കൊല്‍ക്കത്ത: വിഖ്യാതനായ ബംഗാളി നടന്‍ സൗമിത്ര ചാറ്റര്‍ജി അന്തരിച്ചു. കൊല്‍ക്കത്തയിലെ ബെല്ലെ വു ക്ലിനിക്കലായിരുന്നു അന്ത്യം. ഒക്ടോബറില്‍ കൊവിഡ് സ്ഥിരീകരിച്ച അദ്ദേഹത്തെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ 48 മണിക്കൂറായി അദ്ദേഹത്തിന്‍റെ നില അതീവ ഗുരുതരമായിരുന്നു. വെന്‍റിലേറ്ററിന്‍റെ സഹായത്തിലാണ് എണ്‍പത്തഞ്ചുകാരനായ സൗമിത്ര ചാറ്റര്‍ജിയുടെ ജീവന് നിലനിര്‍ത്തിയിരുന്നത്.
ഒക്ടോബര്‍ അഞ്ചിനാണ് സൗമിത്ര ചാറ്റര്‍ജിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. പിന്നീട് ഒക്ടോബര്‍ 14ന് കൊവിഡ് നെഗറ്റീവായെങ്കിലും ആരോഗ്യനില മോശമാവുകയായിരുന്നു. പരംപ്രദ ചതോപാധ്യായ് സംവിധാനം ചെയ്യുന്ന ഡോക്യുമെന്‍ററിയുടെ ഷൂട്ടിങ് തിരക്കുകളിലായിരുന്നു സൗമിത്ര ചാറ്റര്‍ജി. വിഖ്യാത സംവിധായകന്‍ സത്യജിത് റേയുടെ ഇഷ്ട നടന്മാരിലൊരാളാണ് സൗമിത്ര ചാറ്റര്‍ജി.
സത്യജിത് റേയുടെ അപുര്‍സന്‍സാറിലൂടെയാണ് സൗമിത്ര ചലച്ചിത്ര രംഗത്തേക്ക് എത്തുന്നത്. റേയുടെ ഇരുപതോളം ചിത്രങ്ങളില്‍ സൗമിത്ര ചാറ്റര്‍ജി വേഷമിട്ടിട്ടുണ്ട്. കൂടാതെ സംവിധായകരായ മൃണാള്‍ സെന്‍, തപന്‍ സിന്‍ഹ എന്നിവരുടെ ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങള്‍ ചെയ്‍തിട്ടുണ്ട്. പത്മഭൂഷന്‍ പുരസ്‍കാരം നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്. മികച്ച നടനുള്ള ദേശീയ അവാര്‍ഡും ചലച്ചിത്രമേഖലയിലെ സമഗ്ര സംഭാവനയ്‍ക്ക് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‍കാരവും സൗമിത്ര ചാറ്റര്‍ജിക്ക് ലഭിച്ചിട്ടുണ്ട്.