മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണത്തിൽ താരത്തിന്‍റെ ഉറ്റസുഹൃത്തായ റിയ ചക്രബർത്തിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഇന്ന് രാവിലെ 11.30ന് റിയ ബാന്ദ്ര പൊലീസ് സ്റ്റേഷനിൽ ഹാജരായി. റിയ ചക്രബർത്തിക്ക് പുറമെ, ഇരുവരുടെയും സുഹൃത്തായ മഹേഷ് ഷെട്ടിയെയും ചോദ്യം ചെയ്യും. ഇതുവരെ പത്തിലധികം പേരുടെ മൊഴി മുംബൈ പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ബോളിവുഡിലെ പ്രശസ്തരായ അഞ്ച് സംവിധായകരുടെയും നിർമാതാക്കളുടെയും മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
സുശാന്ത് മരിച്ചതിന് പിറ്റേ ദിവസം മുതൽ വിവിധ തലത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സുശാന്തിന്‍റെ മൊബൈലും ലാപ്‌ടോപ്പും പരിശോധിക്കാനുള്ള നീക്കങ്ങളും മുംബൈ പൊലീസ് സ്വീകരിച്ചു. താരത്തിന്‍റെ ആത്മസുഹൃത്തായ മുകേഷ് ചബ്ര (കാസ്റ്റിങ് ഡയറക്ടർ)യുടെ മൊഴി കഴിഞ്ഞ ദിവസം പൊലീസ് രേഖപ്പെടുത്തിയിരുന്നു. സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും മൊഴി രേഖപ്പെടുത്തി അദ്ദേഹത്തിന്‍റെ വിഷാദരോഗത്തിനെ കുറിച്ച് വിശദമായി അറിയാനാണ് പൊലീസ് ശ്രമിക്കുന്നത്. സംഭവത്തിൽ സിനിമാ രംഗത്തുള്ളവരുടെ വിദ്വേഷങ്ങളും അന്വേഷണ സംഘം പരിശോധിക്കും.
ഈ മാസം 14നാണ് മുംബൈയിലെ ബാന്ദ്രയിൽ സുശാന്ത് സിംഗ് രജ്‌പുത്തിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. താരത്തിന്‍റെ മരണം കൊലപാതകമാണെന്നും സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും സുശാന്തിന്‍റെ കുടുംബം ആവശ്യപ്പെട്ടിരുന്നു.