ജന്മദിന നിറവിൽ എൽസമ്മയായി മലയാളി മനസിൽ കയറിപ്പറ്റിയ ആൻ അഗസ്റ്റിൻ. മലയാളികൾക്ക് സുപരിചിതനായ നടൻ അഗസ്റ്റിന്‍റെ മകൾ ആൻ അഗസ്റ്റിന് ഇന്ന് മുപ്പത് വയസ്. എൽസമ്മയായി അഭിനയിച്ച ആദ്യ സിനിമയിലൂടെ തന്നെ മലയാളി മനസിലേക്ക് കയറിപ്പറ്റിയതാണ് ആൻ അഗസ്റ്റിൻ.
പിന്നീട് ശ്യാമപ്രസാദിന്‍റെ ചിത്രം ആർട്ടിസ്റ്റിലെ ഗായത്രിയായി വന്ന് പ്രേക്ഷകരെ ഞെട്ടിച്ചു. മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ഗായത്രി എന്ന കഥാപാത്രത്തിലൂടെ ആൻ അഗസ്റ്റിൻ സ്വന്തമാക്കി. 2010ൽ അഭിനയ ജീവിതം ആരംഭിച്ച ആൻ അഗസ്റ്റിൻ വളരെ കുറഞ്ഞ സമയം കൊണ്ടാണ് മികച്ച നടി പട്ടം സ്വന്തമാക്കിയത്. അച്ഛന്‍റെ ഐഡന്‍റിറ്റിയിൽ നിന്നല്ലാതെ സ്വന്തം കഴിവ് കൊണ്ട് അഭിനയ പടവുകൾ കയറിയ ആൻ 2013ലാണ് സംസ്ഥാന സർക്കാരിന്‍റെ മികച്ച നടിക്കുള്ള അവാർഡ് നേടിയെടുത്തത്. അതും ഫഹദ് ഫാസിലിനൊപ്പം നിൽക്കുന്ന പ്രകടനം കാഴ്ചവച്ചുകൊണ്ട്.
ഫ്രൈഡേ, അർജുനൻ സാക്ഷി, സോളോ, നീന തുടങ്ങി നിരവധി ചിത്രങ്ങളിൽ ആൻ നിർണായക വേഷം ചെയ്തു. 11 വർഷത്തെ അഭിനയ ജീവിതത്തിനിടയിൽ വളരെ കുറച്ച് ചിത്രങ്ങളിൽ മാത്രമേ ആൻ അഗസ്റ്റിൻ അഭിനയിച്ചിട്ടുള്ളൂവെങ്കിലും തന്‍റെ കഥാപാത്രങ്ങൾ മിക്കതും പ്രേക്ഷകരുടെ മനസിൽ തങ്ങി നിൽക്കുന്നതായിരുന്നു. ഓരോ കഥാപാത്രങ്ങൾക്കും ജീവൻ നൽകുന്നതിൽ ആൻ അഗസ്റ്റിന്‍റെ പങ്ക് തീരെ ചെറുതല്ല.
Also Read: ഇരുണ്ട കാലത്തെ വെളുത്ത മികവ്: ആൻ അഗസ്റ്റിന്‍റെ പുതിയ ചിത്രം ഏറ്റെടുത്ത് സമൂഹമാധ്യമങ്ങൾ
എൽസമ്മയായും ഗായത്രിയായും ഫ്രൈഡേയിലെ ജിൻസിയായും വന്ന് പ്രേക്ഷകരെ വിസ്മയിപ്പിച്ച ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ എന്നും പ്രേക്ഷകർ ഓർക്കുന്ന ആൻ അഗസ്റ്റിന് ജന്മദിനാശംസകൾ.