലയാളികളുടെ പ്രിയതാരമായ കുഞ്ചാക്കോ ബോബന്റെ അഭിനയ ജീവിതത്തിന്റെയും ഇരുപത്തിയഞ്ചാം വാർഷികം ആഘോഷമാക്കി അണിയറപ്രവർത്തകരും ആരാധകരും. കാസർകോട് കയ്യൂരിൽ പുതിയ ചിത്രമായ "ന്നാ താൻ കേസ് കൊട്" എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചാണ് ആഘോഷം പൊടിപൊടിച്ചത്.
ചാക്കോച്ചൻ ഭാര്യ പ്രിയയുമൊത്താണ് ആഘോഷത്തിൽ പങ്കെടുത്തത്. മലയാളികളുടെ ചോക്ലേറ്റ് താരത്തിനു മൂന്നു കേക്കുകൾ അണിയറ പ്രവർത്തകർ സമ്മാനിച്ചെങ്കിലും ചാക്കോച്ചൻ ചോക്ലേറ്റ് കേക്ക് മുറിച്ചാണ് ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിച്ചത്.
സുധിയുടെ ചുവന്ന സ്പ്ലെണ്ടർ: ഇതിനിടയിൽ അനിയത്തിപ്രാവിലെ ചുവന്ന സ്പ്ലെണ്ടർ ബൈക്ക് സ്വന്തമാക്കിയ സന്തോഷവും കുഞ്ചാക്കോ ബോബൻ പങ്കുവച്ചു. സിനിമ തിരക്ക് കഴിഞ്ഞു നാട്ടിൽ എത്തിയാൽ അതിൽ കറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
മലയാള സിനിമാലോകവും പ്രേക്ഷകരും ഇരുകൈയും നീട്ടി സ്വീകരിച്ച സിനിമായാണ് അനിയത്തിപ്രാവ്. ഫാസിലായിരുന്നു പുതുമുഖങ്ങളായ കുഞ്ചാക്കോ ബോബനേയും ശാലിനിയേയും നായികാനായകന്മാരാക്കി ഈ സിനിമയൊരുക്കിയത്. മലയാളത്തിലെ മികച്ച പ്രണയചിത്രങ്ങളിലൊന്നായാണ് പലരും ഈ സിനിമയെ വിശേഷിപ്പിക്കാറുള്ളത്.
ചോക്ലേറ്റ് ഹീറോ: അനിയത്തിപ്രാവ് വൻ ഹിറ്റായത്തോടെ ചാക്കോച്ചൻ യുവതലമുറയുടെ ഹരമായി മാറുകയായിരുന്നു. മികച്ച പ്രണയ ജോഡികളായി കുഞ്ചാക്കോ ബോബനും ശാലിനിയും മാറി. കൂടതെ ചിത്രത്തിലെ പാട്ടുകളും വൻ ഹിറ്റായി മാറി. ആദ്യ സിനിമ തന്നെ ഇന്ഡസ്ട്രി ഹിറ്റാക്കി മാറ്റിയ താരമെന്നുള്ള റെക്കോഡ് ഇന്നും കുഞ്ചാക്കോ ബോബനിൽ ഭദ്രമാണ്.
ALSO READ: IFFK 2022: സുവര്ണചകോരം ക്ലാരാ സോളയ്ക്ക്; കൂഴങ്കലിന് പ്രേക്ഷക പ്രീതി ഉൾപ്പടെ മൂന്ന് പുരസ്കാരം
അനിയത്തിപ്രാവിന് പിന്നാലെ ചോക്ലേറ്റ് പരിവേഷത്തിലുള്ള കഥാപാത്രങ്ങളായിരുന്നു കുഞ്ചാക്കോ ബോബന് ലഭിച്ചത്. പിന്നീട് ഒരു ഘട്ടത്തിൽ സിനിമയിൽ നിന്ന് ദീർഘകാലം വിട്ടുനിന്ന ചാക്കോച്ചന് രണ്ടാം വരവിൽ ശക്തമായ കഥാപാത്രങ്ങളോടെ ഏവരേയും ഞെട്ടിച്ചു.
അഞ്ചാം പാതിരയും, നിഴലും, നായാട്ടും കുഞ്ചാക്കോ ബോബനിലെ മറ്റൊരു മുഖമാണ് പ്രേക്ഷകരിലേക്ക് എത്തിച്ചത്. ഇരുകൈയും നീട്ടി പ്രേക്ഷകർ അവയെ സ്വീകരിക്കുകയും ചെയ്തു. ഇനിയും നമ്മെ വിസ്മയിപ്പിക്കാൻ ഒരുപിടി നല്ല സിനിമകൾ ചാക്കോച്ചന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.