നിരവധി ആരാധകരുള്ള സൂപ്പര്‍ഹിറ്റ് റിയാലിറ്റി ഷോ ബിഗ് ബോസ് കുടുംബത്തിന് കാണാന്‍ കൊള്ളാത്തതാണെന്ന ആരോപണവുമായി ബിജെപി എംഎല്‍എ. ഗാസിയാബാദ് എംഎല്‍എ നന്ദ് കിഷോര്‍ ഗുജ്ജറാണ് റിയാലിറ്റി ഷോ പ്രക്ഷേപണം ചെയ്യുന്നത് നിര്‍ത്തണം എന്ന ആവശ്യവുമായി കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കറിന് കത്തയച്ചത്.
മോശപ്പെട്ട കാര്യങ്ങളാണ് പരിപാടി പ്രോത്സാഹിപ്പിക്കുന്നതെന്നും കുടുംബ പ്രേക്ഷകര്‍ക്ക് ചേരുന്നതല്ല എന്നുമാണ് അദ്ദേഹം കത്തില്‍ പറയുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന്‍റെ നഷ്ടപ്പെട്ട യശസ്സ് വീണ്ടെടുക്കാന്‍ ശ്രമിക്കുമ്പോള്‍ ഇത്തരം പരിപാടികള്‍ രാജ്യത്തെ നാണംകെടുത്തുകയാണെന്നും എംഎല്‍എ ആരോപിച്ചു. 'രാജ്യത്തിന്‍റെ സംസ്‌കാരത്തിന് എതിരാണ് ഈ ഷോ. വളരെ മോശം രീതിയിലുള്ള ഇഴുകിച്ചേര്‍ന്നുള്ള രംഗങ്ങളും ഷോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ വിഭാഗങ്ങളില്‍പ്പെട്ടവര്‍ ഒരുമിച്ച് കിടക്ക പങ്കിടുന്നതാണ് ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്തത്. ഒരു ഭാഗത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയുടെ നഷ്ടപ്രതാപം തിരിച്ചെടുക്കാന്‍ ശ്രമിക്കുമ്പോള്‍ മറുവശത്ത് ഇത്തരം ഷോകള്‍ രാജ്യത്തെ നാണംകെടുത്തുകയാണ്', നന്ദ് കിഷോര്‍ പറഞ്ഞു.
ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ സംഭവിക്കാതെയിരിക്കാന്‍ ടെലിവിഷന്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടികള്‍ സെന്‍സര്‍ ചെയ്യണമെന്നും ബിജെപി എംഎല്‍എ ആവശ്യപ്പെട്ടു. സല്‍മാന്‍ ഖാന്‍ അവതാരകനായി എത്തുന്ന റിയാലിറ്റി ഷോയുടെ 13ാം സീസണ്‍ കഴിഞ്ഞ ആഴ്ചയാണ് ആരംഭിച്ചത്.