ഗംഭീര അഭിനയ മൂഹൂർത്തങ്ങളിലൂടെ എണ്ണമറ്റ കഥാപാത്രങ്ങളെ മലയാള സിനിമക്ക് സമ്മാനിച്ച കലാകാരനായിരുന്നു സത്യൻ. മലയാളത്തിലെ എക്കാലത്തെയും മികച്ച നടന്മാരില്‍ ഒരാളായ അദ്ദേഹം വിടവാങ്ങിയിട്ട് 48 വർഷം തികയുന്നു.
1912 നവംബർ 9ന് തിരുവനന്തപുരത്ത് ജനിച്ച സത്യനേശൻ നാടാർ എന്ന സത്യന്‍റെ ബാല്യകൗമാരങ്ങൾ കഷ്ടപ്പാടിന്‍റേതായിരുന്നു. പട്ടാള ജീവിത്തതില്‍ നിന്നും വിരമിച്ച ശേഷം തിരുവിതാംകൂർ പൊലീസില്‍ എസ് ഐ ആയിരിക്കെയാണ് 40ാം വയസില്‍ സത്യൻ സിനിമയിലെത്തുന്നത്. ഒരിക്കലും വെളിച്ചം കാണാതെ പോയ 'ത്യാഗസീമ' എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമാ അരങ്ങേറ്റം. എന്നാല്‍ ആദ്യ സിനിമയ്ക്കുണ്ടായ ദുരന്തത്തില്‍ പതറാതെ അദ്ദേഹം പിടിച്ച് നിന്നു. പിന്നീട് 1952ല്‍ പുറത്തിറങ്ങിയ 'ആത്മസഖി' എന്ന ചിത്രത്തിലൂടെയാണ് സത്യൻ സിനിമയില്‍ തന്‍റെ സ്ഥാനം ഉറപ്പിച്ചത്.
മലയാള സിനിമക്ക് ദേശീയ പുരസ്കാരം നേടി കൊടുത്ത 'നീലക്കുയില്‍' എന്ന ചിത്രത്തിലൂടെ സത്യൻ മലയാളത്തിലെ നായക സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതി. ആകാരത്തിലല്ല, അഭിനയത്തിലൂടെയാണ് ഒരു നടൻ വിലയിരുത്തപ്പെടേണ്ടതെന്ന് മലയാള സിനിമക്ക് ബോധ്യപ്പെടുത്തി കൊടുത്ത ആദ്യത്തെ നടൻ കൂടിയായിരുന്നു അദ്ദേഹം. ഓടയില്‍ നിന്ന് എന്ന ചിത്രത്തിലെ പപ്പു, അനുഭവങ്ങൾ പാളിച്ചകളിലെ ചെല്ലപ്പൻ, അങ്ങനെ നീളുന്നു സത്യൻ അനശ്വരമാക്കിയ കഥാപാത്രങ്ങൾ. പിന്നെ മലയാളിയുടെ മനസ്സില്‍ മായാത്ത ഓർമ്മയായി കാലം കരുതി വച്ച ചെമ്മീനിലെ പളനിയും.
സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് തുടക്കമിട്ട വർഷം തന്നെ (1969) മികച്ച നടനുള്ള പുരസ്കാരം സത്യൻ സ്വന്തമാക്കി. 1971ലും മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം മരണാനന്തര ബഹുമതിയായി അദ്ദേഹത്തിന് ലഭിച്ചു.1951 മുതല്‍ 71 വരെ നീണ്ട അഭിനയ ജീവിതത്തില്‍ നൂറ്റിയമ്പതിലധികം ചിത്രങ്ങളില്‍ സത്യൻ വേഷമിട്ടു. അർബുദത്തിന്‍റെ പിടിയിലായിട്ടും രോഗത്തെ അവഗണിച്ചായിരുന്നു അദ്ദേഹം അഭിനയം തുടർന്നത്.
ഒടുവില്‍ 1971 ജൂൺ 15ന് സത്യൻ വിട പറഞ്ഞു. തന്റെ പേരും കഥാപാത്രങ്ങളേയും ചേര്‍ക്കാതെ മലയാള സിനിമാ ചരിത്രം പൂര്‍ണമാകില്ല എന്നുറപ്പുവരുത്തിയതിന് ശേഷമാണ് അദ്ദേഹം ഓര്‍മ്മകളുടെ സ്ക്രീനിലേക്ക് മറഞ്ഞത്.