അവകാശവാദങ്ങളൊന്നുമില്ലാതെ തീർത്തും നിശബ്ദമായിവന്ന് ബോക്സ് ഓഫീസ് പിടിച്ചടക്കി മുന്നേറുകയാണ് ‘കുമ്പളങ്ങി നൈറ്റ്സ്’. ചിത്രം റിലീസ് ചെയ്ത് നാലാഴ്ച പിന്നിടുമ്പോൾ 28 കോടി രൂപയാണ് ചിത്രത്തിന്‍റെവേൾഡ് വൈഡ് ബോക്സ് ഓഫീസ് കളക്ഷൻ. കേരളത്തില്‍ നിന്ന് മാത്രമായി ഈ വര്‍ഷം ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രമെന്ന സവിശേഷതയും ‘കുമ്പളങ്ങി നൈറ്റ്‌സ്’ സ്വന്തമാക്കുകയാണ്.
ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്‌സ്, വർക്കിംഗ് ക്ലാസ് ഹീറോ എന്നിവയുടെ ബാനറിൽ നസ്രിയയും ഫഹദ് ഫാസിലും ദിലീഷ് പോത്തനും ശ്യാം പുഷ്കറും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ദിലീഷ് പോത്തന്റെയും ശ്യാം പുഷ്കറിന്റെയും സിനിമാ നിർമ്മാണകമ്പനിയായ ‘വർക്കിങ്ങ് ക്ലാസ് ഹീറോ’യുടെ ആദ്യ നിർമ്മാണസംരംഭം കൂടിയാണ് ‘കുമ്പളങ്ങി നൈറ്റ്സ്’.
മധു.സി നാരായണനാണ് ‘കുമ്പളങ്ങി നൈറ്റ്സ്’ സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന് തിരക്കഥയെഴുതിയത് ശ്യാം പുഷ്കരനാണ്. ഷൈജു ഖാലിദ് ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീതവും സൈജു ശ്രീധരൻ എഡിറ്റിംഗും നിർവ്വഹിച്ചു. ഫഹദ് ഫാസിൽ, ഷെയ്ൻ നിഗം, സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, അന്ന ബെൻ, മാത്യു തോമസ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വ്യത്യസ്തനായൊരു വില്ലൻ ടച്ചുള്ള കഥാപാത്രമായി എത്തി ചിത്രത്തിൽ ഫഹദ് വിസ്മയിപ്പിക്കുമ്പോൾ സൗബിൻ സാഹിർ, ഷെയ്ൻ നിഗം എന്നിവരുടെയെല്ലാംകരിയർ ബെസ്റ്റ് എന്ന്തന്നെ വിശേഷിപ്പിക്കാവുന്ന അഭിനയമാണ് ‘കുമ്പളങ്ങി നൈറ്റ്സി’ൽ കാഴ്ച വച്ചത്. പുതുമുഖമായെത്തിയ അന്ന ബെന്നും മാത്യു തോമസും തങ്ങളുടെ അരങ്ങേറ്റം ഹൃദ്യമാക്കി.
ഒരേ സമയം പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ നേടി മുന്നേറുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സിലും സിംഗിള്‍സിലുമെല്ലാം സിനിമ തുല്യ പ്രധാന്യത്തോടെ എത്തുകയും ഇപ്പോഴും വിജയകരമായി പ്രദര്‍ശനം തുടരുകയും ചെയ്യുകയാണ്. കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍ നിന്നും ഇപ്പോഴും 16 ഷോ ചിത്രത്തിന് ലഭിക്കുന്നുണ്ട്. പ്രതിദിനം നാല് ലക്ഷത്തിന് മുകളില്‍ ലഭിച്ച് കൊണ്ടിരിക്കുന്നതിനാല്‍ ഇവിടെ നിന്നും അതിവേഗം ഒരു കോടി എന്ന ലക്ഷ്യത്തിലേക്ക് സിനിമ എത്തുമെന്ന കാര്യത്തില്‍ സംശയമില്ല. നിലവില്‍ 94.66 ലക്ഷമാണ് സിനിമയുടെ കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സിലെ കളക്ഷന്‍. ഈ വര്‍ഷം ഇത്രയധികം കളക്ഷന്‍ നേടുന്ന മറ്റൊരു ചിത്രവും ഇതുവരെ ഉണ്ടായിട്ടില്ല.